cover story
കാലാതീതം
മലയാള മണ്ണിന്റെ ഗന്ധമാണ് എം ടിയുടെ കഥകൾക്ക്. അഗാധമായ സാമൂഹിക വീക്ഷണവും പ്രതിബദ്ധതയും തുളസീദള സ്പർശമുള്ള ഭാഷയും അദ്ദേഹത്തിന്റെ കഥകളെ ഏറെ ജനകീയമാക്കി. ജീവിതത്തിന്റെ പുറംപോക്കുകളിൽ ഉപേക്ഷിക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ട മനുഷ്യരുടെയും വേദനകളാണ് എം ടി ആഴത്തിൽ അടയാളപ്പെടുത്തിയത്. ദാർശനികതയുടെ പരിവേഷമില്ലാതെ എല്ലാം അയത്‌നലളിതമായി വരച്ചിട്ടു. സമൂഹത്തോട് പൊരുതുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. ഓരോ കഥയും തന്റേതാണെന്ന് വായനക്കാരന് തോന്നി.
എം ടിയുടെ വേർപാട് മലയാള സാഹിത്യത്തിൽ വലിയൊരു ശൂന്യതതന്നെയാണ് സൃഷ്ടിച്ചത്. മലയാള മണ്ണിന്റെ ഗന്ധമാണ് എം ടിയുടെ കഥകൾക്ക്. അഗാധമായ സാമൂഹിക വീക്ഷണവും പ്രതിബദ്ധതയും തുളസീദള സ്പർശമുള്ള ഭാഷയും അദ്ദേഹത്തിന്റെ കഥകളെ ഏറെ ജനകീയമാക്കി. ജീവിതത്തിന്റെ പുറംപോക്കുകളിൽ ഉപേക്ഷിക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ട മനുഷ്യരുടെയും വേദനകളാണ് എം ടി ആഴത്തിൽ അടയാളപ്പെടുത്തിയത്. ദാർശനികതയുടെ പരിവേഷമില്ലാതെ എല്ലാം അയത്‌നലളിതമായി വരച്ചിട്ടു.
സമൂഹത്തോട് പൊരുതുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. ഓരോ കഥയും തന്റേതാണെന്ന് വായനക്കാരന് തോന്നി. ഇത്രമേൽ ആഘോഷിക്കപ്പെട്ട ഒരു എഴുത്തുകാരൻ ഇനി മലയാള സാഹിത്യത്തിൽ ഉണ്ടാകില്ല.
മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ വിയോഗം മലയാളികൾക്ക് വേദനയാകുന്നു. മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭ അത്രമാത്രം ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്നു. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം ടി എന്നും ശ്രമിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ എം ടിയുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്ക് തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴയെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി വാസുദേവൻ നായർ. ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം ടിഎന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം ടിയെന്ന് സ്വകാര്യ അഹങ്കാരമായിക്കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ.
കുട്ടിക്കാലത്തെക്കുറിച്ച് എം ടി ഓർക്കുന്നത് ഇങ്ങനെയാണ്:വീടിന് പിന്നിലെ താന്നിക്കുന്നിന്റെ ചെരുവിൽ കൂട്ടുകാരാരുമില്ലാത്ത കുട്ടിക്ക് കളിക്കാൻ അക്ഷരങ്ങളും വാക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്ഷരങ്ങൾ ചേർത്തുണ്ടാക്കുന്ന പുതിയ പുതിയ വാക്കുകൾ. വാക്കുകളെ ക്രമപ്പെടുത്തൽ. ചിട്ടപ്പെടുത്തൽ, ഒടുവിൽ വെള്ളക്കടലാസിൽ വാർന്നു വീഴുന്ന വാചകങ്ങൾ… ജീവിതചിത്രങ്ങൾ… ധ്യാനലീനമായ മനസ്സിൽ നിന്ന് ഉറവപൊട്ടിയ കഥകൾ…
പലതും പത്രമാപ്പീസിലേക്കു അയക്കും. ചിലത് വെളിച്ചം കണ്ടു. കുന്നിൽ ചെരുവിൽ വാക്കുകളെ കൂട്ടുകാരനാക്കി കളിച്ച ആ കുട്ടിയാണ് പിൽക്കാലത്ത് കവിതാമോഹിതമായ ഭാഷയിൽ രചനകൾ നിർവഹിച്ച സർഗതേജസ്സ്. നമ്മുടെ എം ടിയെന്നും പ്രിയപ്പെട്ട എം ടിയെന്നും വിശേഷിപ്പിക്കുന്ന, ഭൂമി മലയാളമാകെ നിറഞ്ഞു നിൽക്കുന്ന ആ ചൈതന്യ തേജസ്സിനെ ചെറുപ്രായത്തിൽ തന്നെ കൈയെത്തും ദൂരത്തു കാണാനും, അടുത്ത് ഇടപഴകാനും സാധിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ്.
