Kerala
തൃശൂര്‍ പുതുക്കാട് ബൈക്ക് കെ എസ് ആര്‍ ടി സി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന് പരുക്കേറ്റു.
തൃശൂര്‍ | പുതുക്കാട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കല്ലൂര്‍ പാലയ്ക്കപ്പറമ്പ് സ്വദേശി പാണാത്ര വീട്ടില്‍ സുഭാഷിന്റെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. അഭിജിത്ത് സഞ്ചരിച്ച ബൈക്ക്, കെ എസ് ആര്‍ ടി സി ബസിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചക്കു ശേഷമായിരുന്നു അപകടം.
ബൈക്കില്‍ അഭിജിത്തിനോടൊത്തുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന് പരുക്കേറ്റു.
ചാലക്കുടി ഭാഗത്ത് നിന്ന് വന്ന ബസ്, സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ വന്ന ബൈക്ക് ബസില്‍ ഇടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.
ദേശീയപാതയോരത്തെ അഴുക്കുചാലിന്റെ സ്ലാബില്‍ തലയിടിച്ചാണ് അഭിജിത്ത് വീണത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ര്ക്ഷിക്കാനായില്ല.