From the print
ത്രില്ലർ ബാഴ്സ
28ാം മിനുട്ടിൽ ലോംഗ് റേഞ്ച് ഗോളിലൂടെ പെദ്രിയാണ് ബാഴ്‌സക്ക് ലീഡ് നൽകിയത്

മാഡ്രിഡ് | അടിയും തിരിച്ചടിയും കണ്ട ത്രില്ലർ എൽ ക്ലാസ്സികോ ഫൈനലിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടത്തിൽ മുത്തമിട്ടു. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കാറ്റലൻ ടീമിന്റെ ജയം. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ യൂൾസ് കൗണ്ടെയാണ് വിജയഗോൾ നേടിയത്. ബാഴ്‌സയുടെ 32ാം കിരീടമാണിത്.
28ാം മിനുട്ടിൽ ലോംഗ് റേഞ്ച് ഗോളിലൂടെ പെദ്രിയാണ് ബാഴ്‌സക്ക് ലീഡ് നൽകിയത്. ലമിൻ യമാലായിരുന്നു അസ്സിസ്റ്റ്. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന റയൽ 70ാം മിനുട്ടിൽ കിലിയൻ എംബാപ്പെ നേടിയ ഫ്രീകിക്ക് ഗോളിൽ സമനില പിടിച്ചു. മൂന്ന് മിനുട്ടിൽ ഔറേലിയൻ ചൗമേനി ഹെഡ്ഡർ ഗോളിലൂടെ റയലിന് ലീഡ് സമ്മാനിച്ചു. 84ാം മിനുട്ടിൽ കൗണ്ടർ അറ്റാക്കിലൂടെ ഫെറാൻ ടോറസ് നേടിയ ഗോളിൽ ബാഴ്‌സ സ്‌കോർ തുല്യമാക്കി (2-2). ലമിൻ യമാലാണ് ഇത്തവണയും ഗോളടിക്കാൻ പന്ത് നൽകിയത്. മത്സരത്തിന്റെ ഇൻജുറി ടൈമിൽ റാഫീഞ്ഞയെ റൗൾ അസ്സെൻസിയോ ഫൗൾ ചെയ്തതിന് ബാഴ്‌സക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും, വീഡിയോ അസ്സിസ്റ്റന്റ് റഫറി പരിശോധനക്ക് ശേഷം തീരുമാനം പിൻവലിച്ചു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. അധിക സമയത്തെ 116ാം മിനുട്ടിൽ യൂൾസ് കൗണ്ടെയുടെ വിജയഗോളെത്തി. റയൽ താരത്തിൽ നിന്ന് പിടിച്ചെടുത്ത പന്ത് 22 വാര അകലെ നിന്നാണ് താരം വലയിലെത്തിച്ചത്. കൗണ്ടെയുടെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. തുടർച്ചയായ മൂന്നാം തവണയാണ് ബാഴ്‌സ റയലിനെ തോൽപ്പിക്കുന്നത്.
ചുവപ്പിൽ മുങ്ങി റയൽ
അവസാന നിമിഷം റഫറി റിക്കാർഡോ ഡി ബർഗോസിന് നേരെ പ്രതിഷേധമുയർത്തിയതിന് റയൽ താരങ്ങളായ അന്റോണിയോ റൂഡ്രിഗർ, ലൂക്കാസ് വാസ്‌ക്വസ്, ജൂഡ് ബെല്ലിംഗ്ഹാം എന്നിവർക്ക് ചുവപ്പ് കാർഡ് ലഭിച്ചു. മൈതാനത്തുള്ള റഫറിക്ക് നേരെ എന്തോ വസ്തു എറിയുകയും റഫറിക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്ത റൂഡ്രിഗറെ സഹതാരങ്ങൾ പിന്തിരിപ്പിക്കുകയായിരുന്നു. എംബാപ്പെക്കെതിരെ റഫറി ഫൗൾ വിളിച്ചതിനു പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. താരത്തിന് നാല് മുതൽ 12 മത്സരങ്ങളിൽ വരെ വിലക്ക് ലഭിച്ചേക്കാം.