Connect with us

Travelogue

ഉസ്ബക്കിസ്ഥാന്റെ മോഹഭൂമികയിലൂടെ...

ബി സി രണ്ടാം നൂറ്റാണ്ടു മുതൽ എ ഡി പതിനഞ്ചാം നൂറ്റാണ്ടു വരെ സിൽക്ക് റൂട്ട് സജീവമായിരുന്നു. പടിഞ്ഞാറിനെയും കിഴക്കിനെയും അത് ഒരുമിപ്പിച്ചു. സിൽക്ക് പാതയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളായിരുന്നു ഉസ്ബക്കിസ്ഥാനിലെ സമർഖന്ദ്, ബുഖാറ, കിവ് എന്നിവ. ഉസ്ബക്കിലേക്ക് പോകുമ്പോൾ ഒഴിച്ചുകൂടാനാകാത്തതാണ് ഈ നഗരസന്ദർശനങ്ങൾ.

Published

|

Last Updated

നേക കാലങ്ങളായി മനസ്സിലുള്ള മോഹമായിരുന്നു ഉസ്ബക്കിസ്ഥാനിലേക്കുള്ള യാത്ര. വെണ്ണക്കോട് എം ഡി എസിൽ പഠിക്കുന്ന കാലത്ത് പ്രിയ ഗുരു ബശീർ ഫൈസി ഉസ്താദ്, ഉസ്ബക്കിസ്ഥാന്റെ ഇസ്‌ലാമിക പൈതൃകത്തെക്കുറിച്ചു പറഞ്ഞത് കേട്ടത് മുതൽ തുടങ്ങിയതാണ് ആ യാത്രാ മോഹം.

മർകസ് നോളജ് സിറ്റിയിലെ ഫുതൂഹ് കൾച്ചറൽ സംഘത്തിൽ, ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ ഉസ്ബക്കിസ്ഥാനിലേക്ക് യാത്ര തിരിക്കുന്നു എന്ന് അറിയിച്ചപ്പോൾ, മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ആ സംഘത്തിൽ ചേർന്നു. ഉസ്ബക്ക് യാത്ര അറിഞ്ഞപ്പോൾ, ഗുജറാത്തിൽ നിന്നുള്ള അഞ്ച് സ്നേഹിതരും കൂടെ ചേർന്നു. ഞങ്ങൾ മുംബൈയിൽ നിന്നാണ് പുറപ്പെട്ടത്. ഹകീം ഉസ്താദും സംഘവും ഡൽഹിയിൽ നിന്നും. മലേഷ്യയിൽ നിന്നടക്കം ആളുകൾ ഉണ്ട്. ആ അർഥത്തിൽ, ഒരു അന്താരാഷ്ട്ര യാത്ര തന്നെ.

താഷ്കന്റ് വിമാനത്താവളത്തിലാണ് ആദ്യം എത്തിയത്. ചെന്നത് മുതൽ എന്നെ ആകർഷിച്ച ഘടകങ്ങൾ ഇവയാണ്. കലർപ്പില്ലാത്ത പുഞ്ചിരിയോട് കൂടിയുള്ള ഉസ്ബക്ക് പൗരന്മാരുടെ പെരുമാറ്റം. ഹൃദ്യമായ ചിരിയിലൂടെ ഭാഷ അറിയില്ലെങ്കിലും എത്ര അഗാധമായാണ് അവർ നമ്മെ സ്നേഹിക്കുന്നതെന്നു മനസ്സിലാക്കാം. വളരെ വൃത്തിയിലാണ് തെരുവുകൾ സംരക്ഷിച്ചു പോരുന്നത്. എങ്ങ് നോക്കിയാലും പച്ചപ്പിന്റെ സമൃദ്ധി. കാഴ്ചക്ക് മനോഹാരിത ലഭിക്കുന്ന പുഷ്പങ്ങൾ നിരയൊത്ത് നട്ടുപിടിപ്പിച്ചിരിക്കുന്നു.