ആ അനുഭവചിത്രത്തെ കൂടി വരച്ചിടാതെ ഈ കുറിപ്പ് പൂർണമാകില്ല. ഇതെഴുതുമ്പോൾ, പൊയ്‌പ്പോയ കാലത്തിലെ കയ്പ്പും മധുരവും നിറഞ്ഞ നിമിഷങ്ങളും അനുഭവങ്ങളും പൊടിപടലങ്ങൾ നീക്കി മുഖം കാണിച്ചു പിൻവലിയുകയാണ്. എഴുത്തിനോടും സാഹിത്യത്തിനോടുമുള്ള വാസന മനസ്സിൽ മൊട്ടിട്ടു വന്ന കാലം. ജീവിതത്തിന്റെ വറുതിയും തീപടർപ്പുകളും അതിനെ പൂർണമായും കരിയിച്ചുകളഞ്ഞില്ല.
എഴുത്തിന്റെ ഒരു തിരിമാത്രം അണയാതെ നിലനിർത്തി. പ്രീ ഡിഗ്രി പഠിക്കുന്ന കാലത്താണ് മലയാളനാട് വാരികയിൽ എന്റെ ആദ്യ കഥ അച്ചടിച്ച് വരുന്നത്, “ഒരൊഴിഞ്ഞ സ്ഥലം’. അതിന്റെ പിൻബലത്തോടെ ഞാൻ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വൈലാലിൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുന്നു (അവിടുന്ന് കുടിച്ച സുലൈമാനിയുടെ രുചി ഇപ്പോഴും നാവിലുണ്ട്) വീട്ടിലെ പ്രാരാബ്ധങ്ങളും തുടർന്ന് പഠിക്കാനുള്ള വിഷമങ്ങളും പറഞ്ഞു; എവിടെയെങ്കിലും ഒരു താത്കാലിക ജോലി തരപ്പെടുത്തിത്തരണമെന്നു അപേക്ഷിച്ചു. കുറെ ആലോചിച്ചശേഷം അദ്ദേഹം സ്വന്തം ലെറ്റർപാഡിൽ മനോഹരവും ദീർഘവുമായ കൈയൊപ്പോടെ ഒരു കുറിപ്പ് തന്നിട്ട് പറഞ്ഞു, കോർട്ട് റോഡിൽ ക്ലാസിക് ബുക്സ് എന്ന സ്ഥാപനമുണ്ട് അവിടെ ചെന്ന് എം ടി വാസുദേവൻ നായർക്ക് ഈ കത്ത് നൽകുക. ( ആ കത്ത് ഏറെക്കാലം ഒരു നിധിപോലെ ഞാൻ സൂക്ഷിച്ചിരുന്നു. വീടുമാറ്റത്തിനിടയിൽ അത് എവിടെയോ കൈമോശം വന്നു.
പിന്നീടാണ് ചങ്കിടിപ്പ് വർധിച്ചത്. കഥകളിലൂടെ മാത്രം അറിഞ്ഞിരുന്ന, എല്ലാവരും ഇഷ്ടത്തോടെ കണ്ടിരുന്ന വലിയ എഴുത്തുകാരനെ എങ്ങനെ അഭിമുഖീകരിക്കും, പക്ഷേ, ധൈര്യമവലംബിച്ച് ഞാൻ ക്ലാസിക് ബുക്‌സിന്റെ ഓഫീസിൽ, എം ടിയുടെ മുറിക്കകത്തേക്കു കടന്ന് കത്ത് നൽകി. അങ്ങനെ ഞാൻ ക്ലാസിക് ബുക്‌സിൽ ചെറിയ ഇടവേള ഒരു ജീവനക്കാരനായി. കോഴിക്കോട് നഗരത്തിൽ കോർട്ട് റോഡിലെ ഒരു വലിയ കെട്ടിടം അതിൽ ഒന്നാം നിലയിലാണ് ക്ലാസിക് ബുക്‌സ്. എം ടിക്ക് പുറമെ എൻ പി മുഹമ്മദ് , സുകുമാർ അഴീക്കോട്, എം എം ബഷീർ, കോഴിക്കോടൻ തുടങ്ങിയ വലിയ എഴുത്തുകാരുടെ സംഗമകേന്ദ്രം. വിശ്രുതനായ ആ വലിയ എഴുത്തുകാരനോടൊത്ത് ചെലവഴിച്ച അപൂർവ നിമിഷങ്ങൾ…ഏതോ ജന്മകൽപ്പനകൾ…
ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങൾ, സുകുമാർ അഴീക്കോടിന്റെ തത്ത്വമസി, എൻ പി മുഹമ്മദിന്റെ പാശ്ചാത്യ കഥകൾ ( വിവർത്തനം) എന്നീ കൃതികൾ ആദ്യം പുറത്തുവരുന്നത് ക്ലാസിക് ബുക്‌സിലൂടെയാണ്.
ജീവിതം മറ്റു പ്രശ്‌നങ്ങളിൽ പെട്ടതോടെ ഞാൻ ക്ലാസിക് ബുക്‌സിലെ ജോലി മതിയാക്കി ബോംബെയിലേക്ക് വണ്ടികയറി. പിന്നെ ജീവിതം അവിടെ പറിച്ചു നട്ടു. ഏറെക്കാലം ഒരു ബോംബേക്കാരനായി കഴിഞ്ഞുകൂടി. നാട്ടിൽ വരുന്നത് വളരെ അപൂർവം. എവിടെയൊക്കെയോ പൊടിപിടിച്ചു കിടന്നിരുന്ന കഥയെഴുത്തിനെ നവീകരിക്കാനും വല്ലപ്പോഴും എഴുതാനും ശ്രമം തുടർന്നു. വല്ലപ്പോഴും എം ടിയെ വിളിക്കും. ഒരിക്കൽപറഞ്ഞു , മാതൃഭൂമി, ഭാഷാപോഷിണി മലയാള നാട്, കഥ, ദേശാഭിമാനി തുടങ്ങിയവയിൽ വന്ന കഥകൾ സമാഹരിച്ചു പുസ്തകമാക്കണമെന്നുണ്ട്. സാർ ഒരു അവതാരിക എഴുതിത്തരണം. മറുതലയ്ക്കൽ മറുപടി ഇങ്ങനെയായിരുന്നു. “അതിനെന്താ …? എഴുതിത്തരാം കഥകൾ അയക്കൂ.’ അദ്ദേഹം അമേരിക്കയിലേക്ക് പോകുന്ന തിരക്കിനിടയിലും എന്റെ കഥകൾക്ക് അവതാരിക എഴുതി നൽകി അനുഗ്രഹിച്ചു.
അമ്മയുടെ മരണശേഷം വീണ്ടും ജീവിതം നാട്ടിലേക്ക് തന്നെ പറിച്ചുനട്ടു. ജോലിയും ജീവിതവും സാംസ്‌കാരിക പ്രവർത്തനവും എഴുത്തും മറ്റുമായി കോഴിക്കോട് തന്നെ സ്ഥിരതാമസമാക്കി. കോഴിക്കോട് എല്ലാവരുടെയും നഗരമാണ്, സിതാരയിൽ വല്ലപ്പോഴും പോകും. അദ്ദേഹം സ്‌നേഹത്തോടെ കൈയൊപ്പിട്ടു തന്ന കുറെ പുസ്തകങ്ങൾ. എല്ലാം ഭംഗിയായി അലമാരയിൽ ഒരു നിധിപോലെ അടുക്കിവെച്ചിരിക്കുകയാണ്.
