Kerala
പുല്‍പ്പള്ളിയിലെ കടുവ കൂടിനടുത്തെത്തി; ജാഗ്രതയോടെ ആര്‍ ആര്‍ ടി സംഘം
ഇന്ന് രാവിലെ കൊന്ന ആടിന്റെ ജഡം വച്ച കൂടിനടുത്താണ് കടുവ എത്തിയത്.
പുല്‍പ്പള്ളി | വയനാട് പുല്‍പ്പള്ളി ഊട്ടിക്കവലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനപാലകര്‍ സ്ഥാപിച്ച കൂടിന് അടുത്തെത്തി. ഇന്ന് രാവിലെ കൊന്ന ആടിന്റെ ജഡം വച്ച കൂടിനടുത്താണ് കടുവ എത്തിയത്. ആര്‍ ആര്‍ ടി, വെറ്ററിനറി സംഘം കടുവയെ പിടികൂടുന്നതിനായി ജാഗ്രതയോടെ സ്ഥലത്തുണ്ട്.
കൂട് സ്ഥാപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാവലിരിക്കുന്നതിനിടെ വീണ്ടും കടുവ എത്തി ആടിനെ കൊന്നുതിന്നിരുന്നു. കടുവാ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇന്നലെ നാല് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആളുകളാരും ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം.
കഴിഞ്ഞ ദിവസം രാത്രിയില്‍ കടുവ കൂട്ടില്‍ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്. കൂട്ടില്‍ കയറാതെ കടുവ ഊട്ടിക്കവലയില്‍ എത്തി പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെ കൊന്നു. പുലര്‍ച്ചെ രണ്ടോടെ ശബ്ദം കേട്ട് ബിജുവിന്റെ അമ്മ മറിയം ജനലിലൂടെ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ കടുവ ആടിനെ ഉപേക്ഷിച്ചു പോയി. ഒരാഴ്ചക്കിടെ നാല് ആടുകളെയാണ് കടുവ കൊന്നത്.