Kozhikode
കാലോചിത ഇടപെടല്‍ പണ്ഡിത ദൗത്യം: പൊന്മള ഉസ്താദ്
പുതിയകാല പണ്ഡിതര്‍ക്ക് എല്ലാ മേഖലയിലും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരെന്നും അദ്ദേഹം
കോഴിക്കോട് | കാലം ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ പഠനം നടത്തിയും ജനങ്ങളുടെ പുതിയ സംശയങ്ങള്‍ക്ക് കൃത്യമായ വ്യക്തത നല്‍കിയും കാലോചിതമായ ഇടപെടലിന് പണ്ഡിതര്‍ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാര്‍. മര്‍കസ് സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സഖാഫി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയകാല പണ്ഡിതര്‍ക്ക് എല്ലാ മേഖലയിലും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍. പുതിയ വൈജ്ഞാനിക മേഖലകള്‍ അന്വേഷിക്കുന്നതിനപ്പുറത്ത് ആത്മീയമായ ജീവിതരീതിയും വിനയവും കൂടിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെത്തിച്ചതെന്നും പൊന്മള ഉസ്താദ് കൂട്ടിച്ചേര്‍ത്തു. കെ കെ അഹ്‌മദ്കുട്ടി മുസ്‍ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു.
‘മഹല്ല് ശാക്തീകരണത്തിന്റെ രസതതന്ത്രം’ വിഷയത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസിയും ‘സഖാഫികളുടെ മാനിഫെസ്റ്റോ’ വിഷയത്തില്‍ ജാമിഅ മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയും ‘ആദര്‍ശം’ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്‌മതുല്ലാഹ് സഖാഫി എളമരവും സംസാരിച്ചു.
വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, പി സി അബ്ദുല്ല ഫൈസി പൊയിലൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, കെ എം അബ്ദുര്‍റഹ്‌മാന്‍ ബാഖവി, മുഹിയദ്ദീന്‍ സഅദ് കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, വി ടി അഹ്‌മദ് കുട്ടി മുസ്്‌ലിയാര്‍ പാഴൂര്‍, അബ്ദുസ്സത്താര്‍ സഖാഫി എന്നിവര്‍ സന്നിഹിതരായി.