Connect with us

Ongoing News

തണ്ടര്‍ കൊല്‍ക്കത്ത; മിറ്റിയോഴ്സിനെ തകര്‍ത്ത് ഒന്നാമത്

അശ്വല്‍ റായിയുടെ ഓള്‍റൗണ്ട് മികവിലാണ് കൊല്‍ക്കത്ത ജയം നേടിയത്. സ്‌കോര്‍: 12-15, 15-6, 12-15, 15-11, 15-11.

Published

|

Last Updated

ഹൈദരാബാദ് | എ23 പ്രൈം വോളിബോള്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്. മുംബൈ മിറ്റിയോഴ്സിനെതിരെയാണ് തണ്ടര്‍ബോള്‍ട്ട്‌സ് ഇടിവെട്ട് ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 12-15, 15-6, 12-15, 15-11, 15-11. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അശ്വല്‍ റായിയുടെ ഓള്‍റൗണ്ട് മികവിലാണ് കൊല്‍ക്കത്ത ജയം നേടിയത്.

ഹിരോഷി സെന്റല്‍സിന്റെ സര്‍വീസ് വരയില്‍ നിന്നുള്ള ആക്രമണാത്മക നീക്കങ്ങളാണ് മുംബൈയെ മുന്നോട്ടുനയിച്ചത്. എന്നാല്‍ കൊല്‍ക്കത്തയ്ക്കായി രാഹുല്‍ സെര്‍വ് ചെയ്യാന്‍ തുടങ്ങിയതോടെ കളി ഗതി മാറി. ജന്‍ഷാദും ക്യാപ്റ്റന്‍ അശ്വല്‍ റായിയും ചേര്‍ന്ന് കൊല്‍ക്കത്തയുടെ മധ്യനിരയെ ഏറ്റെടുത്തു.

തന്ത്രപരമായ കളിയിലൂടെ കൊല്‍ക്കത്തയുടെ വിനിത് കുമാറിന്റെ മനസില്‍ സംശയം നിറച്ച് മുംബൈ കളി പിടിച്ചു. ക്യാപ്റ്റന്‍ കാര്‍ത്തിക് പ്രതിരോധ നിരയെ നയിക്കുകയും ഷമീം ആക്രമണ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. മുംബൈ നിലവിലെ ചാമ്പ്യന്മാരെ തകര്‍പ്പന്‍ ബ്ലോക്കുകളിലൂടെ നിലംപരിശാക്കി നിയന്ത്രണം ഏറ്റെടുത്തു.

കൊല്‍ക്കത്ത പെട്ടെന്ന് തന്ത്രങ്ങള്‍ മാറ്റി. അശ്വലും രാഹുലും ചേര്‍ന്നുള്ള ബ്ലോക്ക് മുംബൈ ആക്രമണങ്ങളുടെ വഴിയടച്ചു. ഊര്‍ജം നിലനിര്‍ത്തി മുംബൈ കളിച്ചെങ്കിലും പിഴവുകള്‍ ഏറെയുണ്ടായി. കോഡി കാള്‍ഡ്വെല്ലിന്റെ സ്‌പൈക്കുകള്‍ മുംബൈക്ക് പതര്‍ച്ചയുണ്ടാക്കി.

എന്നാല്‍ ഷമീമിന്റെ സൂപ്പര്‍ സെര്‍വ് മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. ലിബറോ രതീഷിന്റെ സാന്നിധ്യം മുംബൈയുടെ പാസിങിനെ കൃത്യതയുള്ളതാക്കി. എന്നാല്‍ അശ്വലിന്റെയും രാഹുലിന്റെയും ബ്ലോക്ക് ലൈന്‍ വീണ്ടും മുംബൈയുടെ ആക്രമണനിരയുടെ വഴിയടച്ചു. കൊല്‍ക്കത്ത ഒപ്പമെത്തി.

അവസാന സെറ്റില്‍ ക്യാപ്റ്റന്‍ അശ്വല്‍ മുന്നില്‍ നിന്ന് നയിച്ചു. ശക്തമായ ഒരു ബ്ലോക്കിലൂടെ ഹിരോഷിയെ തടഞ്ഞു. മുംബൈ പിഴവുകള്‍ വരുത്തി. ഒപ്പം വിനിതിന്റെ ശക്തമായ സ്പൈക്ക് മുംബൈയെ തളര്‍ത്തി. മത്സരം കൊല്‍ക്കത്ത 3-2 ന് ജയിച്ച് പട്ടികയില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്തു.

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഹൈദരാബാദ് ലെഗിന്റെ അവസാന ദിനമായ 2023 ഫെബ്രുവരി 21ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ബെംഗളൂരു ടോര്‍പ്പിഡോസുമായി ഏറ്റുമുട്ടും.

 

Latest