Connect with us

cover story

തുളസേന്ദ്രപുരം വെറുമൊരു ഗ്രാമമല്ല

പതിമൂവായിരം കി മീറ്റർ അകലെയുള്ള വാഷിംഗ്ടണിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾ തമിഴ്നാട്ടിലെ ഈ കൊച്ചു ഗ്രാമം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പ്രമുഖ മാധ്യമങ്ങളായ ബി ബി സി, സി എൻ എൻ തുടങ്ങിയ ചാനലുകളുടെയും എ പി, എ എഫ് പി, റോയിട്ടർ തുടങ്ങിയ വാർത്താ ഏജൻസികളുടെയും റിപ്പോർട്ടർമാർ ഇവിടുത്തെ വിശേഷങ്ങൾ ലോകത്ത് എത്തിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽ നിന്നു പിൻമാറുകയും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേര് നിർദേശിക്കുകയും ചെയ്തതോടെ തമിഴ്നാട് തിരുവാരൂർ ജില്ലയിലെ ഈ ഗ്രാമത്തിന്റെ കണ്ണും കാതും അമേരിക്കയിൽ നിന്നുള്ള നല്ല വാർത്തകൾക്കായി തുറന്നു വെച്ചിരിക്കുകയാണ്.

Published

|

Last Updated

ഡി ഏഴാം നൂറ്റാണ്ടിൽ മധ്യകാല ചോളന്മാർ സ്ഥാപിച്ച ബ്രാഹ്മിൻ ഗ്രാമമായ പ്രസിദ്ധ മന്നാർഗുഡിയിൽ നിന്നു ഏഴ് കി. മീറ്റർ പിന്നിട്ടാൽ ഹരിത നിബിഡമായ ഒരു ഗ്രാമമുണ്ട്. തുളസേന്ദ്രപുരം. ചോള രാജാവായ രാജാധിരാജ ചോളൻ, വിജയനഗര സാമ്രാജ്യം, ഡൽഹി സുൽത്താനേറ്റ്, തഞ്ചാവൂർ മാർത്ത് നായക്‌സ്, തഞ്ചാവൂർ മാർത്താസ് നായക്കുകൾ എന്നിവരുൾപ്പെടെ വിവിധ രാജവംശങ്ങളുടെ ഭരണത്തിലായിരുന്ന തഞ്ചാവൂരിന്റെ ഭാഗമായിരുന്നു തുളസേന്ദ്ര പുരം എന്ന കൊച്ചു ഗ്രാമം. ഈ ഗ്രാമം ഒരിക്കൽ കൂടി ലോക ശ്രദ്ധ ആകർഷിക്കുകയാണ്.

പതിമൂവായിരം കി. മീറ്റർ അകലെയുള്ള വാഷിംഗ്ടണിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾ തമിഴ്നാട്ടിലെ ഈ കൊച്ചു ഗ്രാമം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പ്രമുഖ മാധ്യമങ്ങളായ ബി ബി സി, സി എൻ എൻ തുടങ്ങിയ ചാനലുകളുടെയും എ പി, എ എഫ് പി, റോയിട്ടർ തുടങ്ങിയ വാർത്താ ഏജൻസികളുടെയും റിപ്പോർട്ടർമാർ ഇവിടുത്തെ വിശേഷങ്ങൾ ലോകത്ത് എത്തിച്ചു കൊണ്ടിരിക്കയാണ്. അമേരിക്കൻ പ്രസിഡന്റ്ജോ ബൈഡൻ മത്സരത്തിൽ നിന്നു പിൻമാറുകയും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ്കമലാ ഹാരിസിന്റെ പേര് നിർദേശിക്കുകയും ചെയ്തതോടെ തമിഴ്നാട് തിരുവാരൂർ ജില്ലയിലെ ഈ ഗ്രാമത്തിന്റെ കണ്ണും കാതും അമേരിക്കയിൽ നിന്നുള്ള നല്ല വാർത്തകൾക്കായി തുറന്നു വെച്ചിരിക്കുകയാണ്. മധുരം വിതരണം ചെയ്തും പ്രത്യേക പ്രാർഥനകൾ നടത്തിയും ഗ്രാമീണർ ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ്.