സിൽക്ക് റൂട്ട് എന്ന് സ്കൂൾ പുസ്തകങ്ങളിൽ ചെറുപ്പ കാലത്തേ പഠിച്ചിട്ടുണ്ട്. യൂറോപ്പിനെയും ചൈനയെയും പേർഷ്യയെയും വ്യാപാരങ്ങളിലൂടെ ബന്ധിപ്പിച്ച വിശ്രുത പാതയാണത്. ബി സി രണ്ടാം നൂറ്റാണ്ടു മുതൽ എ ഡി പതിനഞ്ചാം നൂറ്റാണ്ടു വരെ സിൽക്ക് റൂട്ട് സജീവമായിരുന്നു. പടിഞ്ഞാറിനെയും കിഴക്കിനെയും അത് ഒരുമിപ്പിച്ചു. സിൽക്ക് പാതയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളായിരുന്നു ഉസ്ബക്കിസ്ഥാനിലെ സമർഖന്ദ്, ബുഖാറ, കിവ് എന്നിവ. ഉസ്ബക്കിലേക്ക് പോകുമ്പോൾ ഒഴിച്ചുകൂടാനാകാത്തതാണ് ഈ നഗരസന്ദർശനങ്ങൾ.

ഓരോ നഗരവും അവിടുത്തെ സംസ്കാരവും രൂപപ്പെടുന്നതും വികസിക്കുന്നതും സംസ്കാരങ്ങൾ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുമ്പോഴാണ്. നമ്മുടെ പ്രപിതാക്കൾക്ക്, കുറേക്കൂടി കനമുള്ള സംഭാവനകൾ ചെയ്യാൻ കഴിഞ്ഞത്, അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ ഇന്നത്തേക്കാൾ പ്രബലമായിരുന്നതു കൊണ്ട് കൂടിയാണ്. ഓരോ പള്ളിയും വിദ്യാഭ്യാസ സ്ഥാപനവും മഹാന്മാർ അന്തിയുറങ്ങുന്ന സ്ഥലങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമെല്ലാം അനുപമമായ വാസ്തുവിദ്യാ രൂപത്തിൽ അവർ ഉണ്ടാക്കി വെച്ചിരുന്നു.

സോവിയറ്റ് യൂനിയൻ കുറേക്കാലം അധീനതയിൽ വെച്ചിട്ടും ഉസ്്ബക്കിസ്ഥാന്റെ ഇസ്‌ലാമിക സംസ്കാരത്തിന് വലിയ പരിക്കുകൾ ഏൽപ്പിക്കാൻ കഴിയാതിരുന്നത്, അവിടെയുള്ള മനുഷ്യരുടെ വിശ്വാസ ദാർഢ്യത കൊണ്ടും, അത് ബലം നേടിയത് ദീർഘ കാലത്തെ ചരിത്രത്തിലൂടെ ആയതിനാലുമാണ്.

സൂഫി സംസ്കാരം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ആണല്ലോ കൈമാറപ്പെടുക. അതിന്റെ തെളിമയും ശുദ്ധിയും മനസ്സിലാക്കാൻ ഇസ്‌ലാമേതര പ്രത്യയശാസ്ത്രങ്ങൾക്കു പറ്റണമെന്നില്ല. ഉസ്്ബക്കിസ്ഥാന്റെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് താഷ്കന്റ്. ഈ പദത്തിനർഥം, കല്ലുകളുടെ നഗരം എന്നാണ്. പൗരാണിക കാലത്ത് ചാരുതയുള്ള ശിലകൾ കൊത്തിയെടുക്കാൻ പറ്റിയതുകൊണ്ട് വന്ന പേരാകണം.

