Travelogue
പാമ്പാട്ടികളുടെ ഷാമ്‌സിയിലൂടെ...
പാമ്പാട്ടികളുടെ ഗ്രാമം എന്നാണ് സപ്പടിയപ്പട അറിയപ്പെടുന്നത്. പറമ്പരാഗതമായി വിഷസർപ്പങ്ങളെ ഉപയോഗിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്നവർ. അതുകൊണ്ടാണ് പാമ്പാട്ടികളുടെ ഗ്രാമം എന്ന പേര് വന്നത്. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം കെട്ടിപ്പടുത്തിരുന്നവർ. കാലാന്തരത്തിൽ ഈ തൊഴിൽ നിയമ വിരുദ്ധവും വലിയ പ്രത്യാഘാതങ്ങൾക്കും വഴിവെച്ചപ്പോൾ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം ആളുകൾ കാലികളെ നോക്കിയും ചെറിയ ചായപ്പീടികകളിലും തൊഴിൽ കണ്ടെത്തി. എന്നാലിന്നും തൊണ്ണൂറ് ശതമാനത്തിലധികം ആളുകളും പാമ്പുകളെ ഉപയോഗിച്ച് ജീവിതോപാധി കണ്ടെത്തുന്നവരാണ്.
മഴ പെയ്തുതീർന്ന ഒരു സന്ധ്യാ നേരത്താണ് വെസ്റ്റ് ബംഗാളിലെ ഗംഗാരംപൂരിൽ നിന്നും ഗാസോളിലേക്കുള്ള ട്രെയിൻ കേറുന്നത്. ഏകദേശം ഒന്നര രണ്ട് മണിക്കൂർ നേരത്തെ യാത്രയുണ്ടവിടേക്ക്. ഞങ്ങളുടെ ലക്ഷ്യസ്ഥാനം ബംഗാളിന്റെയും ബീഹാറിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സപ്പടിയപ്പട എന്ന ഗ്രാമമാണ്. ഗാസോളിലെത്തിയിട്ട് ബസ് കയറി ഷാമ്‌സിയിലിറങ്ങി കാൽനടയായോ ഓട്ടോ വിളിച്ചോ വേണം സപ്പടിയപ്പടയിലെത്താൻ. പാമ്പാട്ടികളുടെ ഗ്രാമമാണത് എന്ന് സഹപാഠികളായ സുഹൃത്തുക്കൾ പറഞ്ഞുള്ള അറിവ് മാത്രമേ സപ്പടിയപ്പടയെക്കുറിച്ച് ഞങ്ങൾക്കുള്ളൂ. സുഹൃത്തുക്കളായ റാഷിദും യാസർ അറഫാത്തുമാണ് യാത്രയിൽ കൂടെയുള്ളത്.
ഗാസോളിൽ ട്രെയിനിറങ്ങുമ്പോൾ പകലിരുട്ടിയിരുന്നു. റെയിൽവേ ജീവനക്കാരനായ ഒരാൾ പറഞ്ഞു തന്ന പ്രകാരം ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അൽപ്പം കഴിഞ്ഞപ്പോൾ ബസ് സ്റ്റാൻഡിലേക്കുള്ള വഴി നിറയെ മഴ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടു. കുറച്ചു കുട്ടികൾ ആ വെള്ളത്തിൽ പന്തു തട്ടിക്കളിക്കുന്നുണ്ട്. മറ്റു കുറച്ച് പ്രായമായവർ വെള്ളക്കെട്ടിന് സമീപത്തിരുന്ന് മദ്യപിക്കുന്നുണ്ട്. ചിലർ ഉടുത്തിരിക്കുന്ന വസ്ത്രം നനയാതിരിക്കാൻ പരമാവധി ഉയർത്തിപ്പിടിച്ച് വെള്ളത്തിലൂടെ നടക്കുന്നു.
കൈയിലുണ്ടായിരുന്ന ബാഗ് നനയാതിരിക്കാൻ ഉയർത്തിപ്പിടിച്ച് ഞങ്ങളും മുന്നോട്ടു നടന്നു. നടന്നു നടന്ന് പകുതി ദൂരം പിന്നിട്ടപ്പോഴേക്കും വെള്ളം ഞങ്ങളുടെ വയറിന്റെ മുകളിലേക്കെത്തിയിരുന്നു. ഒടുവിൽ ശ്രമപ്പെട്ട് കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുനടന്ന് ചെറിയൊരു അങ്ങാടിയിലെത്തി. അവിടെ നിന്ന് പിന്നെയും നടന്നാണ് ബസ് സ്റ്റാൻഡിലെത്തിയത്.
