Connect with us

Kerala

കടുവ ആക്രമണം: രാധയുടെ മകന് താത്കാലിക ജോലി

വീട് സന്ദര്‍ശിച്ച വനം മന്ത്രി ഉത്തരവ് കൈമാറി

Published

|

Last Updated

വയനാട് | കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. ജനരോഷം മറികടന്ന് പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദര്‍ശിച്ച വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് നിയമന ഉത്തരവ് കൈമാറിയത്.

മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ് നാട്ടുകാര്‍ രാധയുടെ വീടിനും പരിസര പ്രദേശത്തും തടിച്ചുകൂടിയിരുന്നു. മന്ത്രി എത്തിയതോടെ ജനരോഷമുയര്‍ന്നു. കരിങ്കൊടി വീശിയും കൂകി വിളിച്ചും നൂറുകണക്കിന് പേര്‍ കാര്‍ തടഞ്ഞു. ഇതോടെ വന്‍ പോലീസ് സന്നാഹത്തിലാണ് വൈകിട്ട് നാലോടെ മന്ത്രി രാധയുടെ വീടിനുള്ളില്‍ പ്രവേശിച്ചത്.

രാധയുടെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി മകന് താത്കാലിക ജോലി നല്‍കികൊണ്ടുള്ള ഉത്തരവ് കൈമാറുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം തുടര്‍ന്നതോടെ മന്ത്രി ബേസ് ക്യാമ്പിലേക്ക് പോയി. ഇവിടെയും മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധക്കാരുമായി മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ഉടന്‍ നടക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം രാധയെ കടുവ ആക്രമിച്ചുകൊന്നത്. കാപ്പിക്കുരു പറിക്കുന്നതിനിടെ പതിയിരുന്ന കടുവ രാധയെ ആക്രമിക്കുകയായിരുന്നു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം കടുവ ഭക്ഷിച്ചിരുന്നു.

 

Latest