കമലാ ഹാരിസിന്റെ മുത്തച്ഛൻ പി വി ഗോപാലൻ ജനിച്ചത് ഈ ഗ്രാമത്തിലായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഡൽഹിയും സാംബിയയുമായിരുന്നു. ഭാര്യ രാജം. ഈ ദമ്പതികൾക്ക് ശ്യാമള എന്ന മകൾ ജനിച്ചു. ഡൽഹി ലേഡി ഇർവിൻ കോളജിൽ നിന്ന് ബിരുദം നേടിയ ശ്യാമള ഗോപാലൻ 19ാം വയസ്സിൽ ഉപരി പഠനത്തിനായി അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിൽ ചേർന്നു. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്യാമള സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി പ്രൊഫസർ ജമൈക്കകാരനായ ഡൊണാൾഡ് ജെ ഹാരിസിനെ വിവാഹം കഴിച്ചു. അവർ അമേരിക്കയിൽ താമസം ഉറപ്പിച്ചു. അവരുടെ മൂത്ത മകളാണ് 59 കാരിയായ കമല ഹാരിസ്.

കമലാ ഹാരിസ് മുത്തച്ഛൻ ജനിച്ച ഗ്രാമം സന്ദർശിക്കുകയോ ഗ്രാമീണരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഗ്രാമീണർക്ക് കമലാ ഹാരിസിനെ നേരിൽ കണ്ട പരിചയവുമില്ല. എന്നിട്ടും ഗ്രാമീണർ കമലാ ഹാരിസിന്റെ വിജയം തുളസേന്ദ്രപുരത്തിന്റെ വിജയമായി കാണുകയാണ്.

തുളസേന്ദ്രപുരത്തെ ജനസംഖ്യ ഏതാണ്ട് അഞ്ഞൂറിൽപ്പരമാണ്. ജനങ്ങളുടെ വരുമാന മാർഗം കൃഷിയാണ്. നെല്ലാണ് പ്രധാന കൃഷി.ജോലിയും ക്ഷേത്രവും വീടുമായി കഴിഞ്ഞു കൂടുന്ന ഗ്രാമീണരിൽ ഏറെയും ലോക കാര്യങ്ങളറിയുന്നതിൽ താത്പര്യമുള്ളവരല്ല. ടി വി തുറക്കുന്നത് സിനിമ കാണാൻ മാത്രമായിരുന്നു. എന്നാൽ ഇന്നതിനൊരു മാറ്റം വന്നിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ്സ്ഥാനത്തേക്കുള്ള കമലാ ഹാരിസിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ചും വിജയ സാധ്യതയെ കുറിച്ചുമാണ് അവർ സംസാരിക്കുന്നത്. ഒരുപക്ഷെ ഇത്തവണത്തെ അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു എസ് പൗരന്മാന്മാരെക്കാൾ ആകാംക്ഷയും താത്പര്യവും കാണിക്കുന്നവർ തുളസേന്ദ്ര പുരത്തെ ജനങ്ങളായിരിക്കും. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി കമലാ ഹാരിസിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഗവർണർമാരുടെയും പാർട്ടി നേതാക്കളുടെയും പിന്തുണ കമലാ ഹാരിസിനു കൂടി വരികയാണ്. അടുത്ത മാസം ഷിക്കാഗോയിൽ ചേരുന്ന പാർട്ടി യോഗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എന്നാൽ, കമലാ ഹാരിസിന്റെ പുഞ്ചിരിക്കുന്ന ഫോട്ടോ പതിച്ച കൂറ്റൻ ബാനറുകളും ഫ്ലക്സ് ബോർഡുകളും അവരുടെ തറവാട്ടു ഗ്രാമമായ തുളസേന്ദ്രപുരത്ത് ഉയർന്നു കഴിഞ്ഞു. ഗ്രാമത്തിലെ പ്രധാന ക്ഷേത്രമായ ശ്രീ ധർമശാസ്താ ക്ഷേത്രകവാടത്തിലുയർത്തിയ കമലാ ഹാരിസിന്റെ ചിത്രമുള്ള ബാനർ ഗ്രാമീണരുടെ ആഗ്രഹം പ്രതിഫലിക്കുന്നു.

