Connect with us

Thrikkakara by-election

തൃക്കാക്കര: ഇരു മുന്നണികള്‍ക്കും നിര്‍ണായകം

രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ സുപ്രധാന ചലനങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇരു മുന്നണികള്‍ക്കും ഇതു ജീവന്‍ മരണ പോരാട്ടമാണ്.

Published

|

Last Updated

കോഴിക്കോട് | രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തീകരിക്കുമ്പോള്‍ വിധിയെഴുത്തിന് ഒരുങ്ങുന്ന തൃക്കാക്കര ഇരു മുന്നണികള്‍ക്കും നിര്‍ണായകം. കെ റെയില്‍ അടക്കം ഇടതു സര്‍ക്കാറിന്റെ വികസന മുദ്രാവാക്യങ്ങളുടെ വിലയിരുത്തലായിരിക്കും ജനവിധിയെന്നാണ് ഇരു മുന്നണിയും അവകാശപ്പെടുന്നത്. യു ഡി എഫിന്റെ കുത്തക മണ്ഡലമായ തൃക്കാക്കരയില്‍  അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ യു ഡി എഫ് പടക്കിറക്കിയിരിക്കുന്നത് സഹതാപ തരംഗം കൂടി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, കടുത്ത രാഷ്ട്രീയ പോരിലൂടെ 100 സീറ്റ് തികക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് സി പി എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍ കുമാറിനെ എല്‍ ഡി എഫ് രംഗത്തിറക്കുന്നത്.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,897 വോട്ടു നേടിയ ട്വന്റി-20 ഇത്തവണ ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി വഴിമാറുകയാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അരാഷ്ട്രീയ മധ്യവര്‍ഗത്തിന്റെ വോട്ടില്‍ കണ്ണുവച്ചുള്ള ഈ നീക്കം ആരെയാണ് ബാധിക്കുക എന്നതും നിര്‍ണായകമായിരിക്കും.

ഉമാ തോമസിനും അരുണ്‍ കുമാറിനും ഇതു നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കമാണ്.  വിദ്യാര്‍ഥി കാലത്ത് കെ എസ് യു നേതൃത്വത്തിലൂണ്ടായിരുന്ന ഉമയുടെ രാഷ്ട്രീയമായ തിരിച്ചുവരവാണ് സ്ഥാനാര്‍ഥിത്വം എന്നാണു യു ഡി എഫ് പറയുന്നത്. ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അരുണ്‍ കുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ സി പി എം പ്രതിരോധത്തിന്റെ മുഖമെന്ന നിലയില്‍ സുപരിചിതനാണ്. ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനിലാണ് ഇടതു പ്രചാരണം തുടക്കമിട്ടിരിക്കുന്നത്.  സഹതാപമല്ല, സംവാദമാണ് എന്നും അവര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.  രണ്ടാഴ്ച മുമ്പ്  മുന്നണി കണ്‍വീനറായി ചുമതലയേറ്റ ഇ പി ജയരാജന്‍ നേരിട്ട് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കും. മന്ത്രി പി രാജീവും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

കെ റെയില്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ വികസന വിരുദ്ധമായ ഒരു മുഖം തങ്ങള്‍ക്കു വന്നുചേര്‍ന്നിട്ടുണ്ടെന്നു യു ഡി എഫ് ആശങ്കപ്പെടുന്നുണ്ട്.  കോണ്‍ഗ്രസിന്റെ ഈ വികസന വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്തു മുതിര്‍ന്ന നേതാവ് കെ വി തോമസ് രംഗത്തു വന്നതും യു ഡി എഫിനു തലവേദനയാണ്. മണ്ഡലത്തില്‍ വികസനത്തിനൊപ്പം നില്‍ക്കുമെന്നും ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതു മുതിര്‍ന്ന നേതാക്കളോട് ആലോചിക്കാതെയാണെന്നുമുള്ള കെ വി തോമസിന്റെ പ്രതികരണങ്ങള്‍ യു ഡി എഫിനു തുടക്കത്തില്‍ തന്നെ കല്ലുകടിയായിട്ടുണ്ട്.  തൃക്കാക്കര യു ഡി എഫ് കോട്ടയാണെന്ന ധാരണ തെറ്റാണെന്നും വികസനത്തിലൂന്നിയുള്ള പ്രചാരണമാകും മണ്ഡലത്തിലുടനീളം ഇടത് മുന്നണി നടത്തുകയെന്നും  ഇ പി ജയരാജന്‍ പറയുന്നു. കെ വി തോമസിനെ എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. വികസന നിലപാടുള്ള ആര്‍ക്കും ഇടത് മുന്നണിയുടെ പ്രചാരണത്തില്‍ സഹകരിക്കാമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

