Kerala
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ വേണം: എസ് എസ് എഫ്
പാക്സ് മൊറാലിയക്ക് തുടക്കമായി

തിരുവനന്തപുരം | പുതിയ കാലത്തെ പ്രത്യേകതകൾ ഉൾക്കൊണ്ട് ആവശ്യമായ മാറ്റങ്ങൾ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചെങ്കിൽ മാത്രമാണ് വിദ്യാർഥികളുടെ നിലവാരം വർധിക്കുകയുള്ളൂവെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു. ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് യാത്ര പാക്സ് മൊറാലിയയുടെ കേരളത്തിലെ തെക്കൻ മേഖലാ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരമായി ടെക്നോളജി അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും സിലബസുകളിൽ അവ പ്രതിഫലിക്കുന്നില്ല. സ്കിൽ ഡെവലപ്മെൻ്റിനാവശ്യമായതൊന്നും സിലബസിൻ്റെ ഭാഗമായി വരുന്നില്ല. അതിനാൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ പ്രത്യേകം കോഴ്സുകളെ വീണ്ടും ആശ്രയിക്കേണ്ട സാഹചര്യമാണുളളത്. ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നാരംഭിച്ച തെക്കൻ മേഖലാ യാത്ര ആദ്യ ദിവസം തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ്, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. യാത്ര ലീഡർമാരായ മുഹമ്മദ് റാഫി തിരുവനന്തപുരം, ഷിബിൻ ഐക്കരപ്പടി, സംസ്ഥാന ക്യാമ്പസ് സിൻഡിക്കേറ്റംഗങ്ങളായ സിദ്ദീഖലി തിരൂർ, മൻസൂർ മലപ്പുറം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.