Kerala
കടുവ കാണാമറയത്ത് തന്നെ; അമരക്കുനിയില്‍ വീണ്ടും ആടിനെ കൊന്നു
വനംവകുപ്പ് കടുവയെ പിടികൂടാനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്
കല്‍പ്പറ്റ | വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിക്ക് അടുത്ത് തൂപ്രയില്‍ ഇന്നലെയും ഒരു ആടിനെ കടുവ ആക്രമിച്ചു. തൂപ്ര അങ്കനവാടിക്ക് സമീപം പെരുമ്പറമ്പില്‍ ചന്ദ്രന്റെ ആടിനെയാണ് കടുവ കൊന്നത്.വനംവകുപ്പ് കടുവയെ പിടികൂടാനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. ഒരാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന അഞ്ചാമത്തെ ആടാണിത്.
പുല്‍പ്പള്ളി ഊട്ടിക്കവലയില്‍ ഇന്നലെ രാവിലെ കൊന്ന ആടിന്റെ ജഡം വച്ച കൂടിനടുത്ത് കടുവ എത്തിയിരുന്നു. ആര്‍ആര്‍ടി സംഘം കടുവയെ വളഞ്ഞെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഒരാഴ്ചയോളമായി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുകയാണ് കടുവ. കഴിഞ്ഞദിവസം ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെ കടുവ കൊന്നിരുന്നു. അതിനു മുമ്പ് കേശവന്‍ എന്നയാളുടെ ആടിനെയും കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.