പി ടിയേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമ ജയിക്കുമെന്നാണു പതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനം എല്ലാ മുതിര്‍ന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു. മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയവരുമായി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ വി തോമസ്  ഒരിക്കലും തനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പി ടി തോമസിനെ എന്നും ചേര്‍ത്ത് പിടിച്ച ആളാണ് കെ വി തോമസെന്നും അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞിട്ടുണ്ട്. എന്നും കൂടെ നിന്ന തൃക്കാക്കര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.

രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ സുപ്രധാന ചലനങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇരു മുന്നണികള്‍ക്കും ഇതു ജീവന്‍ മരണ പോരാട്ടമാണ്. മണ്ഡല രൂപവത്കരണത്തിന് ശേഷം ഇക്കാലം വരെ യുഡിഎഫിനൊപ്പം നിന്ന തൃക്കാക്കരയെ എങ്ങിനെ കൂടെ നിര്‍ത്താമെന്ന തന്ത്രം ഇരുപക്ഷത്തും മുറുകുകയാണ്.

2008 ലെ മണ്ഡല പുനര്‍ നിര്‍ണായത്തോടെയാണ് തൃക്കാക്കര നിലവില്‍ വന്നത്. കൊച്ചി കോര്‍പറേഷന്റെ 23 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്നതാണ് മണ്ഡലം. 2008ല്‍ മണ്ഡലം രൂപീകൃതമായെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. യുഡിഎഫിലെ ബെന്നി ബെഹന്നാനെ നേരിടാന്‍ എല്‍ ഡി എഫ് തൃക്കാക്കരക്കാരന്‍  ഇ എം ഹസൈനാരെ ഇറക്കി. 22,406 വോട്ടിന്റെ ഭൂരിപക്ഷതോടെ ബെന്നി ബെഹന്നാന്‍ വിജയിച്ചു. 55.88 ശതമാനം വോട്ടുകള്‍ യു ഡി എഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ ഡി എഫിന് 36.87 ശതമാനം വോട്ടാണു കിട്ടിയത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യു ഡി എഫിനൊപ്പമായിരുന്നു.  17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ വി തോമസിന് മണ്ഡലത്തില്‍ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസാണു രംഗത്തിറങ്ങിയത്. അദ്ദേഹം വിജയിച്ചെങ്കിലും ഭൂരിപക്ഷം 11,996 ആയി കുറഞ്ഞു. 45.42 ശതമാനം വോട്ടുകള്‍ പി ടിയും 36 ശതമാനം വോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളും സ്വന്തമാക്കി.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനും തൃക്കാക്കര  നല്ല ഭൂരിപക്ഷം നല്‍കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം ഉണ്ടായെങ്കിലും തൃക്കാക്കര യു ഡി എഫിന് ഒപ്പം നിന്നു. പി ടി തോമസിനെ നേരിടാന്‍ സ്വതന്ത്രനായി ഡോ.ജെ ജേക്കബാണ് ഇറങ്ങിയത്. ആ പരീക്ഷണത്തില്‍  14,329ലേക്ക് പി ടി യുടെ ഭൂരിപക്ഷം ഉയരുകയാണു ചെയ്തത്. മണ്ഡലത്തില്‍ ബി ജെ പി ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം ഉയര്‍ത്തുകയാണ്. എന്‍ ഡി എ പുതിയ സമവാക്യങ്ങളുമായാണ് ഇത്തവണ പോരിനിറങ്ങുന്നതെന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സൂചന നല്‍കിക്കഴിഞ്ഞു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കിയുള്ള നീക്കമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. പി സി ജോർജിൻ്റെ പ്രസ്താവന അടക്കമുള്ള സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest