Kerala
തൃശൂര്‍ പൂരം ; ആനകള്‍ക്ക് മുന്നില്‍ ആറ് മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി
ആറ് മീറ്റര്‍ ചുറ്റളവില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല
കൊച്ചി | തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി.
ഇതിനുള്ളില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല, കുത്തു വിളക്ക് മാത്രമാകാം. ആനകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ കൃത്യമായ നടപടിക്രമം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആനയുടെ ഫിറ്റ്നസ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ഉറപ്പുവരുത്തണം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് കാഴ്ച ശക്തിയില്ലെന്നും, ഈ ആനയ്ക്ക് എങ്ങനെയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും കോടതി ചോദിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വെറ്ററിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെങ്കില്‍ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ. ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ ആരുംപാടില്ലെന്ന നിയന്ത്രണത്തില്‍ മാറ്റം വരുത്തിയ കാര്യം വനംവകുപ്പ് കോടതിയെ അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആറുമീറ്റര്‍ ദൂരപരിധി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തെ ബാധിക്കുമെന്ന ആശങ്ക തിരുവമ്പാടി ദേവസ്വം കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ആനയുടെ മുന്‍ഭാഗത്താണ് ദൂരപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും, കുടമാറ്റത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ആനകളുടെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
ആനകളുടെ മൂന്ന് മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ, ആനകള്‍ക്ക് ചുറ്റും പൊലീസും ഉത്സവ വോളന്റിയര്‍മാരും സുരക്ഷാവലയം തീര്‍ക്കണം, ചൂട് കുറയ്ക്കാന്‍ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.