thrissur municipal corporation
ശതാബ്ദിയുടെ നിറവിൽ തൃശൂർ മുനിസിപ്പൽ കോർപറേഷൻ
പ്രവേശന കവാടത്തിന്റെ നിർമാണം പൂർത്തിയായി
തൃശൂർ | മുനിസിപ്പൽ കോർപറേഷൻ രൂപവത്കൃതമായിട്ട് ഈ മാസം 100 വർഷം പൂർത്തിയാകുന്നു. 1921 ലാണ് രൂപം കൊണ്ടത്. ആദ്യകാലത്ത് ഒരു താലൂക്ക് ആസ്ഥാനം മാത്രമായിരുന്ന തൃശൂർ പിന്നീട് കൊച്ചി രാജ്യത്തിന്റെ വടക്കൻ മേഖലയുടെ ആസ്ഥാനമായി. അതിന് മുമ്പ് ഒരു അർബൻ കൗൺസിൽ ഇവിടെ രൂപം കൊണ്ടിരുന്നു. 1967 ൽ കൊച്ചി കോർപറേഷൻ രൂപവത്കരിച്ചതിന് ശേഷമാണ് ജനസാന്ദ്രത കൂടിയ പട്ടണങ്ങളായ തൃശൂരും കൊല്ലവും കോർപറേഷനുകളാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയർന്നത്. തൃശൂർ മുനിസിപ്പാലിറ്റിക്കൊപ്പം അയ്യന്തോൾ, വിൽവട്ടം, ഒല്ലൂക്കര, കൂർക്കഞ്ചേരി, ഒല്ലൂർ പഞ്ചായത്തുകൾ പൂർണമായും നടത്തറ, കോലഴി പഞ്ചായത്തുകൾ ഭാഗികമായും കൂട്ടിച്ചേർത്താണ് കോർപറേഷൻ രൂപം കൊണ്ടത്. 2000 ഒക്ടോബർ ഒന്നിനാണ് തൃശൂർ കോർപറേഷൻ രൂപം കൊണ്ടത്. 2000ത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ ജോസ് കാട്ടൂക്കാരൻ കോർപറേഷന്റെ ആദ്യ മേയറായി അധികാരമേറ്റു. മുൻ കോൺഗ്രസ്സ് നേതാവും ഇടതുപക്ഷ വിമതനുമായ എം കെ വർഗീസാണ് ഇപ്പോഴത്തെ മേയർ.
ശതാബ്ദിയുടെ ഭാഗമായി തൃശൂർ കോർപറേഷനിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പുതിയ പ്രവേശന കവാടത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടന്നുവരികയാണ്. ഇതിന്റെ ഫ്രെയിം വർക്കും എംബ്ലം സ്ഥാപിക്കലും പൂർത്തിയായിട്ടുണ്ട്. കോർപറേഷനിലേക്കുള്ള നടപ്പാത ടൈൽ വിരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആർട്ടിഫിഷ്യൽ ടർഫാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയാണ് നടപ്പാത നിർമാണത്തിന് മാത്രം ചെലവ്. നടപ്പാതക്ക് ഇരുവശങ്ങളിലുമായി ലാൻഡ് സ്‌കേപ്പിംഗ് നടത്തും. പൂച്ചെടികൾ ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് അത്യാകർഷകമാക്കും. രണ്ട് ഭാഗത്തും ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
കോർപറേഷൻ അങ്കണത്തിലുള്ള ഫ്ലാഗ് പോസ്റ്റിന് പിന്നിലായി മഹാത്മാഗാന്ധിയുടെ ഇരിക്കുന്ന പ്രതിമ സ്ഥാപിക്കും. 25 ലക്ഷം രൂപ ചെലവഴിച്ച് മേയറുടെ ചേംബറും മോടിപിടിപ്പിക്കുന്നുണ്ട്. ശതാബ്ദി ആഘോഷ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് കോർപറേഷൻ ഭരണ സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 30ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.