മണ്ഡല പര്യടനം
ത്രില്ലര്‍ ത്രികോണം
രാഷ്ട്രീയത്തിനൊപ്പം വ്യക്തിപ്രഭാവവും സ്വാധീനിക്കുന്ന മണ്ഡലത്തിൽ താരപ്രചാരകരെ എത്തിക്കുന്നത് പ്രധാനമെന്നാണ് മുന്നണികളുടെ വിശ്വാസം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിൽ കഴിയുന്നത്ര വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി സ്ഥാനാർഥികൾ. മൂന്ന് മുന്നണികൾക്കും സാധ്യതയുള്ള മണ്ഡലത്തിൽ സ്ഥാനാർഥികൾ മൂന്ന് തവണ പര്യടനം പൂർത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെ താരപ്രചാരകർ മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണങ്ങളിൽ പങ്കെടുത്തത് എൽ ഡി എഫ് ക്യാമ്പുകളിൽ ഇതിനകം ഊർജം പകർന്നിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം വ്യക്തിപ്രഭാവവും സ്വാധീനിക്കുന്ന മണ്ഡലത്തിൽ താരപ്രചാരകരെ എത്തിക്കുന്നത് പ്രധാനമെന്നാണ് മുന്നണികളുടെ വിശ്വാസം.
ആരും അന്യരല്ല
യു ഡി എഫിന്റെ ശശി തരൂരും ഇടതു മുന്നണിയുടെ പന്ന്യൻ രവീന്ദ്രനും മണ്ഡലത്തിന് സുപരിചിതരാണ്. 2005ൽ പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പതിനാലാം ലോക്‌സഭയിൽ തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട് പന്ന്യൻ. എൻ ഡി എയുടെ രാജീവ് ചന്ദ്രശേഖർ മാത്രമാണ് പുതുമുഖം. നാലാം വിജയത്തിലൂടെ കോൺഗ്രസ്സിലെ എ ചാൾസിന്റെ റെക്കോർഡ് പഴങ്കഥയാക്കുകയാണ് തരൂരിന്റെ ലക്ഷ്യം. പഴയ തട്ടകം തിരിച്ചുപിടിക്കുകയാണ് പന്ന്യന്റെ ഉദ്യമം. വിശ്വപൗരനനെന്ന ഇമേജിലൂടെ നഗര- യുവ വോട്ടുകൾ സ്വീധീനിക്കുന്നതാണ് തരൂരിന്റെ ശക്തി. ഇത്തവണ മത്സരം ശക്തമാണെന്ന് സമ്മതിക്കുന്ന അദ്ദേഹം, വികസന പ്രവർത്തനങ്ങളും നിലപാടുകളും പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്.
ലോക്‌സഭാ മണ്ഡലത്തിലെ ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി എഫാണ്. ഇതിനൊപ്പം തലസ്ഥാനത്തെ കലാ- സാംസ്‌കാരിക- കായിക പരിപാടികളിലെ സജീവ സാന്നിധ്യമായ പന്ന്യന്റെ മുഖം തുണക്കുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തരൂരിനെ മണ്ഡലത്തിൽ കാണാനാകില്ലെന്ന് ആരോപിക്കുന്ന പന്ന്യൻ, എം പിയായിരുന്ന കാലത്തെ പ്രവർത്തനങ്ങൾ എടുത്തുപറയുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് തവണയും മൂന്നാമതാണ് ഫിനിഷ് ചെയ്തതെന്നത് എൽ ഡി എഫ് ക്യാമ്പിനെ അലട്ടുന്നുണ്ട്. ഈ ബാധ്യത തീർക്കേണ്ട ഉത്തരവാദിത്വവും പന്ന്യന്റെ ചുമലിലാണ്.
ആത്മവിശ്വാസം
കഴിഞ്ഞ തവണ രണ്ടാമതെത്തിയതിന്റെയും നേമം മണ്ഡലത്തിലൂടെ ഒരിക്കൽ അക്കൗണ്ട് തുറന്നതിന്റെയും ആത്മവിശ്വാസത്തിലാണ് രാജീവ് ചന്ദ്രശേഖറിനെയിറക്കി ബി ജെ പി പോരാട്ടം കടുപ്പിക്കുന്നത്. ലോക്‌സഭയിലേക്ക് കന്നിമത്സരമാണ്. 2006 മുതൽ രാജ്യസഭാംഗമായ അദ്ദേഹം 2018ലാണ് ബി ജെ പിയിലെത്തിയത്. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള മണ്ഡലത്തിൽ യുവാക്കളെയും നഗരവാസികളെയും സ്വാധീനിക്കാനാണ് 2021 മുതൽ കേന്ദ്ര സഹമന്ത്രിയായ രാജീവിന്റെ ശ്രമം. വീണ്ടും അധികാരത്തിലെത്തിയാൽ ക്യാബിനറ്റ് മന്ത്രി സാധ്യത കൂടി ബി ജെ പി ഉയർത്തിക്കാട്ടുന്നു.
നിർണായകം തീരദേശം
ജാതി സമവാക്യത്തിൽ ഹിന്ദു വോട്ടർമാർ വലിയ ഭൂരിപക്ഷമെങ്കിലും മണ്ഡലത്തിൽ വിധി നിർണായകമായി മുന്നണികൾ കരുതുന്നത് തീരദേശ മേഖലയെയാണ്. പ്രത്യേകിച്ചും ഇവിടുത്തെ ക്രിസ്ത്യൻ വോട്ടുകൾ. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സഭാ നേതൃത്വത്തിന്റെ നിർദേശം പാലിച്ച് മാത്രമാണ് ലത്തീൻ വോട്ടുകളുടെ കാലങ്ങളായുള്ള ഒഴുക്ക്. 2014ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ഒ രാജഗോപാൽ വിജയം ഉറപ്പിച്ച സാഹചര്യത്തിൽ, അവസാന റൗണ്ടുകളിൽ തരൂർ മുന്നേറിയത് ഈ വോട്ടുകളുടെ പിൻബലത്തിലായിരുന്നു. പൊതുവെ തരൂരിന് ലഭിക്കാറുള്ള തീരദേശ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം എൽ ഡി എഫും ബി ജെ പിയും ശക്തമായി നടത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പരാതി പോയ വിവാദമടക്കം ഈ മേഖലയെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലുണ്ടാകുകയും ചെയ്തു. 19ന് നയം പ്രഖ്യാപിക്കുമെന്ന് ലത്തീൻ സഭ അറിയിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്തെ പോരാട്ടം വീണ്ടും ത്രില്ലർ മോഡിലായിരിക്കുന്നു.