അതീവ സൗന്ദര്യമുള്ള സിറ്റിയാണ് താഷ്കന്റ്. താഷ്‌ക്കന്റിൽ ഒരു ദിവസം തങ്ങി. അവിടെ നിന്ന് മഞ്ഞുമലക്ക് പേരുകേട്ട ചിമഗണിലേക്ക് പോയി. തണുപ്പ് മാരകമായിരുന്നു. താഷ്‌ക്കന്റിൽ നിന്ന് ഏറെ അകലമുണ്ട് ഇങ്ങോട്ടേക്ക്. അതിനിടയിൽ ഉസ്ബക്ക് കാശ് 85,000 നൽകി, അന്പത് ജി ബി ഇന്റർനെറ്റും ഒരു മാസം കാളും ലഭ്യമായ സിം വാങ്ങി. ഇന്ത്യൻ രൂപയിൽ ഏതാണ്ട് അറുനൂറേ ആകൂ. പണത്തിന് മൂല്യക്കുറവ് ഉണ്ടെങ്കിലും പൊതുവെ ദാരിദ്യം കുറവുള്ള നാടാണ് ഇത്.

ടൂറിസ്റ്റുകൾ അനേകം എത്തുന്നത് ധാരാളം തദ്ദേശീയർക്ക് തൊഴിലിനും വഴിയൊരുക്കുന്നു.
പിന്നീട് ഞങ്ങളുടെ സുപ്രധാനമായൊരു യാത്രാസ്ഥലം സമർഖന്ദ് ആയിരുന്നു. ഈ പേരിന്റെ സ്വരത്തിൽ തന്നെ ആകർഷിപ്പിക്കുന്ന ഒരു നാദം ഉണ്ട്. സമർഖന്ദിലെ മൂന്ന് വിഖ്യാത ചരിത്ര മദ്റസകളിൽ പോയപ്പോൾ, എത്രമാത്രം സമ്പന്നമായിരുന്നു മധ്യകാലത്തെ അവിടുത്തെ മുസ്‌ലിം ജീവിതവും വിജ്ഞാന സമ്പ്രദായങ്ങളും എന്ന് ആലോചിച്ചു പോകും. കാഴ്ചയിൽ നമ്മെ സ്തംഭിപ്പിക്കുന്ന, അതി വിശിഷ്ടമായ നിർമിതികളാണ് സമർഖന്ദിലുള്ളത്.

സമർഖന്ദിലെ ഓൾഡ് സിറ്റിയായിരുന്നു റഗിസ്താൻ. അതൊരു പബ്ലിക് സ്‌ക്വയർ കൂടിയായിരുന്നു. ജനങ്ങൾ ധാരാളമായി ഒരുമിച്ചു കൂടുന്ന ഇടം. അവിടെയാണ്, എ ഡി 1417 മുതൽ 1660 വരെയുള്ള, രണ്ടര നൂറ്റാണ്ടിനിടയിൽ ഈ മൂന്ന് മദ്റസകൾ പണിതത്. ആദ്യം നിർമിച്ചത് ഉലൂഗ് ബെഗ് മദ്റസയാണ്. നമ്മുടെ നാട്ടിലെ മദ്റസ എന്ന നിലയിൽ മാത്രം അവയുടെ അർഥത്തെ കാണരുത്. ഇസ്‌ലാമിക വിജ്ഞാനത്തെ ആഴത്തിൽ പഠിപ്പിക്കുന്ന യൂനിവേഴ്‌സിറ്റികൾ ആയിരുന്നു അവ. പ്രശസ്ത പേർഷ്യൻ കവിയും ശാസ്ത്രജ്ഞനും ആയിരുന്ന അബ്ദുർറഹ്മാൻ ജാമി ഇവിടെയാണ് പഠിച്ചത്. വിസ്മയിപ്പിക്കുന്ന അവയുടെ നിറ വൈവിധ്യം, പ്രവിശാലത എന്നിവയെല്ലാം കാണുന്പോൾ വൈജ്ഞാനിക മേഖലയിൽ, നമ്മൾ എങ്ങനെ ഇനിയും പുരോഗമിക്കണം എന്നതിന്റെ ചില ആശയങ്ങൾ കൂടി ഉള്ളിൽ വന്നു.

