prathivaram story
സമയ വില നിലവാരം
കൃത്യനിഷ്ഠ പാലിക്കുന്ന എനിക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ലെന്ന് അറിയാമായിരുന്നിട്ടും മകളുടെ മുന്നിൽ തോൽക്കാൻ മനസ്സ് വന്നില്ല. ടാറിട്ട റോഡിലൂടെ നടക്കുമ്പോഴും സൂം മീറ്റിംഗിനെക്കുറിച്ചായിരുന്നു എന്റെ മനസ്സ് മുഴുവൻ
“എട്ടേ അമ്പത് കഴിഞ്ഞു. പൊന്നൂ… വേംവാ… എനിക്ക് ഒമ്പത് മണിക്ക് സൂം മീറ്റിംഗുണ്ട്. നിന്നെ കവലേല് ആക്കിയിട്ട് വേണം തിരിച്ചുവരാൻ…’
“ഇന്നലെ നേരത്തേ വന്നു കാത്തുനിന്നില്ലേ… ഒമ്പത് മണിക്കല്ലേ അച്ഛാ വണ്ടിവരുന്നത്. ഞാൻ അത്ര വരെ അമ്മൂമ്മയോട് മിണ്ടീം പറഞ്ഞും ഇരിക്കാം.’
“ഓക്‌സിജൻ കയറ്റുമ്പോളെങ്ങനാ പൊന്നൂ മിണ്ടുക. ഇന്ന് പരീക്ഷേം അല്ലേ… അമ്മൂമ്മ്യോട് മിണ്ടീട്ട് വേണം പഠിച്ചതൊക്കെ മറക്കാൻ…’
പക്ഷാഘാതം വന്ന് കിടക്കുന്ന അമ്മക്കരികിൽ നിന്നും ഞാൻ മോളെ പിടിച്ച് സിറ്റൗട്ടിലേക്ക് കൊണ്ടുവന്നു.
ഇന്നെല്ലാം എന്റെ തലയിലാ… വൈഫ് രാവിലെ ആറ് മണിക്ക് പി എസ് സി പരീക്ഷക്ക് പോയി. വീട്ടിലുള്ള ഹോംനഴ്സ് രാവിലത്തെ ശുശ്രൂഷ കഴിഞ്ഞ് കുളിക്കാൻ കയറിയിരിക്കുകയാ. ഓക്‌സിജൻ മാസ്‌ക് 10 മിനുട്ട് കഴിഞ്ഞ് എടുക്കാന്പറഞ്ഞേർപ്പാടാക്കിയതാ… മോളെ വണ്ടീൽ കയറ്റിവിട്ടാൽ ഓക്‌സിജൻ തീരും മുന്പ് തിരിച്ചെത്താം. ഇന്ന് നഴ്‌സ്് ആണ് മോളെ ഒരുക്കിയത്.
മോളെയും കൊണ്ട് വീട്ടിന്റെ ഗേറ്റിൽ എത്തിയപ്പോൾ മോള് തിരിഞ്ഞുനോക്കി.
“അച്ഛാ..ഗേറ്റ് അടക്കണ്ടേ..?’
“എന്തിന് വീട്ടിലാളുണ്ടല്ലോ..! നീയുണ്ടേലല്ലേ ഗേറ്റ് പൂട്ടണ്ടൂ..പിള്ളേരെ തട്ടിക്കൊണ്ടുപോകുന്നവർ വന്നാലോ..’
അവളോടുള്ള സ്‌നേഹം ഞാൻ എടുത്തുകാണിച്ചു.
“അപ്പോ അച്ഛമ്മയോ…വാതിലും ചാരിയില്ലല്ലോ..?’
“അമ്മൂമ്മ സുഖല്ലാണ്ട് കിടക്കുകയല്ലേ…നീ വേഗം വാ..നഴ്‌സാന്റി അര മണിക്കൂറെടുക്കും കുളിച്ചിറങ്ങാൻ. മോളെകടയുടെ അടുത്താക്കി വേഗം വരാം…സമയത്തിന് വലിയ വിലയുണ്ട് മോളേ… ടൈം മാനേജ്‌മെന്റ്എന്നൊന്നുണ്ട്. അതൊന്നും നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാകില്ല.
വാ….’ – മകളുമൊത്തുള്ള നടത്തത്തിന് ഞാൻ വേഗത കൂട്ടി.
“അച്ഛൻ ചെരിപ്പ് പോലും ഇട്ടില്ലല്ലോ.?’
