Connect with us

Health

തൈറോയ്ഡ് രോഗങ്ങളും ഭക്ഷണ ക്രമീകരണവും

ആരോഗ്യമുള്ള തൈറോയ്ഡ് വേണമെങ്കിൽ ഏറ്റവും പ്രധാനം സമീകൃതാഹാരം ശീലമാക്കുക എന്നതാണ്. അനാരോഗ്യപരമായ ഭക്ഷണരീതി തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കും. കൃത്രിമ നിറങ്ങളടങ്ങിയ ഭക്ഷണപദാർഥങ്ങൾ, കൃത്രിമ രുചികൾ, സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. ക്യാബേജ് കോളിഫ്ലവർ ഇവ വേവിക്കാതെ കഴിക്കരുത്, പച്ചക്ക് കഴിച്ചാൽ ഇവയിൽ അടങ്ങിയ രാസവസ്തുക്കൾ തൈറോയ്ഡിന് ദോഷം ചെയ്യും.

Published

|

Last Updated

നല്ല ആരോഗ്യത്തിനും മനുഷ്യശരീരത്തിലെ കൃത്യമായ പ്രവർത്തനങ്ങൾക്കും പോഷകധാതുക്കളുടെ കൃത്യമായ അളവിലുള്ള ലഭ്യത അനിവാര്യമാണ്. പോഷക ധാതുക്കളുടെ കൃത്യമായ അളവിലുള്ള ലഭ്യതയെ പറ്റി പഠിക്കുമ്പോൾ ഇന്ത്യൻ ജനതയിൽ പ്രധാനമായും കണ്ടുവരുന്ന കുറവ് ഇരുമ്പിന്റെയും അയഡിന്റെയും വൈറ്റമിൻ എയുടെതുമാണ്. ഇന്ത്യയിലെ ഏകദേശം 235 ജില്ലകളിൽ ഇന്നും സ്ഥിരമായി അയഡിൻ അപര്യാപ്തത കണ്ടുവരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങളിൽ അയഡിൻ പ്രധാന പങ്കു വഹിക്കുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം, ഉപാപചയം എന്നിവയാണ് അവയിൽ പ്രധാനം. നമ്മുടെ ശരീരത്തിലെ രക്തത്തിൽ അയഡിന്റെ അളവ് 5-10 മൈക്രോഗ്രാം / ഡെസിലിറ്റർ ആണ്. ഈ അളവ് നിലനിർത്താൻ ദിവസം 150 മുതൽ 200 മൈക്രോ ഗ്രാം വരെ ആവശ്യമാണ്. ഗർഭകാലം, മുലയൂട്ടൽ എന്നീ അവസരങ്ങളിൽ കൂടുതൽ അളവ് അയഡിൻ ആവശ്യമായിവരുന്നു. മൊത്തം അയഡിന്റെ 90 ശതമാനവും നമുക്ക് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. 10 ശതമാനം കുടിക്കുന്ന വെള്ളത്തിലൂടെയും.
അയഡിന്റെ അപര്യാപ്തതയുടെ പ്രധാന പ്രശ്നങ്ങളെ മൊത്തത്തിൽ അയഡിൻ ഡെഫിഷ്യൻസി ഡിസോർഡേഴ്സ് എന്നു പറയുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

അയഡിൻ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. തൊണ്ടയുടെ കീഴ്ഭാഗത്ത് വലിയ മുഴകളുള്ള ഒരു സ്ത്രീയുടെതല്ലേ. തൈറോയ്ഡ് ഗ്രന്ഥി ഉണ്ടാക്കുന്ന ഹോർമോണുകളുടെ ഒരു പ്രധാന ഘടകം അയഡിൻ എന്ന് നേരത്തെ പറഞ്ഞുവല്ലോ. അയഡിന്റെ അഭാവം മൂലം കൂടുതൽ ഹോർമോൺ ഉത്പാദിപ്പിക്കാൻ ഗ്രന്ഥി വലുതാകുന്നതാണ്. നമ്മൾ കാണുന്ന വിധത്തിൽ തൈറോയ്ഡ് ഗ്രന്ഥി വളർന്ന് മുഴകൾ അഥവാ ഗോയിറ്റർ ആയി മാറുന്നത്.
വലുതായിട്ട് അയഡിൻ കുറഞ്ഞു നിന്നാലും ഹോർമോൺ ഉത്പാദനം കുറഞ്ഞു തന്നെ ആയിരിക്കും. അതുകൊണ്ടാണ് ഗോയിറ്റർ ഉള്ളവരുടെ ഹോർമോൺ ലെവൽ പരിശോധിച്ചാൽ അത് കുറഞ്ഞിരിക്കുന്നത്. ഹോർമോൺ ഉണ്ടാക്കാൻ അയഡിൻ കുറവുള്ളപ്പോൾ ഫലം കാണില്ല; തൈറോയ്ഡ് ഗ്രന്ഥി വീർത്തും ഹോർമോൺ ലെവൽ കുറഞ്ഞും തന്നെയിരിക്കും. അങ്ങനെ ഹൈപ്പോതൈറോയ്ഡിന് കാരണമാകുന്നു.