സമർഖന്ദിലെ പ്രധാനപ്പെട്ടൊരു മഖാം ആണ് മാ തുരീദി ഇമാമിന്റെത്. മലയാളി മത വിദ്യാർഥികൾക്കിടയിൽ വിഖ്യാതനാണ് അദ്ദേഹം. വിശ്വാസ ശാസ്ത്രത്തിലും കർമശാസ്ത്രത്തിലും കനപ്പെട്ട രചനകൾ നടത്തിയവരായിരുന്നുവല്ലോ ഇമാം അബൂ മൻസൂരിൽ മാ തുരീദി. എ ഡി 853 ൽ ജനിച്ച മഹാൻ എ ഡി 943 ലാണ് വിടപറയുന്നത്. അതിമനോഹരമായിട്ടാണ്, സമർഖന്ദിൽ അവരുടെ അന്ത്യവിശ്രമ കേന്ദ്രമുള്ളത്.

ആ മഖാമിനുള്ളിൽ നിൽക്കുമ്പോൾ, അവർ നടത്തിയ ദീനീ പ്രചാരണത്തിന്റെ വ്യാപ്തിയെക്കുറിച്ചു ആലോചിച്ചു പോയി. വിശ്വാസപരമായ കാര്യങ്ങളിൽ പിഴച്ച വാദങ്ങൾ മുള പൊട്ടിയ കാലത്ത്, യഥാർഥ വഴി കാണിച്ചവരിൽ പ്രമുഖരായിരുന്നുവല്ലോ മഹാൻ. അബുൽ ഹസനുൽ അശ്അരി, അബു മൻസൂറുൽ മാ തുരീദി ഇമാമും- അഹ്‌ലു സുന്ന വൽ ജമാഅത്തിന്റെ മുഖ്യധാരകൾ ആണല്ലോ. സമർഖന്ദിൽ തന്നെയായിരുന്നു മഹാനവർകളുടെ പഠനവും അധ്യാപനവും എല്ലാം പ്രധാനമായും നടന്നത്.

സൂഫി ജീവിതമായിരുന്നു ചെറുപ്പ കാലം മുതൽ മഹാൻ തുടർന്ന് വന്നതും. മുഅതസിലികളും ശിയാക്കളും ഉണ്ടാക്കിയ തെറ്റായ വിശ്വാസ ധാരകളെ, അഹല് സുന്നത്തി വൽ ജമാഅത്തിന്റെ യഥാർഥ വഴിയെ അവലംബിച്ചു നടത്തിയ രചനകളിലൂടെ അദ്ദേഹം ഖണ്ഡിച്ചു. ദിർഘനേരം അവിടെ നിന്ന് പ്രാർഥന നടത്തി.

തുടർന്ന് പോയ പ്രധാന യാത്രാ സ്ഥലം ബുഖാറയായിരുന്നു. ഇമാം ബുഖാരിയുടെ ദർഗ ശരീഫ് ഇവിടെയാണ് ഉള്ളത്. ഏറ്റവും വിഖ്യാതമായ ഹദീസ് ക്രോഡീകരണ ഗ്രന്ഥം രചിച്ചതിനാൽ മുസ്്ലിം ലോകത്ത് എല്ലായിടത്തും പ്രശസ്തനാണല്ലോ മഹാൻ. അതീവ പ്രൗഢിയോടെ അവരുടെ മഖ്ബറ സംരക്ഷിച്ചുപോരുന്നു. അവിടെ നിന്ന് പ്രാർഥനകളും സ്വലാത്തുകളും ചൊല്ലി. ഹകീം ഉസ്താദിന്റെ നേതൃത്വത്തിൽ ദിർഘനേരം വിവിധ സത്കർമങ്ങളിൽ ഏർപ്പെട്ടു.

