Connect with us

International

ടിക്ക്‌ടോക്ക്‌ യുഎസിൽ തുടരും; അമേരിക്കൻ ഉടമസ്ഥതയിലാക്കാൻ ട്രംപ്‌

ടിക്ക്‌ടോക്കുമായി നിലവിൽ ട്രംപ്‌ നല്ല സൗഹൃദത്തിലാണ്‌. തന്‍റെ പ്രചാരണ വേളയിൽ യുവ വോട്ടർമാരുമായി ഇടപഴകാൻ സഹായിച്ചതിന് ടിക് ടോക്കിനെ നേരത്തെ പ്രശംസിച്ച ട്രംപ്, നിരോധനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്‌.

Published

|

Last Updated

ന്യൂയോർക്ക്‌ | ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന്‍റെ വിലക്ക്‌ മറികടക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്‍റ്‌ ഡൊണാൾഡ് ട്രംപ്. ടിക്ക്‌ ടോക്ക്‌ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തിവരികയാണെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഒന്നിലധികം മത്സരാർത്ഥികൾ ടിക് ടോക്കിനായി മത്സരിക്കുന്നുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഒരു സംയുക്ത സംരംഭത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന് 50 ശതമാനം ഉടമസ്ഥാവകാശം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,”‐ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ക്‌ ടോക്ക്‌ അമേരിക്കൻ നിയന്ത്രണത്തിൽ ആക്കണമെന്ന്‌ ടെസ്‌ല സിഇഒ എലോൺ മസ്‌ക്, ഒറാക്കിൾ കോർപ്പ് ചെയർമാൻ ലാറി എല്ലിസൺ തുടങ്ങിയവർ മുമ്പ്‌ പറഞ്ഞിരുന്നു. പിന്നാലെയാണ്‌ ട്രംപിന്‍റെ പരാമർശങ്ങൾ.

നിലവിൽ യുഎസിൽ വൻ സ്വാധീനമുള്ള ആപ്പാണ്‌ ടിക്ക്‌ടോക്ക്‌. എന്നാൽ ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതയും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ടിക് ടോക്കിനെ നിരോധിക്കുന്ന നിയമം യുഎസ് സുപ്രീം കോടതി ശരിവച്ചിരുന്നു. പിന്നാലെയാണ്‌ ടിക്ക്‌ ടോക്ക്‌ അമേരിക്കൻ പങ്കാളിത്തത്തിൽ ആക്കി വിലക്ക്‌ നീക്കാനുള്ള ശ്രമം.

ടിക്ക്‌ടോക്കുമായി നിലവിൽ ട്രംപ്‌ നല്ല സൗഹൃദത്തിലാണ്‌. തന്‍റെ പ്രചാരണ വേളയിൽ യുവ വോട്ടർമാരുമായി ഇടപഴകാൻ സഹായിച്ചതിന് ടിക് ടോക്കിനെ നേരത്തെ പ്രശംസിച്ച ട്രംപ്, നിരോധനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്‌. ഇത്‌ അനന്തമായി നീട്ടാനാകില്ല. വിലക്ക്‌ പ്രശ്‌നം പരിഹരിക്കാൻ 75 ദിവസത്തെ സമയം നൽകിയാണ്‌ വിലക്ക്‌ ട്രംപ്‌ തൽക്കാലികമായി തടഞ്ഞത്‌. ടിക്ക്‌ടോക്ക്‌ അമേരിക്കൻ കമ്പനികളുടെകൂടി പങ്കാളിത്തത്തിൽ ആയാൽ സുരക്ഷാ പ്രശ്‌നവും സുപ്രീംകോടതി വിലക്കുംമറികടക്കാനാകും.

അതേസമയം വെല്ലുവിളികൾക്കിടയിൽ, യുഎസിൽ ടിക് ടോക്കിന്‍റെ ജനപ്രീതി കുതിച്ചുയരുകയാണ്‌. പ്യൂ റിസർച്ച് സെന്‍റർ അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, യുഎസിലെ മുതിർന്നവരിൽ 33 ശതമാനം പേർ ഇപ്പോൾ ടിക് ടോക്ക് ഉപയോഗിക്കുന്നു. 2021ൽ ഇത്‌ വെറും 21 ശതമാനമായിരുന്നു. യുവതലമുറകൾക്കിടയിൽ 59 ശതമാനം പേരും ഇത് പതിവായി ഉപയോഗിക്കുന്നു. ഇവരിൽ ഭൂരിഭാഗവും വിനോദത്തിനായാണ്‌ ടിക് ടോക്ക് ഉപയോഗിക്കുന്നതെങ്കിലും ആപ്പിന്‍റെ വാർത്താ സ്രോതസ്സ് എന്ന നിലയിൽ വർദ്ധിച്ചുവരുന്ന സ്വാധീനവും ശ്രദ്ധേയമാണ്. യുഎസിലെ മുതിർന്ന ഉപയോക്താക്കളിൽ 52 ശതമാനം പേർ പതിവായി ആപ്പിൽ വാർത്തകൾ ആക്‌സസ് ചെയ്യുന്നതായാണ്‌ കണക്ക്‌.

---- facebook comment plugin here -----

Latest