Kerala
കടുവക്കുട്ടികള്‍ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിൽ
ആണ്‍കടുവയുടെ മരണ കാരണം നട്ടെല്ല് ഒടിഞ്ഞതും സുഷുമ്‌നാ നാഡി മുറിഞ്ഞതും; പെണ്‍കടുവയുടേത് തലയോട്ടിയുടെ ഒടിവും തലച്ചോറിനേറ്റ ക്ഷതവും
![](https://assets.sirajlive.com/2023/12/tiger-897x538.jpg)
സുല്‍ത്താന്‍ ബത്തേരി | വയനാട് വന്യജീവി സങ്കേതത്തില്‍ കടുവ ക്കുട്ടികള്‍ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. തലയിലും കഴുത്തിലും ശരീരത്തിലും ഏറ്റ മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ട്.
ആണ്‍കടുവയുടെ മരണകാരണം നട്ടെല്ല് ഒടിഞ്ഞും സുഷുമ്‌നാ നാഡി മുറിഞ്ഞുമാണ്. പെണ്‍കടുവയുടെ മരണത്തിന് തലയോട്ടിയുടെ ഒടിവും തലച്ചോറിനേറ്റ ക്ഷതവുമാണ് കാരണം. രണ്ടും മറ്റൊരു കടുവയുടെ ആക്രമണത്തെയാണ് സൂചിപ്പിക്കുന്നതെന്നും കൂടാതെ കടുവയുടെ കടിയേറ്റ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി കാണപ്പെട്ടതായും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇണചേരല്‍ കാലത്ത് പ്രായപൂര്‍ത്തിയായ ആണ്‍കടുവകള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്നത് സാധാരണയായി കാണപ്പെടുന്നുണ്ട്. അത്തരം ആക്രമണം ആയിരിക്കാം ഇതും എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വനപാലകര്‍ കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു വയസ്സ് വീതമുള്ള ആണ്‍കടുവയെ റോഡരികിലും അമ്പത് മീറ്റര്‍ അകലെയായി പെണ്‍കടുവയുടെ ജഡവും കണ്ടെത്തുകയായിരുന്നു. കൂടാതെ വൈത്തിരി മേഖലയില്‍ നിന്ന് മറ്റൊരു കടുവയുടെ ജീര്‍ണിച്ച ജഡവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം, കടുവകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് മേല്‍നോട്ടം വഹിക്കുകയും വിഷയം അന്വേഷിക്കുകയും ചെയ്തു. ഡബ്ല്യു സി സി ബി വൈല്‍ഡ് ലൈഫ് ഇന്‍സ്പെക്ടര്‍ ഡി ആദിമല്ലയ്യ വിദഗ്ധ സമിതിയോടൊപ്പം ഉണ്ടായിരുന്നു.