Connect with us

Editors Pick

കാലം മാറി കാലാവസ്ഥ മാറി;  കൃഷിയുടെ പുതിയ കാർഷിക കലണ്ടർ അറിയാം

പുതിയ കാലത്ത്‌ ഏതെല്ലാം കൃഷി ഏതെല്ലാം സമയത്ത്‌ എന്ന്‌ അറിഞ്ഞിരിക്കാം

Published

|

Last Updated

കാലാവസ്ഥയിൽ കേരളത്തിൽപോലും വൻ മാറ്റമാണ്‌ ഉണ്ടായിരിക്കുന്നത്‌.മഴക്കാലവും വേനൽക്കാലവും തണുപ്പുകാലവുമെല്ലാം പഴയതിൽ നിന്നും ഇപ്പോൾ വ്യത്യസ്‌തമാണ്‌. കൃഷിയും ഇതിനനുസരിച്ച്‌ മാറിയിരിക്കുന്നു. പുതിയ കാലത്ത്‌ ഏതെല്ലാം കൃഷി ഏതെല്ലാം സമയത്ത്‌ എന്ന്‌ അറിഞ്ഞിരിക്കാം

  1. ജനുവരി – വെണ്ട, പാവൽ, പടവലം, ചീര, തക്കാളി, പച്ചക്കറികൾ മിക്കതും കൃഷി ചെയ്യാൻ പറ്റിയ സമയമാണിത്. സൂര്യപ്രകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള സ്ഥലത്തു കൃഷിചെയ്യാം. പാവൽ, തക്കാളി എന്നിവ തൈകൾ പറിച്ചുനട്ടും മറ്റുള്ളവ വിത്ത് പാകിയും കൃഷിചെയ്യാം.
  2. ഫെബ്രുവരി – ചേമ്പ്, ചേന, അരമീറ്റർ ആഴത്തിലും വീതിയിലും കുഴിയെടുത്തു ചാണകപ്പൊടി, കമ്പോസ്റ്റ്, എന്നിവ അടിവളമായി ചേർത്ത് നടാം. ഒരു കിലോ ചേന ചാണക വെള്ളത്തിൽ മുക്കിവെക്കുക. ഒരാഴ്ച്‌ക്കകം മുള വരുമ്പോൾ നടാം. ഓരോ കുഴിയിലും 2കിലോ ചാണകപ്പൊടി അടിവളമായി ചേർക്കണം. ആഗസ്റ്റ് മാസത്തോടെ വിളവെടുക്കാം.
  3. മാർച്ച് – വെള്ളരി നട്ട് ഒന്നര മാസം ആകുമ്പോഴേക്കും വെള്ളരി വിളവെടുക്കാം. മാർച്ച് ആദ്യം തന്നെ നട്ടാൽ വിഷുവിനു കണിവെക്കാൻ പാകത്തിൽ പറിച്ചെടുക്കാം. വിത്ത് മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് നല്ലത്. കാന്താരി, ഇഞ്ചി, എന്നിവ അരച്ച് സോപ്പ് ലായനിയിൽ ചേർത്ത് തളിച്ചാൽ കീട ശല്യം ഇല്ലാതാക്കാം.
  4. ഏപ്രിൽ –  ആദ്യമഴ മണ്ണിനെ നനക്കുന്നതോടെ ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാം. ചാണകപ്പൊടിയും ഉണങ്ങിയ ഇലകളും നിറച്ചു മൺ കൂനയെടുത്താണ് ഇഞ്ചിയും മഞ്ഞളും നടേണ്ടത്. മഴ പെയ്യുന്നതോടെ പച്ച ചാണകമിട്ട് മണ്ണിടുന്നത് നല്ലതാണ്. കുരുമുളകും ആദ്യമഴയോടെ ആണ് നടേണ്ടത്. ഏപ്രിൽ പകുതിയോടെ വയൽ ഉഴിതിട്ട് നെല്ല് വിതക്കാം.
  5. മെയ് – കാച്ചിൽ, നനക്കിഴങ്ങ്, വാഴ, അര മീറ്റർ ആഴത്തിലും വീതിയിലും കുഴി എടുത്ത് അതിൽ രണ്ട് കിലോ ചാണകപ്പൊടി നിറക്കുക. ഇതോടൊപ്പം ചാരവും ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. ഇതിനു മുകളിൽ മണ്ണിട്ടു വേണം കാച്ചിൽ നടുവാൻ. മഴ പെയ്യുന്നതോടെ കമ്പുനാട്ടി വള്ളി പടർത്തികൊടുക്കണം. ഇടയ്ക്കിടെ മഴ ലഭിക്കുന്നതോടെ നനകിഴങ്ങും കൂനയെടുത്തു നടാം. ചാണകപ്പൊടി തന്നെയാണ് അടിവളമായി ചേർക്കേണ്ടത്.