രാത്രിയായത് കൊണ്ടും നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ടും ബസിലെ സീറ്റിലിരുന്നതും ഞങ്ങൾ ഉറങ്ങിപ്പോയി. പിന്നീട് കണ്ടക്ടർ “ഷാമ്‌സി പൗഞ്ചാ… യഹാ ഉത്രോ’ (ഷാമ്‌സി എത്തി, ഇറങ്ങിക്കോളൂ) എന്ന് പറഞ്ഞ് തോളിൽ തട്ടിവിളിച്ചപ്പോഴാണ് ഉണർന്നത്. ബാഗുമെടുത്ത് ബസിൽ നിന്ന് വേഗത്തിലിറങ്ങി.
ഞങ്ങളെയും കാത്തവിടെ താജുദ്ദീൻ മുഈനിയും ഷറഫലി റബ്ബാനിയുമാണുണ്ടായിരുന്നത്. ഇരുവരും മലയാളികളാണ്. സപ്പടിയപ്പട അടക്കമുള്ള കുറച്ചു ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു വിദ്യാഭ്യാസ പ്രവർത്തനം നടത്തുകയാണവർ. വർഷങ്ങളായി അവർ അവിടെ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ മുഴുകിയിരിക്കുകയാണ്. അവരോടൊത്ത് ഭക്ഷണവും കഴിച്ച് ഷാമ്‌സിയുടെ ഒത്തിരി വിശേഷങ്ങളും കേട്ടറിഞ്ഞ് രാവിലെ ഗ്രാമം കാണാനിറങ്ങാമെന്ന് നിശ്ചയിച്ച് ഉറങ്ങാൻ കിടന്നു.
അതിരാവിലെ ഗ്രാമം കാണാനിറങ്ങി. 130 ഓളം കുടുംബങ്ങളാണ് ആ ഗ്രാമത്തിൽ താമസിക്കുന്നതെന്ന് അവിടെയൊരാളോട് സംസാരിച്ചതിൽ നിന്ന് മനസ്സിലായി. കൂടുതലാളുകളും ബീഹാറിൽ നിന്നും കുടിയേറി വന്നവരാണ്. പാമ്പാട്ടികളുടെ ഗ്രാമം എന്നാണ് സപ്പടിയപ്പട അറിയപ്പെടുന്നത്. പറമ്പരാഗതമായി വിഷസർപ്പങ്ങളെ ഉപയോഗിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്നവർ. അതുകൊണ്ടാണ് പാമ്പാട്ടികളുടെ ഗ്രാമം എന്ന പേര് വന്നത്. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം കെട്ടിപ്പടുത്തിരുന്നവർ. കാലാന്തരത്തിൽ ഈ തൊഴിൽ നിയമ വിരുദ്ധവും വലിയ പ്രത്യാഘാതങ്ങൾക്കും വഴിവെച്ചപ്പോൾ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം ആളുകൾ കാലികളെ നോക്കിയും ചെറിയ ചായപ്പീടികകളിലും തൊഴിൽ കണ്ടെത്തി. എന്നാലിന്നും തൊണ്ണൂറ് ശതമാനത്തിലധികം ആളുകളും പാമ്പുകളെ ഉപയോഗിച്ച് ജീവിതോപാധി കണ്ടെത്തുന്നവരാണ്.
വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, ആരോഗ്യം തുടങ്ങി സർവ മേഖലയിലും പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗമാണിവരെന്ന് ഗ്രാമം ചുറ്റിക്കാണുന്നതിനിടെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. അത്തരത്തിലുള്ള കാഴ്ചകളാണ് അവിടെ നിന്നുള്ളത്.
ചെറു പ്രായത്തിൽ പഠിച്ചു വളരേണ്ട കുട്ടികൾ കാലികളെ വളർത്തിയും പാമ്പാട്ടികളായ രക്ഷിതാക്കളെ സഹായിച്ചും ജീവിക്കുന്ന കാഴ്ച. അതിലൊരാളുടെ രക്ഷിതാവിനോട് സംസാരിച്ചപ്പോൾ ശരിക്കും ഞെട്ടി.
“പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. കാലികളെ നോക്കിയാൽ, കൃഷിയിടത്തിൽ ഞങ്ങൾക്കൊപ്പം പണിയെടുത്താൽ അത് ഞങ്ങൾക്ക് വളരെ സഹായകമാകും’ എന്നയാൾ പറഞ്ഞു.
സപ്പടിയപ്പടയിൽ ആശുപത്രികളോ മറ്റു ചികിത്സാ സംവിധാനങ്ങളോ കാണാനായില്ലെങ്കിലും ഡോക്ടർമാരെന്നും വൈദ്യൻമാരെന്നും പറഞ്ഞു നടക്കുന്ന വ്യാജൻമാരെ ഒരുപാട് കണ്ടു. അങ്ങനെ നടക്കുന്ന നേരത്താണ് താജുദ്ദീൻ മുഈനി കുറച്ചു ദിവസം മുമ്പ് നടന്ന ഒരു സംഭവം വിശദീകരിച്ചത്.
ഒരു വായോധികന്റെ കൈയിൽ പാമ്പു കടിച്ചു. ചികിത്സക്കായി അവിടുത്തെ പ്രമുഖനെന്ന് പറയുന്ന ഒരു വൈദ്യനെ സമീപിച്ചു. പക്ഷേ, ഫലമുണ്ടായില്ല. പൊടുന്നനെ അയാൾ മരിച്ചു. പിന്നീടാണറിഞ്ഞത് പാന്പുകടിയേറ്റ കൈയിലല്ല വൈദ്യൻ ചികിത്സ നടത്തിയതെന്ന്. ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾ അവിടെ പതിവാണത്രെ.
അങ്ങനെ സംസാരിച്ചു നടക്കുന്നതിനിടെയാണ് ടാർപ്പായ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയൊരു ടെന്റ് കണ്ടത്. അതെന്താണെന്നറിയാനുള്ള കൗതുകത്തോടെ അതിനടുത്തേക്ക് നടന്നു. അതിനകത്ത് കണ്ട കാഴ്ച ഏറെ സങ്കടപ്പെടുത്തുന്നതായിരുന്നു.
ചെറിയൊരു അടുപ്പ് കൂട്ടി ഒരു സ്ത്രീ എന്തോ പാകം ചെയ്യുന്നുണ്ട്. അരികിലായി കുറച്ചു പാത്രങ്ങളുണ്ട്. രണ്ട് കുട്ടികൾ അതിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നു. തൊട്ടടുത്തായി അലക്കിയതെന്ന് തോന്നിക്കുന്ന വസ്ത്രം ഉണക്കാനിട്ടിട്ടുണ്ട്. അവരുടെ അടുക്കളയും ബെഡ്റൂമും ഡൈനിംഗ് ഹാളുമെല്ലാം ആ ടാർപ്പായക്കുള്ളിലെ ചെറിയ സ്ഥലമാണെന്ന് മനസ്സിലായി. മുന്നോട്ടു നടക്കുന്നതിനിടെ ഇങ്ങനെ ടെന്റ്പോലെ കെട്ടിയുണ്ടാക്കിയ കുടിലുകൾ വേറെയും ഒരുപാട് കണ്ടു. ഇതിനകത്താണത്രെ അഞ്ചും ആറും ഏഴും വരുന്ന കുടുംബാംഗങ്ങൾ തിങ്ങിപ്പാർക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്തും മഞ്ഞു പെയ്യുന്ന കൊടും തണുപ്പിലും ഇവിടെയാണവർ അന്തിയുറങ്ങുന്നത്.
പിന്നെയും ഞങ്ങൾ മുന്നോട്ടു നടന്നു. അനവധിയായ ദാരിദ്ര്യം നിറഞ്ഞ കഷ്ടപ്പാടിന്റെ കഥകളും കവിതകളും ഞങ്ങൾ ഒരേ സ്വരത്തിൽ കണ്ടു, കേട്ടു.ഒരുവേള അവരുടെ കഷ്ടത നിറഞ്ഞ ജീവിതപരിസരം കണ്ടു കണ്ണ് നിറഞ്ഞപ്പോൾ നമ്മളൊക്കെ ജീവിക്കുന്നത് സ്വർഗത്തിലാണെന്ന ഒരു ഉൾവിളി ഉയർന്നു കേട്ടു.