Connect with us

National

പോലീസുകാരന്റെ സമയോചിത ഇടപെടൽ; ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച യാത്രക്കാരിക്ക് പുതുജീവൻ

യുവതി ഇറങ്ങുന്നത് കണ്ട് ഓടിയെത്തിയ പോലീസുകാരൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണ യുവതിയെ അതിസാഹസികമായി വലിച്ചുകയറ്റുകയായിരുന്നു

Published

|

Last Updated

മുംബൈ | ബോറിവിലി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച യാത്രക്കാരി അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. യുവതി ഇറങ്ങുന്നത് കണ്ട് ഓടിയെത്തിയ പോലീസുകാരൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണ യുവതിയെ അതിസാഹസികമായി വലിച്ചുകയറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം എക്സിൽ പങ്കുവെച്ചു.

ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്ന യുവതി കാൽതെറ്റി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴക്കപ്പെടുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കകം, പോലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

“മഹാരാഷ്ട്രയിലെ ബോറിവിലി റെയിൽവേ സ്റ്റേഷനിൽ, ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്ക് ബാലൻസ് നഷ്ടപ്പെട്ട് വീണു. അവിടെയുണ്ടായിരുന്ന റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ തന്നെ അവളെ രക്ഷപ്പെടുത്തി. ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്” – വീഡിയോ പങ്കുവെച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം എക്സിൽ കുറിച്ചു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവർത്തനത്തെ പ്രശംസിച്ചു. റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും വീഡിയോ തുടക്കമിട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.

Latest