2020ൽ അമേരിക്കയുടെ 49ാ മത് വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തുളസേന്ദ്രപുരം കമലയുടെ വിജയം ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. തമിഴ് ആചാരപ്രകാരം വീട്ടുമുറ്റത്ത് കളംവരച്ചും വീടുകളുടെ ചുമരുകളിൽ കമലയുടെ ഫോട്ടോകൾ പതിച്ചും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും അന്നദാനം നടത്തിയും അവർ കമലാ ഹാരിസിന്റെ വിജയത്തെ നെഞ്ചേറ്റുകയുണ്ടായി. ക്ഷേത്രങ്ങളിൽ പാലഭിഷേകവും നെയ്യഭിഷേകവും മഞ്ഞൾ അഭിഷേകവും നടത്തി. കമലയുടെ കുടുംബ ക്ഷേത്രമായ ശ്രീ ധർമശാസ്ത്ര ക്ഷേത്രത്തിൽ ദിവസങ്ങൾ നീണ്ട പൂജകൾ തുടർന്നു . ഒരിക്കൽ കൂടി അത്തരം ഒരു ആഘോഷം നടത്താനായി തുളസേന്ദ്രപുരം കാത്തിരിക്കുകയാണ് .

കമലാ ഹാരിസിന്റെ കുടുംബവുമായി ബന്ധത്തിൽപ്പെട്ട ആരും ഇപ്പോൾ ഈ ഗ്രാമത്തിലില്ല. ഏതാണ്ട് 100 വർഷം മുമ്പ് ഈ ഗ്രാമം വിട്ടവരാണ് കമലയുടെ കുടുംബങ്ങൾ. എന്നാൽ ക്ഷേത്ര പുനരുദ്ധാരണത്തിനും മറ്റുമായി കമലാ ഹാരിസിന്റെ കുടുംബത്തിന്റെ സഹായങ്ങൾ അടുത്തകാലം വരെ ഗ്രാമത്തിനു ലഭിച്ചിരുന്നു. 2014ൽ നടന്ന ക്ഷേത്ര നവീകരണത്തിന് കമലാ ഹാരിസ് വ്യക്തിപരമായി സഹായങ്ങൾ നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ച ബോർഡിൽ സഹായം നൽകിയവരുടെ പേര് വിവര പട്ടികയിൽ കമലാ ഹാരിസിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

കലിഫോർണിയ ഓട്ടോണി ജനറൽ സ്ഥാനത്തേക്കും സെനറ്റിലേക്കും മത്സരിച്ചപ്പോൾ കമലയുടെ ആഗ്രഹപ്രകാരം മാതൃ സഹോദരി സരള ചെന്നൈ ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്രത്തിൽ നാളികേരമുടച്ചു പ്രാർഥന നടത്തിയതായി നാട്ടുകാർ ഒാർക്കുന്നു. കമലയുടെ മാതൃ പിതാവ് ഗോപാലൻ ഉദ്യോഗത്തിൽ നിന്നു വിരമിച്ചതിനു ശേഷം വിശ്രമം ജീവിതം നയിച്ചത് ചെന്നൈയിലായിരുന്നു. ഗോപാലൻ മരിക്കുന്നതുവരെ, അമ്മക്കൊപ്പം കമല മുത്തച്ഛനെ കാണാൻ വരുമായിരുന്നു. കമല അവസാനമായി ചെന്നൈയിൽ വന്നത് 1998 ലാണ്. ഇന്ത്യയും വിശിഷ്യാ തമിഴ് നാടുമായുള്ള കുടുംബ വേര് നിലനിർത്താൻ കമലയുടെ കുടുംബം ആഗ്രഹിക്കുന്നു. അമേരിക്കയിൽ വെച്ചു മരണപ്പെട്ട മാതാവ് ശ്യാമളയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് ചെന്നൈയിലായിരുന്നു. അന്ന് ചിതാഭസ്മവുമായി വന്നത് കമലയുടെ സഹോദരി മായയായിരുന്നു.

ഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണി ആയും തുടർന്നു കലിഫോർണിയയിൽ അറ്റോർണി ജനറലായും പ്രവർത്തിച്ച കമല 2017 ൽ കലിഫോർണിയയിൽ നിന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജനുവരിയിൽ അമേരിക്കയുടെ വൈസ് പ്രസിഡന്റായി നിയമിതയായി. അമേരിക്കയുടെ ചരിത്രത്തിൽ ഒരു വനിത വൈസ് പ്രസിഡന്റാകുന്നത് ആദ്യമാണ്. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അത് അമേരിക്കയുടെ ചരിത്രത്തിലെ മറ്റൊരു സംഭവമായിരിക്കും. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ്, കറുത്ത വർഗക്കാരിയായ ആദ്യ പ്രസിഡന്റ്എന്നീ സ്ഥാനങ്ങളും കമലാ ഹാരിസിന്റെ പേരിനൊപ്പം ചേർക്കപ്പെടും.

Latest