“ഹോ മറന്നു മോളെ… സാരമില്ല… നീ വേഗം വാ…’
കൃത്യനിഷ്ഠ പാലിക്കുന്ന എനിക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ലെന്ന് അറിയാമായിരുന്നിട്ടും മകളുടെ മുന്നിൽ തോൽക്കാൻ മനസ്സ് വന്നില്ല. ടാറിട്ട റോഡിലൂടെ നടക്കുമ്പോഴും സൂം മീറ്റിംഗിനെക്കുറിച്ചായിരുന്നു എന്റെ മനസ്സ് മുഴുവൻ. വർക്ക് ഫ്രം ഹോമിലെ ബോസിന്റെ നിർബന്ധിത ചടങ്ങ്. ഇന്നത്തെ വിഷയം എന്താണെന്ന് ചിന്തിച്ച് മോളുടെ ബാഗും തൂക്കി ആഞ്ഞ് വലിഞ്ഞുനടക്കുമ്പോൾ ദൂരെ നിന്നും പതിവിലും നേരത്തെ സ്‌കൂൾ കുട്ടികളേം കൊണ്ട് വണ്ടി എത്തി.
ചെറിയ റോഡാണേലും വീടിനടുത്ത് വരെ മോളെ കൂട്ടാൻ വൈമനസ്യം കാണിച്ച ആർത്തി ഡ്രൈവറോട് കഴിഞ്ഞ മാസം ഞാൻ ഉടക്കിയിരുന്നു. അതിനാൽ ഞാൻ മിണ്ടാൻ പോയില്ല.
എന്നെ കണ്ടയുടൻ പരിഭവം തീർക്കാൻ അയാൾ പറഞ്ഞു. – “ഞാൻ വീട് വരെ വര്വാരുന്നല്ലോ..’
മോള് എന്റെ കൈവിടുവിച്ച് ബാഗ് വാങ്ങി. അവൾക്കത് കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു.
“ഞാന്പറഞ്ഞില്ലേ മോളേ, നമ്മൾ സമയത്തിന് മുന്നേ സഞ്ചരിക്കണം.’
“ഡ്രൈവർ മാമൻ പറഞ്ഞില്ലേ അച്ഛാ, വീട്ടിന്റടുത്തേക്ക് വരാനിരിക്കുകയായിരുന്നെന്ന്… പിന്നെന്തിനാ നമ്മൾ ഇങ്ങോട്ട് വന്നത്.’
“നന്നായി പരീക്ഷയെഴുത് മോള്..’ – അവള് പറഞ്ഞത് ഗൗനിക്കാതെ ഞാൻ അവളോടായി പറഞ്ഞു.
അവളെ യാത്രയാക്കി തിരിഞ്ഞതും കുറച്ചകലെയുള്ള വീട്ടിൽ നിന്നും പട്ടിയുടെ കുര കേട്ടു. തൊട്ടടുത്ത വീട്ടിലെ പട്ടിയും നിർത്താതെ കുരയ്ക്കുന്നുണ്ട്.
മോളോട് പറഞ്ഞ പോലെ ആരേലും വീട്ടിലേക്ക് കള്ളനോ മറ്റോ വന്നുകാണുമോ…
കുളിക്കാൻ കയറിയ നഴ്‌സിനെ ആരേലും..
പല ചിന്തകളുമായി വീട്ടിലേക്ക് ഓടിയ എന്റെ എതിരെ, ഒരു കറുത്ത നായ ലക്ഷ്യമില്ലാതെ ഓടിവരുന്നത് കണ്ടു. ആ നായയുടെ വായയിൽ പൊട്ടിയ പ്ലാസ്റ്റിക് മാസ്‌ക് ഉണ്ടായിരുന്നു – ഓക്‌സിജൻ മാസ്‌ക്.. എന്റെ അമ്മയുടെ മുഖത്തണിഞ്ഞ അതേ മാസ്‌ക്…. വായിൽ നിന്നും മാംസവും രക്തവുമായി മുരണ്ടുകൊണ്ട് ആ തെരുവുനായ എനിക്ക് പുറകിലേക്ക് ഓടി മറഞ്ഞു.
എന്റെ കാലുകൾ സഞ്ചരിക്കാനാകാതെ കുഴഞ്ഞു. കണ്ണുകൾ മങ്ങുന്നതുപോലെ അനുഭവപ്പെടുന്നു. സമയക്കുറവ് അപ്പോഴും എനിക്കുണ്ടായി, അമ്മക്കരികിലേക്കെത്താൻ… വിലപ്പെട്ട സമയം തിരിച്ചുകിട്ടാത്ത വിധം ഞാൻ നടന്നുനീങ്ങി…