Kerala
തൃശൂര്‍ പൂരം അലങ്കോലമാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; അന്വേഷണ റിപോര്‍ട്ട് പുറത്തുവിടണം: വി എസ് സുനില്‍ കുമാര്‍
പൂരം വിവാദത്തില്‍ നടത്തിയ അന്വേഷണം ഇതുവരെയും പുറത്തുവന്നിട്ടില്ല.ഇതു പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
തൃശൂര്‍ | തൃശൂര്‍പൂരം അലങ്കോലമാക്കിയത് യാദൃച്ഛികമല്ലെന്നും സംഭവത്തിന് പിന്നില്‍ പോലീസിന് പങ്കുണ്ടെന്നും സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലപ്പെടുത്തിയത്. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. പൂരം വിഷയത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പി വി അന്‍വര്‍ പറഞ്ഞ കാര്യങ്ങളല്ലാതെ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം വിവാദത്തില്‍ നടത്തിയ അന്വേഷണം ഇതുവരെയും പുറത്തുവന്നിട്ടില്ല.ഇതു പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പകല്‍പ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. രാത്രിയോടെ പോലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിര്‍ത്തിവെക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറഞ്ഞു.
പൂരം അലങ്കോലപ്പെടുത്താന്‍ തീരുമാനിച്ചത് സര്‍ക്കാരാണെന്നും, പിന്നില്‍ എല്‍ഡിഎഫ് ആണെന്നും പ്രചാരണം നടത്തി ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ജനവികാരം തിരിച്ചു വിടാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചു. സംഭവത്തില്‍ തന്നെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കി.അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരണം. ഇതിന്റെ പിന്നിലെ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.