From the print
ഇരട്ടക്കൊലപാതകത്തിന് മൂന്നാണ്ട്; ഷാന്‍ വധക്കേസ് വിചാരണ നീളുന്നു
വിഷമം കടിച്ചമര്‍ത്തി കുടുംബം.
ആലപ്പുഴ | നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിന് മൂന്നാണ്ട് തികയുമ്പോഴും ഷാന്‍ വധക്കേസില്‍ വിചാരണ നീളുന്നതിലുള്ള വിഷമം കടിച്ചമര്‍ത്തി കുടുംബം. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ വൈകാതെ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ഇവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത് മാത്രമാണ് ആശ്വാസം.
2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ് ഡി പി ഐ നേതാവ് മണ്ണഞ്ചേരി സ്വദേശി അഡ്വ. ഷാനിനെ ഒരു സംഘം ആര്‍ എസ് എസ് -ബി ജെ പി പ്രവര്‍ത്തകര്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതിന് പ്രതികാരമായി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബി ജെ പി. ഒ ബി സി മോര്‍ച്ച നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
ഷാന്‍ വധത്തിനെതിരെയുള്ള പ്രതികാര കൊലപാതക കേസിലെ പ്രതികളെല്ലാം വൈകാതെ അഴിക്കുള്ളിലാകുകയും കുറ്റപത്ര സമര്‍പ്പണവും വിചാരണയും വേഗത്തില്‍ പൂര്‍ത്തിയാക്കി 15 പ്രതികളെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷം പിന്നിടുന്നു.
പ്രതികാര കൊലയുടെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോഴും ഷാന്‍ വധക്കേസില്‍ ഇനിയും വിചാരണ പോലും ആരംഭിച്ചിട്ടില്ലെന്നതാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തുന്നത്.
കേസിലെ പ്രതികളെല്ലാം അറസ്റ്റിലായ ഉടന്‍ തന്നെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികളില്‍ കാലതാമസം വന്നു.ഇതിനെ തുടര്‍ന്നാണ് ഷാന്‍ വധക്കേസിലെ വിചാരണ വൈകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
11 ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള സംഭവത്തില്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി. കെ വി ബെന്നിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാന്‍ വധക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകര്‍ തയ്യാറാകാതിരുന്നത് ഏറെനാള്‍ നടപടികള്‍ വൈകിപ്പിച്ചു.
പിന്നീട് ഷാനിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം അഡ്വ. പി പി ഹാരിസിനെ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണ് കേസ് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പരിഗണനക്ക് വന്നത്.
എന്നാല്‍ കുറ്റപത്ര സമര്‍പ്പണത്തെ ചൊല്ലി പ്രതിഭാഗം കോടതിയില്‍ ആക്ഷേപം ഉന്നയിച്ചു. കുറ്റപത്രം മടക്കി നല്‍കണമെന്നും അന്വേഷണ സംഘത്തലവനായ ഡിവൈ എസ് പിക്ക് പകരം സംഭവം നടന്ന പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്നും പ്രതിഭാഗം വാദമുന്നയിച്ചു.
എന്നാല്‍ നടപടിക്രമത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഡിവൈ എസ് പിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ അധികാരമുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പി ഹാരിസ് വാദിക്കുകയും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കുകയും ചെയ്തു.
അതിനിടെ, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നെങ്കിലും ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റോയി വര്‍ഗീസ് ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു.
ജാമ്യം റദ്ദാക്കല്‍ അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അല്ല, ഹൈക്കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. ഇതോടെയാണ് കേസ് ഹൈക്കോടതിയില്‍ എത്തിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി വിധിയുണ്ടാകുകയും പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തത്.
2021 ഡിസംബര്‍ 18ന് രാത്രി പൊന്നാട്ടെ വീട്ടിലേക്ക് പോകുമ്പോഴാണ് ഷാന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 143 സാക്ഷികളുണ്ട്. 483 പേജുകളുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുളളത്.
മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍ സ്വദേശി അഭിമന്യൂ, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരം സ്വദേശി ധനീഷ്, മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്‍, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍.