Kerala
തൃശൂര്‍ പൂര വിവാദം; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റും
പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി.
തൃശൂര്‍ | തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിറകെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും എസിപി സുദര്‍ശനെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം. തൃശൂര്‍ പൂരത്തില്‍ പോലീസിന്റെ അമിത ഇടപെടലുണ്ടായി എന്ന പരാതിക്ക് പിറകെയാണ് ഇരുവരേയും സ്ഥലം മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി.
തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂര പ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് പരിധിവിട്ടതാണു വിവാദമായത്. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു.പൂരത്തിന് ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
പുലര്‍ച്ചെ 3നു നടക്കേണ്ട വെടിക്കെട്ട്, മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 4 മണിക്കൂര്‍ വൈകി പകല്‍വെളിച്ചത്തിലാണു നടത്തിയത്. മഠത്തില്‍വരവിനിടെ ഉത്സവപ്രേമികള്‍ക്കു നേരെ കയര്‍ക്കാനും പിടിച്ചു തള്ളാനും മുന്നില്‍നിന്നതു സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ നേരിട്ടാണുണ്ടായിരുന്നതെന്നും ആക്ഷേപമുയര്‍ന്നു.