Connect with us

From the print

പന്നിക്കെണിയില്‍ പുലി കുടുങ്ങി; മയക്കുവെടിവെച്ച് പിടികൂടി

സംഭവം ജനവാസ മേഖലയില്‍.

Published

|

Last Updated

ഇരിട്ടി (കണ്ണൂര്‍) | കാക്കയങ്ങാട് ടൗണിനടുത്ത് ജനവാസ മേഖലയില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി ആറളം ഫാമിലെ വനം വകുപ്പിന്റെ ആര്‍ ആര്‍ ടി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആറോടെയാണ് ടൗണിനടുത്ത് പി കെ പ്രകാശന്റെയും സഹോദരി ശ്രീജയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കാണപ്പെട്ടത്.

കാട്ടുപന്നിക്കുവെച്ച കെണിയില്‍ പുലി അബദ്ധത്തില്‍ കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയായ പ്രകാശന്‍ ജോലി കഴിഞ്ഞ് തോട്ടത്തില്‍ പച്ചക്കറി ശേഖരിക്കാന്‍ വളര്‍ത്തു പട്ടിയെയും കൂട്ടി പോയതായിരുന്നു. കൃഷിയിടത്തില്‍ എത്തുന്നതിനിടയില്‍ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും എന്തോ ശബ്ദം കേട്ട ഭാഗത്തേക്ക് പട്ടി കുരച്ച് ചാടി. ഉടന്‍ തന്നെ പട്ടി വീട്ടിലേക്ക് ഭയന്നോടി. സംശയം തോന്നിയ പ്രകാശന്‍ പട്ടി കുരച്ച് ചാടിയ ഭാഗത്തേക്ക് നോക്കുന്നതിനിടയില്‍ വലിയ മൃഗത്തിന്റെ മുരളല്‍ ശബ്ദം കേട്ടതോടെ കൃഷിയിടത്തില്‍ നിന്ന് വീട്ടിലേക്ക് ഓടി. സമീപ വാസികളെത്തി നടത്തിയ പരിശോധനയിലാണ് പുലിയാണെന്ന് മനസ്സിലായത് .

ഉടന്‍ പോലീസിനെയും വനം വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. പേരാവൂര്‍ ഡിവൈ എസ് പി. കെ വി പ്രമോദന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂര്‍ ഡി എഫ് ഒ. കെ വൈശാഖിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി.

സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്്ടര്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉച്ചയോടെ വയനാട്ടില്‍ നിന്ന് എത്തിയ വെറ്ററിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി നല്‍കി. പുലി പൂര്‍ണ മയക്കത്തിലെത്തിയതോടെ കൂട്ടില്‍ കയറ്റി വനം വകുപ്പിന്റെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. ആറ് വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍ പുലിയാണ് കെണിയില്‍പ്പെട്ടത്. പുലിക്ക് പരുക്കുകളൊന്നും കാണാനില്ലെങ്കിലും രണ്ട് ദിവസം നിരീക്ഷിച്ചതിന് ശേഷമേ കാട്ടിലേക്ക് തുറന്നു വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് ഡി എഫ് ഒ അറിയിച്ചു.

അതിനിടെ, പുലിയെ കാട്ടില്‍ എവിടെയാണ് തുറന്നു വിടുന്നതെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഡി എഫ് ഒയെ തടഞ്ഞ് പ്രതിഷേധിച്ചു.