Connect with us

Kerala

സ്നേഹം പകര്‍ന്ന് തൃശൂര്‍ ; തലോടലായി മാനവ സഞ്ചാരം

മത്സ്യത്തൊഴിലാളികളെ കേള്‍ക്കാനും അവരുടെ ഓരം ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള യാത്രാ നായകന്റെ ശ്രമം കടലിന്റെ മക്കള്‍ക്ക് തലോടലായി .

Published

|

Last Updated

തൃശൂര്‍  |  ചേര്‍ത്തുപിടിക്കലിന്റെ നേര്‍സാക്ഷ്യമാവുകയാണ് മാനവ സഞ്ചാരം. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലുള്ള ചരിത്ര യാത്ര ഇന്ന് ഒമ്പതാം നാള്‍ തുടക്കം കുറിച്ചത് കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ തൃശൂരിലെ ചാവക്കാട് കടപ്പുറത്ത് . മത്സ്യത്തൊഴിലാളികളെ കേള്‍ക്കാനും അവരുടെ ഓരം ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള യാത്രാ നായകന്റെ ശ്രമം കടലിന്റെ മക്കള്‍ക്ക് തലോടലായി .

ഇസ്ലാമിന്റെ വെളളിവെളിച്ചം കേരളത്തില്‍ ഉദിച്ചുയര്‍ന്ന കൊടുങ്ങല്ലൂരിന്റെ ഓരത്ത് ഒരു പകല്‍ മുഴുവന്‍ മാനവ സഞ്ചാരം പടയോട്ടം നടത്തിയപ്പോള്‍ ആയിരങ്ങളാണ് ഒപ്പം ചേര്‍ന്നത്. പ്രഭാത നടത്തം മുതല്‍ മാനവ സംഗമം വരെ സഞ്ചാരത്തിന്റെ ഓരോ ഘട്ടവും കലയുടെ നഗരി സാകൂതം ശ്രദ്ധിച്ചു. ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലാണ് എസ് വൈ എസ് സംസ്ഥാന നേതാക്കളും പൊതുജനങ്ങളും കൂട്ടമായി നടന്നത്. നഗരത്തില്‍ ഹയാത്ത് റെസിഡന്‍സിയില്‍ നടന്ന സംരംഭകത്വ സംഗമം പ്രൗഢമായിരുന്നു. പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ സംരംഭകത്വം ചെറുപ്പത്തിലെ വളര്‍ത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകത സമ്മേളനം ചര്‍ച്ച ചെയ്തു. ഇത് ചെറുപ്പക്കാര്‍ വഴിതെറ്റി പോവാതിരിക്കാന്‍ ഒരളവ് വരെ സഹായകമാകുമെന്നും അഭിപ്രായമുയര്‍ന്നു.

അടുത്ത മാസം 27 മുതല്‍ 29 വരെ തൃശൂരില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപന സംഗമത്തിന്റെ മുന്നോടിയായാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം മാനവ സഞ്ചാരം നടത്തുന്നത്. സഞ്ചാരത്തിന് തൃശൂരില്‍ ലഭിച്ച സ്വീകാര്യത സംസ്ഥാന സമ്മേളനം സാംസ്‌കാരിക നഗരി ഏറ്റെടുത്തതിന്റെ തെളിവ് കൂടിയായി മാറി.

വൈകിട്ട് നഗരത്തില്‍ നടന്ന സൗഹൃദ നടത്തത്തില്‍ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിചേര്‍ന്നു. സ്വരാജ് റൗണ്ടില്‍ നിന്നാരംഭിച്ച് ഒന്നേ മുക്കാല്‍ കിലോമീറ്ററോളം പിന്നിട്ട് ഇ എം എസ് സ്‌ക്വയറിലാണ് നടത്തം അവസാനിച്ചത്.
ശേഷം നടന്ന മാനവസംഗമം റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സംഗമത്തിനെ ആശിര്‍വദിച്ചു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി സന്ദേശപ്രഭാഷണം നടത്തി. യാത്രാനായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി സംഗമത്തിനെ അഭിസംബോധന ചെയ്തു.

പി എസ് കെ മൊയ്തു ബാഖവി, സയ്യിദ് ഫസല്‍ തങ്ങള്‍, ടി ജെ സനീഷ് കുമാര്‍ എം എല്‍ എ, മുന്‍ എം പി. ടി എന്‍ പ്രതാപന്‍, സി ആര്‍ നീലകണ്ഠന്‍, കെ എസ് ഹംസ, സി എ റശീദ്, ശോഭാ സുബിന്‍, മലങ്കര ഓര്‍ത്തോഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഫാദര്‍ റെജി, ശ്രീമദ് സ്വാമി ബ്രഹ്മസ്വരൂപാനന്ദ സംസാരിച്ചു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ തൃശൂര്‍ മെഡി. കോളജ് ആര്‍ എം ഒ ഡോ. ആര്‍ ഷാജിക്ക് വീല്‍ ചെയറുകള്‍ സമര്‍പ്പിച്ചു.

ഐ എം കെ ഫൈസി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എന്‍ എം സ്വാദിഖ് സഖാഫി, എം എം ഇബ്രാഹിം, എം മുഹമ്മദ് സ്വാദിഖ്, അഡ്വ : പി യൂ അലി, അബ്ദുല്‍ അസീസ് നിസാമി വരവൂര്‍, ഇയാസ് പഴുവില്‍ സംബന്ധിച്ചു. എസ് വൈ എസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട് സ്വാഗതവും ഹമീദ് തളിയപാടത്ത് നന്ദിയും പറഞ്ഞു.

ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന മാനവസഞ്ചാരം നാളെ (തിങ്കള്‍)പത്താം ദിനം എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

പൗരവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം അപലപനീയം: മന്ത്രി രാജന്‍

തൃശൂര്‍ : പൗരാവകാശങ്ങളെ ജാതീയതയുടെ പേര് പറഞ്ഞ് ഇല്ലാതാക്കാനുള്ള ശ്രമം മനുഷ്യപക്ഷത്ത് നിന്ന് കൊണ്ട് നേരിടേണ്ടതുണ്ടെന്ന് മന്ത്രി കെ രാജന്‍. മാനവ സഞ്ചാരത്തിന് തൃശൂരില്‍ നല്‍കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസ്വസ്ഥമായ മനസ്സുകളെ യോജിപ്പിക്കുന്നതില്‍ ഈ യാത്രക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. സാന്ത്വന പ്രവര്‍ത്തന രംഗത്ത് എസ് വൈ എസിന്റെ പ്രവര്‍ത്തനം ചൂരല്‍ മലയില്‍ താന്‍ നേരിട്ട് മനസ്സിലാക്കിയതാണെന്നും മന്ത്രി വ്യക്തമാക്കി.

 

Latest