book review
ഏറനാടിൻ്റെ അടരുകളിലൂടെ
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ജനമുന്നേറ്റവും മതത്തിന്റെ പേരിൽ മനസ്സുകളെ വിഭജിച്ച് ബ്രിട്ടീഷുകാർ നടത്തിയ ഭിന്നിപ്പിച്ചു ഭരിക്കലിന്റെയും അതിനെതിരെയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വല ഇടപെടലുകളും ഏറനാട്ടിലെ പോരാളികൾ കാഴ്ചവെച്ച ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും കഥയായി മാറുക കൂടി ചെയ്യുന്നു ഈ നോവൽ.

“നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ കടമ്മനിട്ടയുടെ പ്രസിദ്ധമായ വരി പോലെ ഏതൊരു പ്രദേശത്തിനും അതെങ്ങനെ അങ്ങനെയായെന്നതിന് ഒരു ചരിത്രം പറയാനുണ്ടാകും. ഇവിടെ പശ്ചിമഘട്ട മലനിരകളിൽ കൊടും കാടും വന്യമൃഗങ്ങളും സമൃദ്ധമായി വളർച്ച പ്രാപിച്ചിരുന്ന ഒരു നൂറ്റാണ്ടിനപ്പുറമുള്ള കാലം എങ്ങനെയാണ് മനുഷ്യ ജീവിതത്തിന് അനുയോജ്യമായ സമൂല മാറ്റത്തിന് വിധേയമായത്? കിഴക്കൻ ഏറനാട്ടിലേക്ക് റബ്ബർ കൃഷിയും ബ്രിട്ടീഷ് അധിനിവേശവും കടന്നു വന്നതിന്റെയും ഏറനാടൻ ജനത റബ്ബറിനെ സംരക്ഷിച്ചതും സായ്പിനെ പ്രതിരോധിച്ചതും എല്ലാം സവിസ്തരം പ്രതിപാദിക്കുന്ന നോവലാണ് ജി സി കാരക്കലിന്റെ “ഡബ്ബർ’ എന്ന 408 പേജിൽ പരന്നു കിടക്കുന്ന നോവൽ.
മലബാറിൽ പ്രത്യേകിച്ച് കിഴക്കൻ ഏറനാട്ടിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ നേർസാക്ഷ്യങ്ങൾ പോലെ ചരിത്രം രേഖപ്പെടുത്തപ്പെട്ട കൃതി കൂടിയാണിത്.
ചേറുമ്പ് മലയിലേക്ക് റബ്ബർ കുരുവുമായി പുറപ്പെട്ട വാഗൺ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയതും പിന്നീടത് പോത്തുവണ്ടികളിൽ കയറ്റി ചേറുമ്പിലെ മലകളിൽ നട്ടുപിടിപ്പിക്കാനിടയായതും തുടർന്നങ്ങോട് ചേറുമ്പ് എന്ന ഏറനാടൻ ദേശത്ത് സംഭവിച്ച മാറ്റങ്ങളുടെ പ്രതിഫലനവുമെല്ലാം ഭംഗിയായും വിശദമായും ആവിഷ്കരിക്കുന്നു ഡബ്ബർ.
അതിന് നേതൃത്വം നൽകി നാടിന്റെ കണ്ണിലുണ്ണിയായി വളർന്ന കുരിക്കൾ തറവാട്ടിലെ അന്നത്തെ ഇളമുറക്കാരനായ കുഞ്ഞിപ്പു നടത്തിയ വികസനവും സാമൂഹിക പരിഷ്കരണവും പിന്നീട് നാടിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാട്ടമായി വളർന്നതും ഡബ്ബർ കാഴ്ചവെക്കുന്ന ഏറനാടിന്റെ ഇതിഹാസ ചരിത്രമായി രേഖപ്പെടുത്താം.
ചേറുന്പിൽ റബ്ബർ വെച്ചുപിടിപ്പിച്ച് ഏറനാട്ടിലെ കൂലിത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ കുഞ്ഞിപ്പുവിന് സഹായികളായി നിന്നവരിൽ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പങ്കും കുറച്ചു കാണുന്നില്ലാ എന്ന പ്രത്യേകതയും ഈ സൃഷ്ടിക്കുണ്ട്. അതിൽ പെട്ട കഥാപാത്രങ്ങളാണ് ഇംഗ്ലീഷുകാരനായ വിൽസൺ, റബ്ബർതോട്ടം വെച്ചുപിടിപ്പിക്കാൻ വേണ്ട എല്ലാ അറിവുകളും നടപടിക്രമങ്ങളും നന്നായി പഠിച്ച സൂപ്രണ്ട് കരുണൻ, നാട്ടിലെ ജന്മി സോമയാജിപ്പാട്, കരുവാൻ വേലു, കുഞ്ഞിപ്പുവിന്റെ ഭാര്യ റുഖിയ, തണ്ടോടി ഖാദർ, റബ്ബറിനെ സംരക്ഷിക്കാനും പിന്നീട് സ്വാതന്ത്യത്തിനു വേണ്ടി ചേറുമ്പിൽ നടന്ന സമരങ്ങളിൽ കുഞ്ഞിപ്പുവിന് കരുത്തേകാൻ തന്ത്രങ്ങൾ മെനഞ്ഞു കൂടെ നിന്ന സൂഫിയും പെരച്ചനും തൊഴിലാളികളിൽ അവകാശബോധം വളർത്താൻ ഈറ്റൻ സായ്പിനോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച മാധവൻ, സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയതിന്റെ പേരിൽ ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട മേനോൻ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്.
നാട്ടുനന്മയുടെ പക്ഷം ചേർന്ന കഥാപാത്രങ്ങൾ ഏറനാട്ടിൽ മാറ്റത്തിന്റെ വിത്ത് വിതക്കാൻ നിയോഗിക്കപ്പെട്ടവരായി നോവലിൽ അടയാളപ്പെടുന്നു.ഈ നോവലിലെ ഒരു കഥാപാത്രമായ കൊണ്ടോട്ടിയിലെ പൊൻവാട്ട് തറവാട്ടുകാരനായ റാം ബഹദൂർ കുഞ്ഞാലൻ ചോലക്കൽ കുഞ്ഞിപ്പു എന്ന നായക കഥാപാത്രത്തോട് പറയുന്നുണ്ട്. ” അടിമത്തം അവസാനിപ്പിച്ച് എന്നെങ്കിലും നമ്മുടെ രാജ്യം സ്വതന്ത്രമാകും. സ്വയംഭരണം വരും, നിയമങ്ങൾ മാറും, അന്നീ റബ്ബർ കൃഷി സാധാരണക്കാരന്റെ തണലായിത്തീരും. നീയ് നോക്കിക്കോ’ അക്ഷരാർഥത്തിൽ ഒരു പ്രവചനം പോലെ ഫലിച്ചതാണ് നോവലിൽ ജി സി കോറിയിട്ട ഈ വരികൾ.
അപ്പോഴും ഏറനാട്ടിൽ റബ്ബർ കൃഷി വളർന്നാൽ പാവപ്പെട്ടവരുടെ പ്രത്യേകിച്ച് മാപ്പിള മുസ്്ലിംകളുടെ ജീവിതം മെച്ചപ്പെടും എന്ന ഭീതിയിൽ അതിനു തടയിടാനും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത് തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം മാത്രം സുരക്ഷിതമാക്കാനുമുള്ള ഹീന തന്ത്രങ്ങൾ പയറ്റി മർദകവീരനായ ഈറ്റൺ സായ്്വിന് വിടുവേല ചെയ്യാൻ മാത്രം മുന്നിൽ നിന്നിരുന്നവരും ഡബ്ബറിന്റെ ഭാഗമായുണ്ട്.
അതിൽ അംശം അധികാരി കൃഷ്ണ പണിക്കരും അയാളുടെ സഹോദരൻ ഗോവിന്ദൻ കുട്ടിയും ബ്രിട്ടന്റെ കീഴിലെ പോലീസ് ഉദ്യോഗസ്ഥനായ ആമു സാഹിബും അടങ്ങുന്ന കഥാപാത്രങ്ങളും മാപ്പിള ലഹളക്കാലത്തെ ചരിത്രത്തിന്റെ നേരവതാരങ്ങളായി ഡബ്ബറിൽ തെളിഞ്ഞുനിൽക്കുന്നു. ഇത് ഏറനാട്ടിൽ നടന്ന കിലാഫത്ത് സമരത്തിന്റെയോ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെയോ മാത്രം ചരിത്രമല്ല. അടിമകളെപ്പോലെ മലമടക്കുകളിൽ ജീവിച്ചിരുന്ന ഒരു ജനതക്ക് ജീവിതം മാന്യമായി മൂന്നാട്ടു നീക്കാൻ റബ്ബർ തോട്ടങ്ങൾ വളർന്നു വന്നതിന്റെയും ജാതിക്കും മതത്തിനും അതീതമായ ഐക്യപ്പെടലുകളോടെ ഒരു ജനത നടത്തിയ മഹത് സംരംഭത്തിന്റെ ചരിത്രകഥ കൂടിയാണ്. സ്വാഭാവികമായും ആ കാലഘട്ടത്തെ ആവിഷ്കരിക്കപ്പെടുന്നിടത്ത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ ജനമുന്നേറ്റവും മതത്തിന്റെ പേരിൽ മനസ്സുകളെ വിഭജിച്ച് ബ്രിട്ടീഷുകാർ നടത്തിയ ഭിന്നിപ്പിച്ചു ഭരിക്കലിന്റെയും അതിനെതിരെയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വല ഇടപെടലുകളും ഏറനാട്ടിലെ പോരാളികൾ കാഴ്ചവെച്ച ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും കഥയായി മാറുക കൂടി ചെയ്യുന്നു ഈ നോവൽ.
പ്രസാധനം ഒലിവ്. വില 200 രൂപ.