Kerala
തൃശ്ശൂര്‍ പൂര വിവാദം; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ല
നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം | തൃശ്ശൂര്‍ പൂരം തടസപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു.
അതേ സമയം എഡിജിപി അജിത് കുമാറിനെ നീക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഭരണകക്ഷിയായ സിപിഐ. ഈ വിഷയത്തില്‍ സിപിഐ നേതൃയോഗം വിളിച്ചിട്ടുണ്ട്. നാളെ ചേരുന്ന നേതൃയോഗത്തില്‍ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം ചര്‍ച്ചയാകും. എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ച് നില്‍ക്കും. മുന്നണിയില്‍ വിഷയം ഉന്നയിച്ച് ഏറെ നാള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ സിപിഐക്ക് വലിയ തോതില്‍ അതൃപ്തിയുണ്ട്.