Kerala
തൃശൂര്‍ പൂരം കലക്കല്‍: റിപോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കി വി എസ് സുനില്‍ കുമാറും
അന്വേഷണോദ്യോഗസ്ഥരുടെ പേര് നല്‍കണമെന്നും ആവശ്യം.
തൃശൂര്‍ | തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ വിവരം തേടി സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍ കുമാറും. അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പിനായി സുനില്‍ കുമാര്‍ അപേക്ഷ നല്‍കി.
അന്വേഷണോദ്യോഗസ്ഥരുടെ പേര് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വകുപ്പിനാണ് അപേക്ഷ നല്‍കിയത്.
പൂരം കലക്കിയതില്‍ അന്വേഷണമില്ലെന്ന നിലപാട് ഞെട്ടിക്കുന്നതാണെന്ന് സുനില്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപോര്‍ട്ട് അംഗീകരിക്കാനാവില്ല. പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ജനങ്ങളെ വിഡ്ഢിയാക്കുന്നതാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു
യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടിക്കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയും. ആര്‍ക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം.
സി സി ടി വി ദൃശ്യങ്ങള്‍ അടക്കം അവിടെയുണ്ട്. പൂരപ്പറമ്പില്‍ എം ആര്‍ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല. മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കണ്ടു. പോലീസ് പറഞ്ഞിട്ടല്ല പൂരം നിര്‍ത്തിവക്കാന്‍ പറഞ്ഞത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ കലക്ടറോ അല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്. മേളം പകുതി വച്ച് നിര്‍ത്താന്‍ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്. എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്. അതിനു കാരണക്കാരായ ആള്‍ക്കാര്‍ ആരൊക്കെയാണ് എന്നെല്ലാമുള്ള വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.