എം ടിയുടെ കഥാ പ്രപഞ്ചത്തെയും, ജീവൻ തുടിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെയും വിലയിരുത്താൻ ഞാൻ ആരുമല്ല. കാവ്യ വിശുദ്ധിയും തുളസീദള സ്പർശവുമുള്ള ഭാഷയും ആർദ്രമായ മനസ്സും മലയാളികൾ ഒരേ വികാരത്തോടെ നെഞ്ചേറ്റുന്നു. കുറച്ചു കാലം മുമ്പെ വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഭീഷണി വന്നപ്പോഴും ലോകം മുഴുവനും എം ടിയോടൊപ്പം ചേർന്നു. മതനിരപേക്ഷ ചിന്തയും മാനവീകതയും, ഫാസിസത്തോടും വർഗീയതയോടുമുള്ള എതിർപ്പും കാത്തുസൂക്ഷിക്കുന്ന എം ടി മലയാളികളുടെ കണ്ണിലെ കൃഷ്ണമണിയാണ്.
എം ടിയെ കുറിച്ച് പല തെറ്റിദ്ധാരണകളും നമ്മൾ വെച്ചുപുലർത്തി. അധികം സംസാരിക്കില്ല, എപ്പോഴും ഗൗരവം മാത്രം . ഒട്ടും ചിരിക്കില്ല ഒക്കെ തെറ്റായ ധാരണകൾ. എല്ലാം മനസ്സിൽ ഒതുക്കി മൗനം പാലിക്കുകയാണ്. മൗനം ഒരു വലിയ സർഗാത്മകതയാണല്ലോ. വാക്കുകൾ കൊണ്ട് വാങ്മയ ചിത്രം വരച്ച് അനുവാചക ഹൃദയങ്ങളെ ശക്തമായ വൈകാരിക അനുഭൂതിയുടെ ദ്വീപിലേക്ക് അനുനയിക്കുന്ന രചനാരീതി തന്നെയാണ് എം ടിയെ ജനകീയമാക്കിയത്. വള്ളുവനാടിന്റെയും ഏറനാടിന്റെയും മഞ്ഞുതുള്ളിപോലെ തെളിഞ്ഞ ഭാഷയാണ് എം ടി എഴുത്തിനുവേണ്ടി തിരഞ്ഞെടുത്തത്. തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തിന്റെ പെരുന്തച്ചൻ.
സർഗാത്മക രചനയുടെ പ്രണേതാവ്… മലയാള മനസ്സിൽ സംവേദനത്തിന്റെ പുതിയ സൗന്ദര്യ മാതൃകകൾ പണിത് അപാരമായ ആവിഷ്‌കാര ഭംഗി കൊണ്ട് രചനയെ അനുഭവിപ്പിച്ച മലയാളത്തിന്റെ സുകൃതം… ഇങ്ങനെ എത്രയെത്ര വിശേഷണങ്ങൾ. ജീവിതത്തിന്റെ ലാവണ്യവീര്യം ശക്തമായി അവതരിപ്പിച്ച് മലയാള മനസ്സ് കീഴടക്കിയ മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല. മഹാഭാരതത്തെ ഉപജീവിച്ചു എഴുതപ്പെട്ട രണ്ടാംമൂഴം മറ്റു കൃതികളിൽ നിന്ന് ശ്രേഷ്ഠവും വ്യത്യസ്തവുമാക്കുന്നത് വാത്മീകിയുടെ മൗനം സ്വന്തമാക്കിയതിലൂടെയാണല്ലോ.
മൗനം ഒരു സംഗീതമായി ഒഴുകുന്ന കൃതിയല്ലേ എം ടിയുടെ മഞ്ഞും. ആത്മാവിൽ നിന്നൊഴുകുന്ന സംഗീതമായി വായനക്കാർ ഇന്നും ആ കൃതിയെ മനസ്സിൽ കൊണ്ട് നടക്കുന്നു. നാലുകെട്ടും കാലവും അസുരവിത്തും പാതിരാവും പകൽ വെളിച്ചവും, വാരാണസിയും. അങ്ങനെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ എത്രയെത്ര നോവലുകൾ.
