Travelogue
സംസ്കാരം തളിരിട്ട ദേശങ്ങളിലൂടെ...
താഴെ അറേബ്യൻ മരുഭൂമിയും പേർഷ്യൻ ഉൾക്കടലും മാറി മാറി പ്രത്യക്ഷപ്പെടുന്നു. ആഗോള രാഷ്ട്രീയത്തിലെ തന്ത്രപ്രധാനമായ ഭാഗം. ഗൾഫ് എന്നാൽ ഉൾക്കടൽ എന്നാണല്ലോ അർഥം. എട്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, പ്രമുഖ നഗരങ്ങൾക്ക് മടിത്തട്ടായി വർത്തിക്കുന്ന ഭൂമിശാസ്ത്ര പ്രദേശമാണ് പേർഷ്യൻ ഗൾഫ്. ഇറാഖ്, ഇറാൻ, ഖത്വർ, യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, സഊദി അറേബ്യ എന്നീ രാജ്യങ്ങളാണവ. ബസ്വറയാണ് പേർഷ്യൻ ഗൾഫിനോട് ചേർന്ന് കിടക്കുന്ന ഇറാഖീ പട്ടണം.
യാത്രകൾക്ക് ഇസ്്ലാമിൽ വലിയ പ്രാധാന്യമുണ്ട്. ശേഷിയുള്ളവർക്ക് ഹജ്ജും ഉംറയും നിർബന്ധമാണല്ലോ. ലോകത്തിന്റെ ഏത് കോണിൽ നിന്നായാലും വിശ്വാസി മക്കയിലെത്തണം. ഇല്ലെങ്കിൽ വിശ്വാസം പൂർണമാകില്ല. വാനയാത്രയാണ് തിരുനബി(സ്വ)യുടെ ഏറ്റവും വലിയ അത്ഭുത സിദ്ധികളിലൊന്ന്. തിരുജീവിതത്തിലെ നാഴികക്കല്ലുകളാണ് ത്വാഇഫ്, ശാം, മദീന യാത്രകൾ. ഇസ്്ലാമിന്റെ പൂർത്തീകരണം ഉണ്ടായത് അതേ തുടർന്നാണ്.
യാത്രകൾ ജീവിതത്തെ തെളിച്ചമുള്ളതാക്കും. നിങ്ങൾ സഞ്ചരിക്കുവിൻ എന്നാണ് ഖുർആന്റെ കൽപ്പന. നല്ല ലക്ഷ്യത്തോടെയാകണം യാത്രകൾ. പിശാചാണ് അപഥസഞ്ചാരികളുടെ കൂട്ടുകാരൻ. ഒറ്റക്ക് സഞ്ചരിക്കരുതെന്നും മൂന്നാളുണ്ടെങ്കിൽ ഒരു അമീർ വേണമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. സാഹസങ്ങൾ നിറഞ്ഞതായിരുന്നു അവിടുത്തെ യാത്രകൾ. ഹിജ്‌റ അഥവാ പലായനം. ആ യാത്രയോളം സംഭവ ബഹുലമായ മറ്റെന്തുണ്ട് ലോകചരിത്രത്തിൽ. എത്ര വലിയ പരിവർത്തനമാണ് അതുവഴി സാധ്യമായത്. ശരിക്കും ഇസ്്ലാമിക സംസ്‌കാരം തളിരിട്ടു വളർന്ന ദേശങ്ങൾക്ക് മുകളിലൂടെയാണ് ഞങ്ങളുടെ ഫ്ലൈ ദുബൈ വിമാനവും പറക്കുന്നത്.
താഴെ അറേബ്യൻ മരുഭൂമിയും പേർഷ്യൻ ഉൾക്കടലും മാറി മാറി പ്രത്യക്ഷപ്പെടുന്നു. ആഗോള രാഷ്ട്രീയത്തിലെ തന്ത്രപ്രധാനമായ ഭാഗം. ഗൾഫ് എന്നാൽ ഉൾക്കടൽ എന്നാണല്ലോ അർഥം. എട്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, പ്രമുഖ നഗരങ്ങൾക്ക് മടിത്തട്ടായി വർത്തിക്കുന്ന ഭൂമിശാസ്ത്ര പ്രദേശമാണ് പേർഷ്യൻ ഗൾഫ്. ഇറാഖ്, ഇറാൻ, ഖത്വർ, യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, സഊദി അറേബ്യ എന്നീ രാജ്യങ്ങളാണവ. ബസ്വറയാണ് പേർഷ്യൻ ഗൾഫിനോട് ചേർന്ന് കിടക്കുന്ന ഇറാഖീ പട്ടണം. ഉമ്മു ഖസ്‌റാണ് പ്രധാന തുറമുഖം. രാജ്യത്തിന്റെ മുഖ്യ വരുമാന മാർഗമായ പെട്രോളിയം കയറ്റുമതിയുടെ സിംഹ ഭാഗവും നടക്കുന്നത് ഇതുവഴിയാണ്.
