Kerala
തൃശൂര്‍ ശങ്കു ബസാര്‍ ഇരട്ടക്കൊലപാതകം; രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
ശങ്കു ബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ അടിപിടി നടന്നിരുന്നു

തൃശൂര്‍ | തൃശ്ശൂരിലെ ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും നാല് ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. പടിഞ്ഞാറേ വെമ്പല്ലൂര്‍ കുടിലിങ്ങബസാര്‍ സ്വദേശിയായ പുളിപറമ്പില്‍ വീട്ടില്‍ മിട്ടു എന്ന രശ്മിത് (37), പടിഞ്ഞാറേ വെമ്പല്ലൂര്‍ ശംഖുബസാര്‍ സ്വദേശിചാലില്‍ വീട്ടില്‍ ദേവന്‍ (37) എന്നിവരെയാണ് തൃശൂര്‍ ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ ശങ്കു ബസാറില്‍വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇവരെ ശിക്ഷിച്ചത്.
2012 ഫെബ്രുവരി ഏഴിന് ശങ്കു ബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യം തീര്‍ക്കാനാണ് കൊലപാതകം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി അജയകുമാര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.