എത്രയെത്ര തിരക്കഥകൾ. ചലച്ചിത്രത്തിന് നവഭാവുകത്വം നൽകി ദൃശ്യ വിസ്മയം തീർത്ത ചലചിത്ര ശില്പി, അധ്യാപകൻ, പത്രാധിപർ, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ , പ്രഭാഷകൻ, പ്രസാധകൻ, പാരിസ്ഥിതിക ചിന്തകൻ… അങ്ങനെ വിവിധങ്ങളായ സാംസ്‌കാരികയിടങ്ങളിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ സർഗപ്രതിഭ.
ആഴത്തിൽ പരിശോധിക്കുമ്പോൾ എം ടി ഒരു വലിയ പ്രസ്ഥാനമാണ്. പലർക്കും ചെയ്യാൻ കഴിയാത്ത പ്രവർത്തനങ്ങൾ അദ്ദേഹം ഒറ്റയ്ക്കു ചെയ്യുന്നു. എം ടി തനിച്ചു ചെയ്യുന്ന വിവിധോദ്ദേശ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. മറ്റൊരു അർഥത്തിൽ എം ടി ഒരു സർവകലാശാലയാണ്. മലയാള സാഹിത്യത്തിന് ഭാവുകത്വപരമായ ഒരു പരിണാമം ഉണ്ടാക്കുന്നതിനും സർഗാത്മക വളർച്ചയുണ്ടാക്കുന്നതിനും പത്രാധിപർ എന്ന നിലയിലുള്ള എം ടിയുടെ അർപ്പണബോധത്തെ നമ്മൾ വേണ്ടത്ര വിലയിരുത്തിയിട്ടില്ല. മലയാള സാഹിത്യം എം ടിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. സാധാരണയായി പത്രാധിപർ സർഗാത്മക എഴുത്തുകാരനാവുമ്പോൾ തന്റെ ശൈലിയോടും ഭാഷയോടും സാമ്യമുള്ള എഴുത്തിനെ പ്രോത്സാഹിപ്പിക്കാനേ ശ്രമിക്കുകയുള്ളൂ. പത്രാധിപരായിരുന്ന അക്കാലത്തെ ചെറുകഥകളുടെ തിരഞ്ഞെടുപ്പ് എം ടി അല്ലായിരുന്നെങ്കിൽ ആധുനിക സാഹിത്യ പ്രസ്ഥാനം കേരളത്തിൽ ഉദയം ചെയ്യുമായിരുന്നില്ല.
അതുവഴി എം മുകുന്ദനും, സേതുവും കാക്കനാടനും പുനത്തിലും എം പി നാരായണപ്പിള്ളയും സക്കറിയയും സാഹിത്യചരിത്രത്തിൽ ഇടം നേടി. സാഹിത്യത്തെ മാത്രമല്ല സംസ്‌കാരത്തെയും അദ്ദേഹം പുനർനിർമിച്ചു.
എസ് കെ പൊറ്റക്കാട്ടും ബഷീറും എൻ പി മുഹമ്മദും തിക്കോടിയനും ഉറൂബും തമ്പടിച്ച നഗരത്തിൽ തന്നെ എം ടിയും എത്തിപ്പെട്ടത് ഈ നഗരത്തിന്റെ ഭാഗ്യം. അങ്ങനെ കോഴിക്കോട് രണ്ട് ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളുടെ നഗരമായി. ഇപ്പോഴിതാ ഇത് എഴുത്തുകാരുടെ നഗരവുമായി. എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് മലയാളിക്ക് എം ടി. ആ തൂലികയിൽ നിന്ന് മനുഷ്യ മനസ്സുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങൾ, വിവിധങ്ങളായ ജീവിത മുഹൂർത്തങ്ങൾ, അവരുടെ വികാരവിക്ഷോഭങ്ങൾ, വായിച്ചു തീരുമ്പോഴും മനസ്സിൽ ബാക്കിയാവുന്ന അവരുടെ ജീവിതം.
നമുക്ക് ഒരു എം ടിയെ ഉള്ളൂ. അത് എം ടി മാത്രം. എം ടി മലയാളത്തിന്റെ പുണ്യമാണ്. അതിൽ ഉണ്മയുടെ പ്രകാശവും സ്‌നേഹത്തിന്റെ ചൈതന്യവുമുണ്ട്. മലയാളമുള്ളിടത്തോളം കാലം എം ടിയും ഉണ്ടാകും.