From the print
പുല്‍പ്പാറയില്‍ പുലി ആക്രമണം; യുവാവിന് പരുക്ക്
തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്.

കല്‍പ്പറ്റ | പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്ക് പിന്നാലെ പുലി ഭീതിയും. കല്‍പ്പറ്റ പുല്‍പ്പാറ റാട്ടക്കൊല്ലി മലയില്‍ യുവാവിനെ പുലി ആക്രമിച്ചു. റാട്ടക്കൊല്ലി സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായ മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതി (36) നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12ഓടെയാണ് സംഭവം.
കൈക്ക് ചെറിയ പരുക്കേറ്റ വിനീതിനെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തില്‍ വെച്ച് ശബ്ദം കേട്ടപ്പോള്‍ പോയി നോക്കിയതായിരുന്നു വിനീത്. പെട്ടെന്ന് പുലി ചാടിവീഴുകയായിരുന്നു. കാപ്പി ചെടികള്‍ക്ക് മുകളിലൂടെയാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോള്‍ ചെറുതായി പോറലേറ്റെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും വിനീത് പറഞ്ഞു. പ്രദേശത്ത് മുന്പും പുലിയുടെ ശല്യം ഉള്ളതായും നാട്ടുകാരില്‍ പലരും പുലിയെ കണ്ടതായും പറയുന്നു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ രാധയെ കൊന്ന കടുവയെ ചത്ത നിലയില്‍ കണ്ടതോടെ ഭീതിഅകന്നതായി ആശ്വസിച്ച ജില്ലയില്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ആശങ്ക പരത്തി കല്‍പ്പറ്റ നഗരത്തോട് ചേര്‍ന്ന പ്രദേശമായ റാട്ടക്കൊല്ലിയില്‍ പുലിയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവയും പുലിയും കാട്ടാനയും നാട്ടിലിറങ്ങി ഭീതിപരത്തി വിഹരിക്കുന്ന സ്ഥതിയാണ് ജില്ലയില്‍.