Connect with us

Travelogue

യുദ്ധഭൂമിയിലൂടെ...

ചിലരൊക്കെ സുബ്ഹി നിസ്കാരത്തിനു മസ്ജിദുൽ അഖ്സയിലേക്ക് പോയി. ആ നിസ്കാരവും കഴിഞ്ഞു ജുമുഅക്കു മുന്പ് ഞങ്ങൾ ജോർദാനിൽ എത്തി. അന്ന് രാത്രി ജോർദാനിൽ താമസിച്ചു, പിറ്റേന്ന് സുബ്ഹി നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെടുമ്പോളാണ് ഇസ്റാഈലിലുള്ള ഒരു സഹോദരൻ ഫോണിലൂടെ ബന്ധപ്പെട്ട്, "നിങ്ങൾ ഇന്നലെ വേഗം പോയത് വളരെ നന്നായി, വലിയ പ്രയാസങ്ങളാണിവിടെ. റോഡുകൾ അടച്ചിട്ടുണ്ട്, വാഹന ഗതാഗതം നിലച്ചിട്ടുണ്ട്, പൊട്ടിത്തെറിയുടെ ശബ്ദങ്ങൾ പലയിടങ്ങളിൽ നിന്നായി കേട്ടു കൊണ്ടിരിക്കുന്നു.' പിന്നെയാണ് ഫലസ്തീനിലെ യുദ്ധത്തിന്റെ തുടക്കം വാർത്തകളിലൂടെ അറിയുന്നത്.

Published

|

Last Updated

ഒക്ടോബർ അഞ്ച് വ്യാഴാഴ്ച ളുഹർ നിസ്കാരത്തിനു വേണ്ടി മസ്ജിദുൽ അഖ്സയിൽ ഞങ്ങൾ എത്തുന്നു. നാൽപ്പതിലേറെ അംഗങ്ങളുള്ള ഞങ്ങളുടെ സംഘം അസർ, മഗ്‌രിബ്, ഇശാ നിസ്കാരങ്ങൾ മസ്ജിദുൽ അഖ്സയിൽ നിന്നു തന്നെ നിർവഹിച്ചു, പരിസരങ്ങൾ സന്ദർശിച്ച്, രാത്രി ദിക്ർ, സ്വലാത്തുകളെല്ലാം നിർവഹിച്ച ശേഷം ബത്‌ലെഹെമിലുള്ള ഹോട്ടലിലേക്ക് യാത്ര ചെയ്തു.
വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു മസ്്ജിദുൽ അഖ്്സയിലേക്ക് തന്നെ വീണ്ടും വരാം എന്ന നിശ്ചയത്തോടെയാണ് ഞങ്ങൾ ഹോട്ടലിൽ എത്തിയത്. യാത്രാംഗങ്ങൾ റൂമുകളിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ “ടൂർ ഏജന്റ’ എന്റെ അടുത്ത് വന്നു പറഞ്ഞു. മസ്ജിദുൽ അഖ്സയിൽ നാളെ ജുമുഅ നിസ്കാരത്തിനു നിൽക്കാതെ ഉച്ചക്ക് മുന്പ് തന്നെ നിങ്ങൾ ജോർദാനിലേക്ക് പുറപ്പെടണം.

സാധാരണ രണ്ട് ദിവസം ഫലസ്തീനിൽ നിൽക്കാറുണ്ട്. ഇന്ന് ഈ തവണ നിങ്ങൾ ജുമുഅക്കു മുന്പ് തന്നെ പോകണം. ജുമുഅക്കു നിൽക്കുകയാണെങ്കിൽ പിന്നെ അൽപ്പം താമസിച്ചേ നിങ്ങൾക്ക് പോകാൻ സാധിക്കൂ.
അദ്ദേഹം പറഞ്ഞത് ഞാൻ യാത്രക്കാരോട് പങ്കു വെച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു, ഞങ്ങൾക്ക് ജുമുഅക്കു മസ്ജിദുൽ അഖ്സയിൽ നിൽക്കണം. സാധാരണയിൽ യാത്രകളിലൊക്കെ ജുമുഅക്കു നിൽക്കാറുണ്ട്. പക്ഷെ, ഞങ്ങളുടെ ഗൈഡ് വളരെ ശക്തമായി “നിങ്ങൾ ഉച്ചക്ക് മുന്പ് തന്നെ പോകണം’ എന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ ജുമുഅക്കു മുന്പ് തന്നെ പോകാൻ തീരുമാനിച്ചു.