  6. ജൂൺ – വഴുതന, പച്ചമുളക്, വെണ്ട, മഴ തുടങ്ങുന്നതോടെ ചെയ്യാവുന്ന കൃഷിയാണ്. വേനൽകാലത്തു തടമെടുത്താണെങ്കിൽ മൺകൂന കൂട്ടിയാണ് കൃഷി ചെയ്യേണ്ടത്. വെള്ളം കെട്ടിനിന്ന് ചെടി ചീഞ്ഞു പോകാതിരിക്കാനാത്. വഴുതന, വെണ്ട, പച്ചമുളക്, എന്നിവയിൽ മഴക്കാലത്തു കീടാശല്യം മറ്റു പച്ചക്കറികളെ അപേക്ഷിച്ചു കുറവായിരിക്കും വേനൽ കാലത്ത് ലഭിക്കുന്നത്ര വിളവ് ഉണ്ടാകില്ല.
  7. ജൂലൈ – പയർ, ചോളം, മുത്താറി, മഴ ശക്തമാകുന്നതോടെ ചെയ്യാവുന്ന കൃഷിയാണ്. പറമ്പ് ഉഴുതു, ചാരം വിതറി പയറും, ചോളവും, മുത്താറിയും വിതറാം. ഒന്നര മാസം കൊണ്ട് പയർ കായ്ച്ചുതുടങ്ങും. കീടശല്യം അകറ്റാൻ ചൂടുള്ള ചാരം വിതറുക.
  8. ഓഗസ്റ്റ് – വാഴ, ചോളം, വേനൽക്കാലത്തു ജലസേചനമുള്ള സ്ഥലത്ത് നേന്ത്ര വാഴ നടാം. വയൽ പ്രദേശത്താണെങ്കിൽ അര മീറ്റർ ഉയരത്തിൽ കൂനയെടുത്തും കര പ്രദേശത്തു ഒരു മീറ്റർ ആഴത്തിലുമാണ് വാഴ നടേണ്ടത്. ചാണകപ്പൊടി, അടിവളമായി ചേർക്കാം. വാഴയുടെ ഏറ്റവും കരുത്തുള്ള കന്നാണ് നടേണ്ടത്.
  9. സെപ്റ്റംബർ – കൈതചക്ക, പച്ചക്കറി, നെല്ല്, രണ്ടാം വിള നെൽകൃഷി ഇറക്കേണ്ട സമയമാണ്. ഓണത്തോടനുബന്ധിച്ചു ഒന്നാം വിള കൊഴുത്തു കഴിയും. ഞാറു പറിച്ചു നട്ടാണ് രണ്ടാം വിള കൃഷിചെയ്യുക. ഓഗസ്റ്റിൽ തന്നെ ഞാറു മുളപ്പിക്കണം. മഴ അല്പം കുറയുന്നതിനാൽ പച്ചക്കറി കൃഷി ആരംഭിക്കാം. കൈതയും ഈ സമയത്ത് തന്നെ നടണം.
  10. ഒക്ടോബർ – കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, ശീതകാല പച്ചക്കറികൾ നടേണ്ട സമയമാണിത്. കാബേജ്, കോളിഫ്ലവർ, എന്നിവ മണ്ണിൽ ചാൽ എടുത്തും കാരറ്റ്, ബീറ്റ്റൂട്ട് എനിവ തറ എടുത്തുമാണ് കൃഷി ചെയ്യേണ്ടത്. ആദ്യം തൈകൾ ഒരുക്കണം. വൈകുനേരം ആണ് പറിച്ചു നടാൻ നല്ലത്. ചാലുകൾ തമ്മിലും ചെടികൾ തമ്മിലും 1.5 അടി അകലം വേണം. തൈകൾ നടുമ്പോൾ സുഡോമോണാസ് ലായനിയിൽ മുക്കിയ ശേഷം നടുന്നത് കീടബാധ ഇല്ലാതാകാൻ നല്ലതാണ്.
  11. നവംബർ – ചേന, ചേമ്പ്, വേനൽക്കാലത്തു വിളവെടുക്കാൻ പാകത്തിൽ കൃഷി ചെയ്യാം. മരച്ചീനിയും ഈ സമയത്തുതന്നെ കൃഷി ചെയ്യാം. ആറാം മാസം വിളവെടുക്കുന്ന കമ്പ് നടുന്നതാണ് നല്ലത്.
  12. ഡിസംബർ – എള്ള്, റാഗി, വൻപയർ, വയലുകളിൽ രണ്ടാം വിള കൊയ്തുകഴിയുന്നതോടെ മണ്ണ് ഉഴുതശേഷം എള്ള്, റാഗി, വൻപയർ, എന്നിവ വിതക്കാം. ചരമാണ് പ്രധാനവളം വേനൽ കാലത്ത് കീട ശല്യം കുറവായിരിക്കും.

Latest