Kerala
കടുവ ആക്രമണം: വനം മന്ത്രി പഞ്ചാരക്കൊല്ലിയിൽ; വൻ പ്രതിഷേധം
പ്രദേശവാസികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നു
വയനാട് | പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശനത്തിനിടെ വനം മന്ത്രി എ കെ ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ. കടുവ ആക്രമണം ഇന്നും തുടർന്നതോടെയാണ് ജനരോഷം ആളിക്കത്തിയത്. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
പ്രദേശവാസികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നു. പ്രതിഷേധം രൂക്ഷമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. പ്രതിഷേധം തുടരുന്നതിനാൽ മന്ത്രി വാഹനത്തിൽ തന്നെയാണുള്ളത്.
കഴിഞ്ഞ ദിവസം രാധയെ കടിച്ചുകൊന്ന കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ ആര്‍ ടി അംഗം ജയസൂര്യക്കും ഇന്ന് കടുവ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു വെച്ചാണ് സംഭവം. ജയസൂര്യയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.