ചിലരൊക്കെ സുബ്ഹി നിസ്കാരത്തിനു മസ്ജിദുൽ അഖ്സയിലേക്ക് പോയി. ആ നിസ്കാരവും കഴിഞ്ഞു ജുമുഅക്കു മുന്പ് ഞങ്ങൾ ജോർദാനിൽ എത്തുന്നു. അന്ന് രാത്രി ജോർദാനിൽ താമസിച്ചു, പിറ്റേന്ന് സുബ്ഹി നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ആണ് ഇസ്റാഈലിലുള്ള ഒരു സഹോദരൻ ഫോണിലൂടെ ബന്ധപ്പെട്ട്, “നിങ്ങൾ ഇന്നലെ വേഗം പോയത് വളരെ നന്നായി, വലിയ പ്രയാസങ്ങളാണ് ഇപ്പോൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. റോഡുകൾ അടച്ചിട്ടുണ്ട്, വാഹന ഗതാഗതം നിലച്ചിട്ടുണ്ട്, പൊട്ടിത്തെറിയുടെ ശബ്ദങ്ങൾ പലയിടങ്ങളിൽ നിന്നായി കേട്ടു കൊണ്ടിരിക്കുന്നു.’ പിന്നെയാണ് ഫലസ്തീനിലെ യുദ്ധത്തിന്റെ തുടക്കം വാർത്തകളിലൂടെ അറിയുന്നത്. അത് വരെ പ്രയാസം കാണിച്ചിരുന്ന യാത്രാംഗങ്ങൾ ആ ടൂർ ഏജന്റ് നിർബന്ധം പിടിച്ചത് അനുഗ്രഹം ആയിരുന്നു എന്ന് പ്രതികരിച്ചു.

മസ്ജിദുൽ അഖ്സ മുസ്്ലിംകളുടെ പുണ്യ കേന്ദ്രങ്ങളിൽ ഒന്നാണ്. അവിടെ നിസ്കരിക്കുക എന്നത് വളരെ പ്രതിഫലമുള്ള ഇബാദത്താണ്. മസ്ജിദുൽ അഖ്സയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം ബഹുമാനപ്പെട്ട സുലൈമാൻ നബി (അ) മൂന്ന് കാര്യങ്ങൾ അല്ലാഹുവിനോട് ചോദിച്ചിട്ടുണ്ട് എന്ന് തിരു നബി(സ) പറഞ്ഞു. അതിൽ രണ്ട് കാര്യങ്ങൾക്കു അള്ളാഹു ഉത്തരം ചെയ്തതായി നമുക്കറിയാം. മൂന്നാമത്തെ കാര്യത്തിനും ഉത്തരം ചെയ്യാനാണ് സാധ്യത.
ഒന്ന് – ലോകത്ത് ആർക്കും ലഭിക്കാത്ത അധികാരം എനിക്ക് ലഭിക്കണം. രണ്ട് – എന്റെ തീരുമാനങ്ങൾ അല്ലാഹുവിന്റെ നിയമത്തിനു പൂർണമായും വിധേയമാകണം. ഈ രണ്ടു കാര്യങ്ങളും ഉത്തരം ലഭിച്ച പ്രാർഥനകളാണ്.

