Connect with us

Thrikkakara by-election

തൃക്കാക്കര: ജയപരാജയങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കും

ഒന്നാം വര്‍ഷത്തില്‍ സെഞ്ച്വറി നേടിയെന്ന അഭിമാനത്തോടെ രാഷ്ട്രീയമായി വിജയത്തെ സി പി എം ഉപയോഗിക്കുകയും ചെയ്യും. യു ഡി എഫിനു സ്വന്തം കോട്ട നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് അത് ഊര്‍ജ്ജം പകരും.

Published

|

Last Updated

കോഴിക്കോട് | രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭരണകാലത്തെ ആദ്യ ഉപതിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ജയപരാജയങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുമെന്നാണു വിലയിരുത്തൽ. ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ഇരു മുന്നണികളും. വികസനത്തില്‍ ഊന്നിയ രാഷ്ട്രീയ പ്രചാരണങ്ങള്‍ അതിവേഗം വ്യക്തിപരമായ അധിക്ഷേപത്തിലേക്കും മറ്റും വഴിമാറിയതാണ് തൃക്കാക്കരയില്‍ ദൃശ്യമായത്. തൃക്കാക്കര എം എൽ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസിന്റെ പത്‌നി ഉമ തോമസിന്റെ സ്ഥാനാര്‍ഥിത്വം തന്നെ വിജയത്തിന് മതിയായ കാരണമാണെന്നാണ് യു ഡി എഫ് ക്യാംപിന്റെ വിശ്വാസം. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനും ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനുമായ ഡോ. ജോ ജോസഫിനെ അപ്രതീക്ഷിതമായാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യു ഡി എഫിന്റെ ഉറച്ച കോട്ടയെന്നഭിമാനിക്കുന്ന മണ്ഡലം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിന്റെ ജീവന്‍മരണ പോരാട്ടമാണ്. ഈ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയമായി എല്‍ ഡി എഫിന് വലിയ നേട്ടമാവുകയും ചെയ്യും. അതിനാല്‍ ഇരുപക്ഷവും സര്‍വ സന്നാഹങ്ങളോടെയുമാണ് മത്സര രംഗത്തു നിലയുറപ്പിച്ചത്.

മണ്ഡലം കൈവിടേണ്ട അവസ്ഥ വന്നാല്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കനത്ത പരാജയമായി വിലയിരത്തപ്പെടുകയും കോണ്‍ഗ്രസ്സിനെ കടുത്ത ആഭ്യന്തര സംഘര്‍ഷത്തിലേക്കു നയിക്കുകയും ചെയ്യും. അതിനാലാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കെ സുധാകരനും രണ്ടാം ഘട്ടത്തില്‍ എ കെ ആന്റണിയും 99 സീറ്റുള്ള ഇടതുപക്ഷം എന്തിനാണ് നൂറു തികക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചത്. സര്‍ക്കാറിന്റെ വിലയിരുത്തലാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വ്യക്തമാക്കിക്കഴിഞ്ഞു. തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ കോട്ട തകരുകയാണെന്നും യു ഡി എഫ് പരാജയത്തെ തുടര്‍ന്നുള്ള ഉരുള്‍പൊട്ടലിന്റെ ആഴം ഫലം വരുമ്പോള്‍ അറിയാമെന്നും കോടിയേരി വ്യക്തമാക്കി. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചത്. മുന്‍ കാലങ്ങളിലെ പോലെ തന്നെ കമ്യൂണിസ്റ്റ് ഭീതി പരത്താന്‍ തന്നെയായിരുന്നു ആന്റണിയുടെ ശ്രമം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പത്തുവോട്ട് സി പി എമ്മിന് കൂടിയാല്‍ വരാനിരിക്കുന്നത് ഭയാനകമായ രാജ ഭരണമായിരിക്കുമെന്നും ഒരു വര്‍ഷം ആഘോഷിക്കുന്ന പിണറായി സര്‍ക്കാറിന് ലഭിക്കുന്ന താക്കീതും ഷോക്ക് ട്രീറ്റുമെൻ്റുമാകണം തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. തൃക്കാക്കര ജയിച്ചാല്‍ വരാനിരിക്കുന്നത് ഏകാധിപത്യത്തിന്റെയും ധിക്കാരത്തിന്റെയും ആര്‍ഭാടത്തിന്റെയും കാലമായിരിക്കുമെന്നാണ് എ കെ ആന്റണി പറഞ്ഞത്. ഒരു നല്ല തോല്‍വി കിട്ടിയാലെ പിണറായി പാഠം പഠിക്കൂ. സി പി എമ്മിന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കേണ്ടത് അത്യാവശ്യമാണെന്നും സി പി എമ്മിന്റെ ഏകാധിപത്യ ശൈലിക്കും അക്രമത്തിനും ധാര്‍ഷ്ട്യത്തിനും മാറ്റമുണ്ടാക്കാന്‍ അവരെ ചെണ്ടകൊട്ടി തോല്‍പ്പിക്കണമെന്നുമാണ് ആന്റണി പറഞ്ഞത്. ഇതിനു മറുപടിയായി യു ഡി എഫിനെ ബാൻഡ് കൊട്ടി തോല്‍പ്പിക്കുമെന്നാണ് കോടിയേരി പ്രതികരിച്ചത്. പരമ്പരാഗതമായി യു ഡി എഫിന് പിന്തുണ നല്‍കിയിരുന്ന വലിയൊരു ജനവിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്തോട് അടുത്ത് വരികയാണെന്നായിരുന്നു  സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞത്.  കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതകാലം മുഴുവന്‍ ശ്രമിച്ചിട്ടും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയാത്ത് നേതാവാണ്  എ കെ ആന്റണി. അദ്ദേഹം ഡല്‍ഹിയില്‍ പോയതിന് ശേഷം കോണ്‍ഗ്രസ് തകര്‍ന്നു. കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് സാക്ഷിയാകേണ്ടി വന്ന ജീവിതാനുഭവങ്ങളില്‍ നിന്നാണ് എ കെ ആന്റണി സംസാരിക്കുന്നതെന്നായിരുന്നു വിജയരാഘവന്‍ പ്രതികരിച്ചത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നു പറഞ്ഞത് ട്വന്റി20 ആം ആദ്മി പാര്‍ട്ടി സഖ്യമാണ്. അവരുടെ മനസ്സാക്ഷി വോട്ട് ജനവിധിയെ സ്വാധീനിക്കും എന്നുറപ്പാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി കെ സുധാകരന്‍ വെട്ടിലായിരുന്നു.  ഇടതുമുന്നണിക്ക് ലഭിക്കുന്ന പിന്തുണയില്‍ പകച്ച് സമനില നഷ്ടപ്പെട്ട കെ പി സി സി പ്രസിഡന്റിന്റെ യഥാര്‍ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു സി പി എം കുറ്റപ്പെടുത്തി. കെ പി സി സി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരള രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണെന്നും പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണിതെന്നും സി പി എം പരമാവധി പ്രചരിപ്പിച്ചു.

