International
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഖബറടക്കം വ്യാഴാഴ്ച
ഞായറാഴ്ച വൈകീട്ടാണ് ഇബ്‌റാഹീം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അദ്ദേഹമടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്.
ടെഹ്‌റാന്‍|ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ
ഖബറടക്കം വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ വ്യാഴാഴ്ച നടക്കുമെന്ന് ഇറാനിയന്‍ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് മൊഹ്‌സെന്‍ മന്‍സൂരി. റെയ്‌സിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, ടെഹ്‌റാന്‍, ബിര്‍ജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തില്‍ ഖബറടക്കും. സംഭവത്തെതുടര്‍ന്ന് ഇറാനില്‍ അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയുള്ള പരീക്ഷകളും റദ്ദ് ചെയ്തു.
ഞായറാഴ്ച വൈകീട്ടാണ് ഇബ്‌റാഹീം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അദ്ദേഹമടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇബ്രാഹീം റെയ്‌സി. മൂന്ന് ഹെലിക്കോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും ഇറാനിലേക്ക് മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോപ്റ്റര്‍ മലയിടുക്കില്‍ തകര്‍ന്നുവീണതായി കണ്ടെത്തിയത്.
സണ്‍ഗുണ്‍ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. മോശം കാലാവസ്ഥയും കനത്ത മൂടല്‍ മഞ്ഞും കാരണം കോപ്റ്റര്‍ ഇടിച്ചിറക്കുകയായിരന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടം കഴിഞ്ഞ് ഏറെ മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായത്. ഇന്നലെ രാവിലെയാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മലയിടുക്കില്‍ കണ്ടെത്തിയത്. പിന്നെയും ഏറെ സമയത്തെ തിരച്ചിലിന് ഒടുവിലാണ് റെയ്‌സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുക്കാനായത്.