യാത്ര തുടങ്ങിയിട്ട് നേരമേറെയായി. ക്ഷീണത്തിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. വിമാനത്തിൽ നിന്ന് ഭക്ഷണം ലഭിച്ചതാണ് പ്രധാന ആശ്വാസം. ഇന്നലെ രാത്രി യാത്രയുടെ ഒരുക്കങ്ങളിലായതിനാൽ ഉറങ്ങാൻ സാധിച്ചിരുന്നില്ല. അതിന്റെ പ്രായശ്ചിത്തം ഇടക്കിടെ നടത്തുന്നുണ്ട്. എങ്കിലും ആസ്വാദ്യകരമായ നിമിഷങ്ങൾ. ചിന്തകൾ പലവഴിക്ക് ഇഴഞ്ഞുനീങ്ങി.
ഇക്കാക്ക ബദ്‌റുസ്സാദാത് സയ്യിദ് ഇബ്‌റാഹീമുൽ ബുഖാരി തങ്ങളുടെ കൂടെയാണ് എന്റെ യാത്രകളുടെയെല്ലാം തുടക്കം. മക്ക, മദീന, ജോർദാൻ, ഫലസ്തീൻ, സിറിയ, യമൻ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങൾ ആദ്യമായി കണ്ടത് ഇക്കാക്കയുടെ കൂടെയാണ്. ഇറാഖും അങ്ങനെ തന്നെ. അതിന് പ്രേരകമായ ഒരു കാരണമുണ്ട്. തികച്ചും യാദൃച്ഛികമായ ഒരനുഭവം.
ഒരിക്കൽ ചേറൂർ ടി ടി അബ്ദുല്ലക്കുട്ടി മുസ്്ലിയാരുടെ വീട്ടിലെത്തിയതാണ്. യാദൃച്ഛികകമായാണ് അവിടെയുള്ള ചില നോട്‌സുകൾ കാണുന്നത്. യാത്രാകുറിപ്പുകളാണ്. വിവിധ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങിയ കഥകൾ. അന്ന് ഉസ്താദിന്റെ സഞ്ചാരപ്രിയത്തെ കുറിച്ച് വലിയ ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. കൗതുകപൂർവമാണ് ആ കുറിപ്പുകൾ വായിച്ചുതുടങ്ങിയത്. വേണ്ടത്ര സഞ്ചാരങ്ങൾ നടത്തിയിട്ടില്ലാത്തതിനാൽ എനിക്കവ വലിയ ആവേശം പകർന്നു. കൂട്ടത്തിൽ മനസ്സിലുടക്കിയ ഒരു ചരിത്രശകലം ഇപ്പോഴും ഓർമയിലുണ്ട്.
ഈജിപ്ഷ്യൻ സൂഫി കമാലു ബ്‌നു ഹുമാം(റ)ന്റെ ജീവിതത്തിലെ ഒരു സംഭവം. ഇബ്‌നു അത്വാഇല്ലാഹി സിക്കന്ദരി(റ)ന്റെ മഖ്ബറ സിയാറത്ത് ചെയ്യുക ഇബ്‌നു ഹുമാം(റ)ന്റെ പതിവായിരുന്നു. വിശ്രുതരാണ് ഇമാം സിക്കന്ദരി. ഹികം എന്ന അതുല്യഗ്രന്ഥത്തിന്റെ രചയിതാവ്. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലാണ് അവിടുത്തെ അന്ത്യവിശ്രമ കേന്ദ്രം.
ഒരിക്കൽ സന്ദർശനത്തിനിടെ ഇബ്‌നു ഹുമാം(റ) ഖുർആൻ ഓതുകയാണ്. സൂറതു ഹൂദിലെ സൂക്തങ്ങൾ. “അവരുടെ കൂട്ടത്തിൽ പരാജിതരും വിജയികളുമുണ്ട്’ എന്ന ആശയം വരുന്ന ഭാഗമെത്തി. അപ്പോൾ അകത്ത് നിന്ന് ഒരു ശബ്ദം “ഞങ്ങളിൽ പരാജിതർ ആരുമില്ല’. സർവരും അത്ഭുതപ്പെട്ടു. എങ്കിൽ എന്നെയും ഇവിടെ മറവ് ചെയ്യണം. ഇബ്‌നു ഹുമാം(റ) അനുചരരോട് വസ്വിയ്യത്ത് ചെയ്തു. അവർ ആ ആജ്ഞ നിറവേറ്റി. ഇബ്‌നു അത്വാഇല്ലാഹി സിക്കന്ദരി(റ) ചാരത്ത് അവർ ഗുരുവിന് വിശ്രമ സ്ഥാനമൊരുക്കി. ഈജിപ്തിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് ഇന്നും ആ പ്രദേശം.
ഇത്തരം ചരിത്രങ്ങളും അനുഭവങ്ങളും നിറഞ്ഞതായിരുന്നു ആ യാത്രാകുറിപ്പുകൾ. ജോർദാൻ, ഇറാഖ്, സിറിയ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ കാണണമെന്ന മോഹം മൊട്ടിട്ടത് അവ വായിച്ചതോടെയാണ്. ഉസ്താദുമായി ബന്ധപ്പെട്ട് ചില അനുഭവങ്ങൾ കൂടിയുണ്ട്. ടി ടി ഉസ്താദിന്റ ശിഷ്യരിൽ പ്രധാനിയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം വയനാട് അബ്ദുർറഹ്്മാൻ മുസ്്ലിയാർ പങ്കുവെച്ചതാണിത്.
ഉസ്താദ് എപ്പോഴും ക്ലാസ്സുകളിൽ “ബൈതുൽ മുഖദ്ദസിലേക്ക് എത്തിക്കണേ, മിസ്‌റിലേക്ക് എത്തിക്കണേ, ഇറാഖിലേക്കും സിറിയയിലേക്കും ജോർദാനിലേക്കും എത്തിക്കണേ’ എന്നിങ്ങനെ ദുആ ചെയ്യുമായിരുന്നുവത്രെ. അന്ന് ഞങ്ങൾ ചിന്തിച്ചിരുന്നത്, ഹജ്ജിന് വരെ കപ്പലിലാണ് യാത്ര. പിന്നെ എങ്ങനെയാണ് അവിടങ്ങളിൽ എത്താൻ കഴിയുക?. ഉസ്താദ് ഇങ്ങനെ “നടക്കാത്ത കാര്യങ്ങൾ’ ദുആ ചെയ്യുന്നത് എന്തിനാണ്? എന്നൊക്കെയായിരുന്നു. പലപ്പോഴും ഞങ്ങൾ അക്കാര്യം ഉസ്താദിനോട് ചോദിക്കുകയും ചെയ്തിരുന്നു.
പക്ഷേ, കാലങ്ങൾ കഴിഞ്ഞ് ടി ടി ഉസ്താദ് അവിടങ്ങളിലൊക്കെ എത്തിയപ്പോഴാണ് പ്രാർഥനയിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും എല്ലാം നേടിയെടുക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് മനസ്സിലായത്.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ദുൽ ഹിജ്ജ മാസത്തിൽ വിശുദ്ധ കഅബക്ക് സമീപത്ത് വെച്ചാണ് ടി ടി ഉസ്താദിനെ അവസാനമായി കാണുന്നത്. വിശുദ്ധ ഹറമിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ആരാധനകൾ നിർവഹിക്കുന്ന തിരക്കിലായിരുന്നു ഉസ്താദ്. ഒരു സ്ഥലത്തിരുന്ന് ദീർഘനേരം പ്രാർഥിക്കും. ശേഷം മറ്റൊരിടത്തേക്ക് മാറി അവിടെ ആരാധനകളിൽ മുഴുകും. അങ്ങനെ പല സ്ഥലങ്ങളിലിരുന്ന് ദീർഘനേരം ആരാധനകൾ നിർവഹിക്കുന്നു.
പരസ്പരം സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ അതേ കുറിച്ച് ചോദിച്ചു. “മസ്ജിദുൽ ഹറാമിന്റെ എല്ലാ ഭാഗവും നാം ദുആ ചെയ്തതിന് സാക്ഷിയാകുമല്ലോ’ എന്നായിരുന്നു മറുപടി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ദുൽഹിജ്ജ ഏഴിന് മിനയിൽ വെച്ച് ടി ടി ഉസ്താദ് വഫാത്തായ വിവരമാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ഉടൻ ഇക്കാക്കയോടൊപ്പം ജനാസ സന്ദർശിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. യാത്രാപ്രിയനായ ആ മഹാമനീഷി യാത്രക്കാരനായിരിക്കെ പ്രജ്ഞയറ്റ് കിടക്കുന്നു. നിറപുഞ്ചിരിയാൽ തിളങ്ങുന്ന ആ പൂമുഖം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.