തൈറോയ്ഡിന്റെ അമിത പ്രവർത്തനം മൂലം ഉണ്ടാകുന്ന അപര്യാപ്തതയാണ് ഹൈപ്പർതൈറോയ്ഡിസം. ഇവ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ഇത് മരുന്ന് കഴിച്ചാണ് സാധാരണ നോർമൽ ആക്കി നിർത്താൻ സാധിക്കുന്നത്. അത് ദീർഘകാലം ചിലപ്പോൾ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരും എന്നതാണ് പ്രധാന പ്രശ്നം.
അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീര ഭാഗങ്ങളിൽ നീര്, കിതപ്പ്, ആർത്തവ സമയത്തെ അമിത രക്തസ്രാവം, തണുപ്പ് സഹിക്കാനുള്ള കഴിവില്ലായ്മ, ശബ്ദം പരുപരുത്തതാകുക, മുടികൊഴിച്ചിൽ, കൺപോളകളിലെ നീര്, തൊലിയുടെ കട്ടി കൂടുക, ആർത്തവം ക്രമം തെറ്റുക തുടങ്ങിയവയാണ് ഹൈപ്പോതൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് ലക്ഷണങ്ങൾ കാണണമെന്നില്ല. രക്തപരിശോധന നടത്തിയാണ് കണ്ടെത്താനാകുക. അമിതവിശപ്പ്, നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുക, നെഞ്ചിടിപ്പ്, ശരീരത്തിന് ചൂട്, കൈകാലുകളുടെ വിറയൽ, ഉത്കണ്ഠ, അതിവൈകാരികത, സന്ധിവേദന, അമിത വിയർപ്പ് തുടങ്ങിയവയാണ് ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ.

ഒരു വർഷത്തോളം കൃത്യമായി മരുന്നു കഴിച്ചാൽ 50 ശതമാനം പേരിലും ഈ പ്രശ്നം ഭേദമാക്കാവുന്നതാണ്. ചിലർക്ക് മരുന്ന് മാത്രം മതിയെങ്കിൽ ചിലർക്ക് ശസ്ത്രക്രിയയടക്കം വേണ്ടിവരും. തൈറോയ്ഡ് പ്രശ്നങ്ങൾ വളരെ സാധാരണയാണെന്നും 30 ശതമാനം പേർക്കും ജീവിതത്തിലൊരിക്കലെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആരോഗ്യമുള്ള തൈറോയ്ഡ് വേണമെങ്കിൽ ഏറ്റവും പ്രധാനം സമീകൃതാഹാരം ശീലമാക്കുക എന്നതാണ്. അനാരോഗ്യപരമായ ഭക്ഷണരീതി തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കും. കൃത്രിമ നിറങ്ങളടങ്ങിയ ഭക്ഷണപദാർഥങ്ങൾ, കൃത്രിമ രുചികൾ, സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. ക്യാബേജ്, കോളിഫ്ലവർ വേവിക്കാതെ കഴിക്കരുത്, പച്ചക്ക് കഴിച്ചാൽ ഇവയിൽ അടങ്ങിയ രാസവസ്തുക്കൾ തൈറോയ്ഡിന് ദോഷം ചെയ്യും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പയറുപരിപ്പ് വർഗങ്ങൾ, പാൽ എന്നിവ ഉൾപ്പെടുത്തുക. നോൺവെജിറ്റേറിയൻകാർക്ക് ചിക്കൻ, മീറ്റ്, മീൻ, പാൽ, മുട്ട എന്നിവ ഉൾപ്പെടുത്തുക. പ്രോട്ടീനും അയഡിനും ഒപ്പം സെലീനിയം, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പയറുവർഗങ്ങളിലും കടൽമത്സ്യങ്ങളിലും കശുവണ്ടിയിലും ധാരാളം സെലീനിയം അടങ്ങിയിട്ടുണ്ട്. തവിട് കളയാത്ത ധാന്യങ്ങൾ, ഛന്ന, കടല, കശുവണ്ടി തുടങ്ങിയവയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കി ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും അളവ് കൂട്ടുക. ഒമേഗ ത്രീ ഒമേഗ സിക്സ് ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുത്തുക. അയഡിൻ ധാരാളമായി അടങ്ങിയ ഭക്ഷണം അഭികാമ്യമാണ്. പ്രധാനമായും കടൽമത്സ്യങ്ങൾ പശുവിൻപാൽ, മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ടിന്നിലടച്ച ഭക്ഷണപദാർഥങ്ങൾ, മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്ത ആഹാരപദാർഥങ്ങൾ, ബേക്കറി പലഹാരങ്ങൾ, മൈദ കൊണ്ടുള്ള പലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നത് നല്ലതായിരിക്കും.

മാനസിക പിരിമുറുക്കം ഹോർമോൺ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ അവ മാറ്റിനിർത്തുക നമ്മുടെ ശരീരത്തിലെ ഹോർമോണിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള മികച്ച മാർഗമാണ് വ്യായാമം. അതുകൊണ്ട് വ്യായാമം ശീലമാക്കുക.

DIETITIAN, COMMUNITY NUTRITION FORUM, ERNAKULAM