പ്രചാരണ രംഗത്ത് മുന്‍ നേതാക്കള്‍ തന്നെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. മുതിര്‍ന്ന നേതാവ് കെ വി തോമസ് എല്‍ ഡി എഫ് പ്രചാരണ യോഗത്തില്‍ എത്തിയത് വലിയ തിരിച്ചടിയായിരുന്നു. കെ വി തോമസ് വിഷയം ചര്‍ച്ചയാകുന്നതിനിടെയാണ് സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട പ്രധാന നേതാക്കളെല്ലാം എല്‍ ഡി എഫ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് എത്തിയത്. കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാര്‍, ജി രതികുമാര്‍, ഐ എന്‍ ടി യു സി മുന്‍ സംസ്ഥാന സെക്രട്ടറി ഷെരീഫ് മരയ്ക്കാര്‍, മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എ ബി സാബു, എം ബി മുരളീധരന്‍ എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി പ്രചാരണ രംഗത്തു നിലയുറപ്പിച്ചു. വികസനവിരുദ്ധ മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസിന് എന്നാണ് ഈ നേതാക്കള്‍ ആരോപിക്കുന്നത്. ദേശീയതലത്തില്‍ പ്രസക്തി നഷ്ടപ്പെട്ട കോണ്‍ഗ്രസ്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേരളത്തിലും ഇല്ലാതാകുമെന്നാണ് കെ പി സി സി സംഘടനാ ചുമതല വഹിച്ചിരുന്ന മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ പറഞ്ഞത്. തൃക്കാക്കരയില്‍ സഹതാപം മാത്രമാണ് യു ഡി എഫ് പരീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു ഫലം ഇടതിന് അനുകൂലമായാല്‍ അതു ഭരണത്തിനുള്ള അംഗീകരമായി വിലയിരുത്തപ്പെടും. കെ റെയില്‍ അടക്കം സി പി എം സംസ്ഥാന സമ്മേളനം അംഗീകരിച്ച കേരള വികസന രേഖ മുന്‍നിര്‍ത്തിയുള്ള നപടികള്‍ക്ക് ആക്കം കൂടും. ഒന്നാം വര്‍ഷത്തില്‍ സെഞ്ച്വറി നേടിയെന്ന അഭിമാനത്തോടെ രാഷ്ട്രീയമായി വിജയത്തെ സി പി എം ഉപയോഗിക്കുകയും ചെയ്യും. യു ഡി എഫിനു സ്വന്തം കോട്ട നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് അത് ഊര്‍ജ്ജം പകരും. നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാക്കിയ ക്ഷീണവും സംഘടനാപരമായ ദൗര്‍ബല്യവും പരിഹരിച്ചു മുന്നോട്ടുപോകാനുള്ള കരുത്തായി വിജയം മാറും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest