Editorial
വെടിയണം വലിച്ചെറിയല്‍ സംസ്‌കാരം
സര്‍ക്കാര്‍ വലിച്ചെറിയല്‍വിരുദ്ധ വാരം പ്രഖ്യാപിച്ചെങ്കിലും അത് പ്രാവര്‍ത്തികമാക്കാനാവശ്യമായ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. പൊതുനിരത്തിലും കവലകളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാവശ്യമായ ബിന്നുകള്‍ എല്ലായിടത്തും സ്ഥാപിച്ചെങ്കിലേ പദ്ധതി വിജയിക്കുകയുള്ളൂ.
‘മാലിന്യമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി നാളെ മുതല്‍ ജനുവരി ഏഴ് വരെ ‘വലിച്ചെറിയല്‍ വിരുദ്ധ വാരം’ ആചരിക്കുകയാണ്. വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ പൊതുവെ വലിച്ചെറിയുന്നത് നിരത്തുകളുടെ വശങ്ങളിലും പൊതുയിടങ്ങളിലും ജലാശയങ്ങളിലുമാണ്. സമൂഹത്തോടുള്ള വെല്ലുവിളിയും ഗുരുതര നിയമലംഘനവുമാണിത്. വ്യക്തിപരമായ ശുചീകരണത്തിലും വീടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധാലുക്കളാണെങ്കിലും സാമൂഹിക ശുചിത്വത്തില്‍ തീരെ അശ്രദ്ധാരാണ് പലരും. ഒരു ഉത്പന്നം വാങ്ങിയാല്‍ അത് പരമാവധി ഉപയോഗിച്ച്, കഴിയുമെങ്കില്‍ പുനരുപയോഗിച്ച് മാലിന്യങ്ങള്‍ യഥാവിധി സംസ്‌കരിക്കുകയെന്നതായിരുന്നു നമുക്ക് മുമ്പേ കടന്നുപോയ തലമുറയുടെ സംസ്‌കാരം. ആവശ്യം കഴിയുമ്പോള്‍ വസ്തുക്കള്‍ അതീവ ലാഘവത്തോടെ എവിടെയെങ്കിലും വലിച്ചെറിയുന്നതാണ് ഇന്നത്തെ സംസ്‌കാരം.
മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പുതു തലമുറയുടെ ശീലങ്ങള്‍ മാറ്റേണ്ട കാലം അതിക്രമിച്ചു. ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍, നമുക്ക് ഭക്ഷ്യധാന്യങ്ങള്‍ തരുന്ന മണ്ണിനെപ്പറ്റി, അതില്‍ വളരുന്ന സസ്യങ്ങളെക്കുറിച്ച്, അവയെ ആശ്രയിക്കുന്ന ജീവജാലങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇവ്വിഷയകമായി ജനങ്ങളില്‍ ബോധവത്കരണം നടത്തുക, പൊതുയിടങ്ങളില്‍ മാലിന്യ ശേഖരണത്തിനുള്ള ബിന്നുകള്‍ സ്ഥാപിച്ച് ആളുകള്‍ മാലിന്യങ്ങള്‍ അവയില്‍ തന്നെ നിക്ഷേപിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, നിയമലംഘകരെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് വാരാചരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍. റസിഡന്റ്സ് അസ്സോസിയേഷനുകളുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെയായിരിക്കും ബോധവത്കരണ പരിപാടികള്‍.
കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളായി. മാറിമാറി വന്ന സര്‍ക്കാറുകള്‍ ഈ ലക്ഷ്യത്തില്‍ പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. ജനങ്ങളില്‍ നിന്ന് മതിയായ സഹകരണം ലഭിക്കുന്നില്ല. ഇടക്കാലത്ത് കോടതിയും പ്രശ്നത്തില്‍ ഇടപെട്ടു. മാലിന്യമുക്ത കേരളം ഉറപ്പാക്കുന്നതിന് 2016ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം സമഗ്രമായ കര്‍മപദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചു. ജൈവ-അജൈവ മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കല്‍, അജൈവ മാലിന്യങ്ങളുടെ 100 ശതമാന വാതില്‍പടി ശേഖരണം, ജൈവമാലിന്യം 100 ശതമാനവും ഉറവിടത്തില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക, പൊതുയിടങ്ങള്‍ പൂര്‍ണമായും മാലിന്യമുക്തമാക്കല്‍, എല്ലാ ജലാശയങ്ങളിലെയും ഖരമാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് ഉറപ്പാക്കുക, പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഹരിത പ്രോട്ടോകോള്‍ നടപ്പാക്കി പൊതുസ്ഥലങ്ങളിലേക്ക് മാലിന്യങ്ങള്‍ വരുന്നത് തടയുക, മികച്ച രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും പുരസ്‌കാരം തുടങ്ങിയവയായിരുന്നു ഇതിന്റെ ഭാഗമായുള്ള പരിപാടികള്‍. പദ്ധതി സമയബന്ധിതമായി നടപ്പാക്കി 2023 ജനുവരി അഞ്ചോടെ സംസ്ഥാനത്തെ എല്ലാ സ്വയംഭരണ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സംസ്ഥാനത്ത് ഇപ്പോഴും മാലിന്യപ്രശ്നം രൂക്ഷമാണ്. പൊതുനിരത്തുകളുടെ വശങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണതക്ക് അറുതിയായില്ല. മാലിന്യമുക്ത കേരളത്തിന്റെ സൃഷ്ടിപ്പ് ലക്ഷ്യം വെച്ച് രൂപവത്കരിക്കപ്പെട്ട ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം തന്നെ തൃപ്തികരമല്ല. ഹരിത സേന വീടുകളില്‍ നിന്ന് 50 രൂപ വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഏതെങ്കിലും പൊതുസ്ഥലത്ത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ആഴ്ചകള്‍ അവിടെ കിടന്ന ശേഷമായിരിക്കും മാലിന്യച്ചാക്കുകള്‍ നീക്കം ചെയ്യുന്നത്. അത്രയും നാള്‍ അവ സൃഷ്ടിക്കുന്ന ദുര്‍ഗന്ധവും പാരിസ്ഥിതിക പ്രശ്നങ്ങളും പൊതുജനം സഹിക്കണം.
സംസ്ഥാനത്തെ ജലാശയങ്ങളിലെങ്ങും വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദൃശ്യമാണ്. മദ്യക്കുപ്പികളാണ് ഗണ്യഭാഗവും. തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ ഇതിനിടെ ഒരു ശുചീകരണ തൊഴിലാളി മരിച്ച അത്യാഹിതത്തെ തുടര്‍ന്ന് തോട്ടിലെ മാലിന്യം നീക്കിയപ്പോള്‍ അതിലേറെയും മദ്യക്കുപ്പികളായിരുന്നു. മദ്യപന്മാര്‍ ഒഴിഞ്ഞ കുപ്പികള്‍ റോഡരികിലും ജലാശയങ്ങളിലുമാണ് വലിച്ചെറിയുന്നത്. ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യങ്ങളും വിസര്‍ജ്യങ്ങളും വലിച്ചെറിഞ്ഞാല്‍ 10,000 മുതല്‍ 50,000 രൂപ വരെ പിഴ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ മനോഭാവത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിട്ടും ബോധവാന്മാരാകുന്നില്ല ജനം.
അതേസമയം, സര്‍ക്കാര്‍ വലിച്ചെറിയല്‍വിരുദ്ധ വാരം പ്രഖ്യാപിച്ചെങ്കിലും അത് പ്രാവര്‍ത്തികമാക്കാനാവശ്യമായ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. പൊതുനിരത്തിലും കവലകളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാവശ്യമായ ബിന്നുകള്‍ എല്ലായിടത്തും സ്ഥാപിച്ചെങ്കിലേ പദ്ധതി വിജയിക്കുകയുള്ളൂ. മിക്കയിടങ്ങളിലും ഇപ്പോഴും ബിന്നുകള്‍ സ്ഥാപിതമായിട്ടില്ല. രണ്ട് ദിവസം മുമ്പത്തെ റിപോര്‍ട്ടനുസരിച്ച് 33,000ത്തോളം ബിന്നുകളാണ് സംസ്ഥാനത്താകെ സ്ഥാപിതമായത്. വാരാചരണം പ്രഖ്യാപിക്കുന്നതിനു മുമ്പ് അത് വിജയിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതായിരുന്നു സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും.