Ongoing News
തിരുവല്ലയില്‍ 5.5 കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ്.
തിരുവല്ല | തിരുവല്ലയില്‍ 5.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. തിരുമൂലപുരം ആടുംമ്പടം കോളനിയില്‍ കൊങ്ങാപ്പള്ളിയില്‍ വീട്ടില്‍ ദീപു (26), മഞ്ഞാടി ഉര്യാത്ര വീട്ടില്‍ കിരണ്‍ വില്യം തോമസ് (21), തിരുമൂലപുരം അടുംമ്പടം മറ്റക്കാട്ട് പറമ്പില്‍ സെബിന്‍ സജി (23) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തിരുമൂലപുരം ആടുമ്പടം കോളനിക്ക് സമീപം വെച്ചാണ് ദീപുവും കിരണും പിടിയിലായത്. ദീപുവിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും മൂന്ന് കിലോഗ്രാമും കിരണിന്റെ ബാഗില്‍ നിന്നും 2.5 കിലോഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാറില്‍ കഞ്ചാവ് തിരുമൂലപുരത്ത് എത്തിക്കുവാന്‍ സഹായിച്ച സെബിന്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്ന് എസ് എച്ച് ഒ. ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല ഡി വൈ എസ് പി. എസ് ആഷാദിന്റെ നിര്‍ദേശപ്രകാരം എസ് എച്ച് ഒ. ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഇവരെയും താമസിയാതെ വലയിലാക്കുമെന്നും ഡി വൈ എസ് പി പറഞ്ഞു.