സുലൈമാൻ നബി (അ) പ്രാർഥിച്ച മൂന്നാമത്തെ കാര്യം, ശുദ്ധി വരുത്തി മസ്ജിദുൽ അഖ്സയിലേക്ക് ഒരാൾ വരികയും, രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്താൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെട്ട്, ശിശുക്കളെ പോലെ പരിശുദ്ധനാകണം. അല്ലാഹു സുലൈമാൻ നബി (അ) യുടെ ഈ പ്രാർഥനക്കും ഉത്തരം ചെയ്തിട്ടുണ്ടാകും എന്ന് മുഹമ്മദ്‌ നബി(സ) തങ്ങൾ പ്രത്യാശിച്ചു.
ഈ ലക്ഷ്യത്തോടെ അനേകായിരം മുസ്്ലിംകൾ ഈ പള്ളിയിലേക്ക് വരാറുണ്ട്. കേരളത്തിൽ നിന്നു തന്നെ ഒരുപാട് വിശ്വാസികൾ ഈ പള്ളി സന്ദർശനത്തിന് പോയിട്ടുണ്ട്.
ഒക്ടോബർ അഞ്ചിനാണ് നാൽപ്പതിലേറെ ആളുകളുമായി അവസാനമായി മസ്ജിദുൽ അഖ്സയിൽ ഞാൻ എത്തുന്നത്. കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതരോടൊപ്പം 30 ലേറെ തവണ യാത്ര നടത്താൻ സാധിച്ചിട്ടുണ്ട്. വളരെ ആവേശത്തോടു കൂടിയാണ് സാധാരണക്കാരും പണ്ഡിതന്മാരും ഈ യാത്രയിൽ സംബന്ധിക്കാറുള്ളത്. സാധാരണ യാത്ര സംഘടിപ്പിക്കുമ്പോൾ ഇറാഖ്, ഇസ്്റാഈൽ, ഫലസ്തീൻ, ഈജിപ്ത്, ജോർദാൻ ഇങ്ങനെ അഞ്ച് രാജ്യങ്ങളിൽ ഒന്നിച്ചു പോകാറാണ് പതിവ്. മസ്ജിദുൽ അഖ്സ സന്ദർശനം ആ യാത്രയിൽ നിർവഹിക്കാൻ സാധിക്കും. പക്ഷെ, നിലവിലുള്ള അവസ്ഥയിൽ അവിടെ നമുക്ക് കയറിച്ചെല്ലാൻ പറ്റുമോ എന്നൊക്കെ ആശങ്കപ്പെടുന്നവരുണ്ട്. മുപ്പത്തിലേറെ തവണ അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഈ പുണ്യഭൂമിയിലേക്ക് യാത്ര നയിക്കാൻ സാധിച്ചിട്ടുണ്ട്.