ബുഖാറയിലെ വളരെ പ്രശസ്തമായൊരു ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമാണ് പോയ്കാലിയാൻ മദ്റസ. എ ഡി 1121 ലാണ് (ഏകദേശം 900 വർഷങ്ങൾക്ക് മുമ്പ്) ഒരു മസ്ജിദ് എന്ന നിലയിൽ ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. നൂറ് വർഷം കഴിഞ്ഞു ചെങ്കിസ് ഖാൻ സൈന്യവുമായി വന്നു, പല ഭാഗങ്ങളും തകർത്തു. പിന്നീട് ഇന്ന് കാണുന്ന നിലയിലേക്ക് നിർമിക്കുന്നത് 1515 – 1535 വർഷങ്ങളിലാണ്. പ്രവിശാലമായ പള്ളിയും അതോടനുബന്ധിച്ച് സെൻട്രൽ ഏഷ്യൻ ആർകിടെക്ചറിലുള്ള മദ്റസയും നിലവിൽ വന്നു. വിവിധ തരം വിജ്ഞാന ശാഖകളിൽ അവിടെ പഠനവും ഗവേഷണവും നടന്നിരുന്നു.

മദ്റസയിൽ നാല് നിലകളിലായി 114 റൂമുകളാണ്. ഖുർആനിലെ സൂറത്തുകളുടെ എണ്ണം. ഇന്നും അവിടെ ഖുർആൻ പഠനം നടക്കുന്നു. നൂറ്റാണ്ടുകളായി ഖുർആൻ പഠനത്തിന് വേദിയായ ആ മഹാസൗധത്തിൽ നിൽക്കുമ്പോൾ, അവിടെ പഠിച്ചു ജീവിച്ചു പോയ ആയിരങ്ങളെ ഓർത്തു. അവർക്കായി ഫാതിഹ ഓതി. അവിടെ ഉസ്‌താദുമാരും വിദ്യാർഥികളും ധരിക്കുന്ന പരമ്പരാഗത കോട്ടും തലപ്പാവും അണിഞ്ഞു, ഒരു ഉസ്ബക്ക് വിദ്യാർഥിക്കൊപ്പം ഫോട്ടോയും എടുത്തു.
തുടർന്നുള്ള യാത്രയിലെ മുഖ്യമായൊരു ചരിത്ര സന്ദർശന കേന്ദ്രം കറാഗൽ പസ്താനിലെ കൈസിൽ കല കോട്ടയായിരുന്നു.

ചുവപ്പ് കോട്ട എന്നാണ് പദത്തിന്റെ അർഥം. എ ഡി ഒന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ് എന്നാണ് നിഗമനം. വിവിധ ഭരണ കൂടങ്ങൾ പ്രതിരോധാവശ്യാർഥം അത് ഉപയോഗിച്ചു. ഇപ്പോഴും മഹാ പ്രൗഢിയോടെ അത് നിലകൊള്ളുന്നു. അവിടെ നിന്നാണ് മംഗോളിയൻ ഒട്ടകപ്പുറത്ത് കയറാനായത്.

നമ്മൾ അറേബ്യൻ നാടുകളിലും ഇന്ത്യയിലെ ഥാർ മരുഭൂമിയിലുമെല്ലാം കണ്ടു പരിചയിച്ച ഒട്ടകങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് മംഗോളിയൻ ഒട്ടകങ്ങൾ. സാധാരണ ഒട്ടകങ്ങൾക്ക് ഒരു കൂന് ആണ് ഉള്ളതെങ്കിൽ, മംഗോളിയൻ ഒട്ടകങ്ങൾക്ക് രണ്ടെണ്ണം കാണും. അവക്ക് രണ്ടിനും ഇടയിൽ ഇരുന്നാൽ, മുന്നോട്ടും പിന്നോട്ടും പോകാതെ, സുഖമായി യാത്ര ചെയ്യാൻ കഴിയും. ബാക്ട്രീയൻ ഒട്ടകം എന്നാണ് ഇവ അറിയപ്പെടുന്നത്. ലോകത്ത് ഇപ്പോൾ ഇവയുടെ എണ്ണം ചുരുങ്ങി വരികയാണെന്നും അതിനാൽ വംശനാശം സംഭവിക്കാൻ സാധ്യതയുള്ള ജീവി വർഗം ആണെന്നും കരുതപ്പെടുന്നു.

തണുപ്പിലും ചൂടിലും ഒരുപോലെ അതിജീവന ശേഷി ഉണ്ട് ഇവക്ക്. സാമാന്യം വളർച്ചയെത്തിയ ഒരു മംഗോളിയൻ ഒട്ടകത്തിന് 57 ലിറ്റർ വെള്ളം വരെ ഒരു നേരം കുടിച്ചു, ശരീരത്തിൽ സംഭരിക്കാൻ കഴിയും. വേഗവും ഇവക്ക് കൂടുതലാണ്. ഒരു മണിക്കൂറിൽ 65 കി.മീ വരെ ദൂരം സഞ്ചരിക്കാനാകും. ബി സി 4500 മുതൽ ഇവയെ മനുഷ്യൻ ഉപയോഗിച്ചുവരുന്നു എന്നാണ് നിഗമനം. സിൽക്ക് റൂട്ട് വഴി ചരക്കുകൾ കൊണ്ടുപോകാൻ ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഉസ്ബക്ക് യാത്രക്കിടെ ഒരു മംഗോളിയൻ ഒട്ടകപ്പുറത്ത് അൽപ്പദൂരം സഞ്ചരിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു

കാർപെറ്റ് വ്യവസായത്തിന് ഏറെ പ്രസിദ്ധമാണ് പൗരാണിക കാലം മുതലേ ഉസ്‌ബെക്കിസ്ഥാൻ. സിൽക്ക് റൂട്ടിലെ മുഖ്യ നഗരങ്ങൾ ഇവിടെയായിരുന്നുവെന്നതിനാൽ, ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഉസ്ബക്ക് കാർപ്പറ്റുകൾ കയറ്റി അയക്കുമായിരുന്നു. തണുപ്പ് കൂടിയ രാജ്യങ്ങളിൽ, വീടുകളിൽ നിലത്തെല്ലാം കാർപ്പെറ്റായിരിക്കും.

മധ്യേഷ്യയുടെ ഭൂമിശാസ്ത്ര ഘടന അങ്ങനെയായതിനാൽ, ഇപ്പോഴും കർപ്പറ്റ് വ്യവസായത്തിന് വലിയ സാധ്യതകൾ അവിടെയുണ്ട്. നിരവധി നിർമാണ ശാലകൾ ഉസ്ബക്കിസ്ഥാനിലുണ്ട്. ബുഖാറയിലെ പ്രവിശാലമായ ഒരു കാർപെറ്റ് ഡിസ്പ്ലേ ഷോപ്പ് സന്ദർശിച്ചു.

പലയിടത്തും ഈ കാർപ്പറ്റുകളിലെ കൊത്തുപണികൾ ചെയ്യുന്നത് കൈകൊണ്ടാണ്. അതുകൊണ്ടു തന്നെ കലാപരമായ മനോഹാരിത അവയിൽ വേറിട്ട് കാണാം. അവയിൽ ഉപയോഗിക്കുന്ന നിറങ്ങൾക്ക്, ഉസ്ബക്ക് ചരിത്രവുമായി ബന്ധമുണ്ട്. നിറപ്പൊലിമയും അഴകോടെയുള്ള അവയുടെ അവതരണങ്ങളും കെട്ടിടങ്ങളിലും കാണാമല്ലോ. യാത്ര തുടരുകയാണ്. ഓരോ നാട്ടിലും വ്യത്യസ്ത കൃഷികൾ, കാഴ്ചകൾ. അതിമനോഹരമായ മുന്തിരി വള്ളികളും മൾബറി പഴങ്ങളും കാഴ്ചകൾക്ക് കൂടുതൽ മിഴിവ് നൽകുന്നു.

Latest