“കേരളത്തിലെ സമുന്നതരായ പണ്ഡിതരോടൊപ്പം യാത്ര നടത്താൻ സാധിച്ചു എന്നത് ജീവിതത്തിലെ സന്തോഷകരമായ അനുഭവങ്ങളാണ്. മസ്ജിദുൽ അഖ്സയിൽ നമുക്ക് കയറിച്ചെല്ലാൻ പറ്റുമോ? അവിടെ ആരാധന നിർവഹിക്കാൻ ആകുമോ? ജൂതന്മാർ നമുക്ക് അതിനു അവസരം തരുമോ? എന്നൊക്കെ പലപ്പോഴായി പലരും ചോദിച്ചിട്ടുണ്ട്.
യുദ്ധം അതി ശക്തമായ ഈ സമയത്ത് മസ്ജിദുൽ അഖ്സ നമ്മുടെ ശ്രദ്ധയിലേക്ക് വരികയും, സാധാരണക്കാരായ പലരും ഇങ്ങനെ സംശയം അറിയിക്കുകയും ചെയ്യാറുണ്ട്.
ഖുദ്സിനെ കുറിച്ച് പൊതുവായ ഒരു വിവരണം അനിവാര്യമാണ് എന്ന് കരുതുന്നു. ഭൂമിയിലെ ഒന്നാമത്തെ ഭവനമായ “കഅ്ബാ ശരീഫിന്റെ’ നിർമാണത്തിനു ശേഷം നാൽപ്പത് വർഷം കഴിഞ്ഞപ്പോഴാണ് ബൈത്തുൽ മുഖദ്ദസിന്റെ നിർമാണം നടന്നത്. സ്വഹാബിയായ അബൂ ദർറ് (റ) നബി (സ) യോട് അന്വേഷിച്ചു: ഭൂമിയിലെ ആദ്യ പള്ളി ഏതാണ് റസൂലേ? നബി (സ) പറഞ്ഞു : മസ്ജിദുൽ ഹറാം. പിന്നെ ഏതാണ്? മസ്ജിദുൽ അഖ്സ: എന്ന് നബി (സ) പറഞ്ഞു. തമ്മിൽ എത്ര കാലത്തെ വിടവുണ്ട്? നബി (സ) പറഞ്ഞു: നാൽപ്പത് വർഷം. (ബുഖാരി, മുസ്‌ലിം).
കഅ്ബാ ശരീഫിന് അടിത്തറ പാകിയത് മലക്കുകളായിരുന്നു. പ്രവാചകന്മാരിൽ ആദം (അ) മുതൽ പലരും അത്‌ പുനർനിർമാണം നടത്തിയിട്ടുണ്ട്. ആദം നബി (അ) യുടെ നിർമാണം കഴിഞ്ഞപ്പോൾ നബി (സ) യോടു ജിബ്‌രീൽ (അ )ന്റെ കൽപ്പന ബൈത്തുൽ മുഖദ്ദസ് നിർമാണവും നടത്തണമെന്നായിരുന്നു. അതനുസരിച്ചു ആദം (അ ) നിർമാണം നടത്തുകയും അതിൽ ആരാധന നടത്തുകയും ചെയ്‌തെന്ന് “ഇബ്‌നു ഹിശാം’ തന്റെ തീജാനിൽ പ്രസ്താവിച്ചിട്ടുണ്ട്. വിവിധ കാലങ്ങളിൽ പ്രവാചകന്മാരാണ് അൽ അഖ്സാ പള്ളിയുടെ പുനർ നിർമാണം നടത്തിയിട്ടുള്ളത്.

സുലൈമാൻ നബി (അ ) യുടെ കാലം വന്നപ്പോൾ അദ്ദേഹം പള്ളി പുനർ നിർമാണം നടത്തുകയും ശേഷം നേരത്തെ പറഞ്ഞ മൂന്ന് കാര്യങ്ങൾക്ക് വേണ്ടി പ്രാർഥന നടത്തുകയും ചെയ്തു. അൽ അഖ്സാ പള്ളി മസ്ജിദുൽ അഖ്സ, ബൈത്തുൽ മുഖദ്ദസ്, ബൈത്തുൽ ഈലിയാ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ബൈത്തുൽ മുഖദ്ദസിന്റെ ചുറ്റും നാം ബറകത് ചെയ്‌തിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു. അനേകം നബിമാരുടെ പാദസ്പർശമേറ്റ സ്ഥലവും, അതിന്റെ പരിസരം പുഴകൾ ഉള്ളതും, ഫല വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നതുമായിരുന്നു.
“ഇസ്റാഅ് മിഅ്റാജി’ലെ പ്രധാന കേന്ദ്രം ബൈത്തുൽ മുഖദ്ദസ് ആയിരുന്നല്ലോ. പരിശുദ്ധ മക്കയിൽ നിന്ന് 1400 കിലോ മീറ്റർ അകലെയുള്ള മസ്ജിദുൽ അഖ്സയിലേക്ക് “ബുറാഖ്’ എന്ന വാഹനത്തിൽ രാത്രിയുടെ അൽപ്പ സമയം കൊണ്ട് വരികയും, മുൻ കഴിഞ്ഞ മുഴുവൻ പ്രവാചകന്മാർക്കും ഇമാമായി നിസ്കരിക്കുകയും, ശേഷം ഗൈഡ് ആയ ജിബ്‌രീൽ (അ ) നോടൊപ്പം വാനലോകത്തേക്ക് ഉയരുകയും ചെയ്തു.

Latest