Connect with us

book review

ഇഷ്ടത്തിന്റെ നുറുങ്ങുവെട്ടങ്ങള്‍

ഗുരു ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂള്, സിറിയന്‍ എഴുത്തുകാരന്‍ നിസാര്‍ ഖബ്ബാനി, തത്വചിന്തകന്‍ ഖലീല്‍ ജിബ്രാന്‍ തുടങ്ങി കൃതഹസ്തരായ ഒരു കൂട്ടം ധൈഷണികരുടെ ചിന്താബന്ധുരത്വവും വായനക്കാര്‍ക്കിതില്‍ നിന്നും അനുഭവവേദ്യമാകും.

Published

|

Last Updated

“ഏതിലയും മധുരിക്കുന്ന കാടുകളില്‍..’ ഫഹദ് സലീമിന്റെ ഏറ്റവും പുതിയ പുസ്തകം. ഇഷ്ടത്തിന്റെ “രസ’തന്ത്രം കിട്ടിയപാടേ മറിച്ച് നോക്കിയപ്പോള്‍ മേതിലും കൽപ്പറ്റയും ജനകീയമാക്കിയ ഈ വിഭാവനയാണ് ഓർമയിലേക്ക് കടന്നുവന്നത്.

ഏത് പേജ് മറിച്ചുനോക്കിയാലും വായനക്കാരനില്‍ അവനറിയാതെ ഒരു തുള്ളി മധുരം കിനിയുന്ന, ചിന്തയുടെയും ആലോചനയുടെയും കയത്തിലേക്ക് ഞൊടിയിട ആഴ്ത്തിക്കളയുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങളുടെ നുറുങ്ങുവെട്ടങ്ങളാല്‍ സമൃദ്ധമാണീ പുസ്തകം.ഇഷ്ടത്തെ പുരസ്‌കരിക്കുന്ന ബൃഹത്തായൊരു നോവല്‍ വായിച്ചുതീര്‍ന്നാല്‍, സുഗേയമായൊരു കവിത പാരായണം ചെയ്താല്‍, ഗഹനമായൊരു പഠനക്കുറിപ്പ് കണ്ണോടിച്ച് വിട്ടാല്‍ ലഭിക്കുന്ന എല്ലാവിധമായ ആനുഭൂതിക തലങ്ങളും ഇഷ്ടത്തിന്റെ “രസ’തന്ത്രത്തില്‍ മനോഹരമായി ഒതുക്കി വെച്ചിരിക്കുന്നു.
ഇഷ്ടത്തെ കുറിച്ചുള്ള ഗഹനമായ തത്വചിന്തപോലും ഏറെ രസത്തോടെ വായിച്ചുപോകാമെന്ന ധ്വനിത്വം പുസ്തകത്തിന്റെ തലക്കുറിയില്‍ രസം എന്നതിനെ ഉദ്ധാരണ ചിഹ്നത്തിലാക്കിയതിനു പിന്നിലുണ്ടെന്നത് സുതരാം വ്യക്തമാവുന്നുണ്ട്. മാത്രവുമല്ല, ബന്ധങ്ങളെ രസച്ചരടില്‍ കോര്‍ത്തിണക്കി എങ്ങനെ ഇഷ്ടത്തെ വിതറാനും നേടാനും സാധിക്കുമെന്ന കെമിസ്ട്രിയും പുസ്തകത്തില്‍ പറയാതെ പറയുന്നു.

ഇഷ്ടം, സ്‌നേഹം, പ്രണയം തുടങ്ങി വൈകാരിക വേലിയേറ്റങ്ങളുടെ സഞ്ചയമാണ് മനുഷ്യന്‍. ഇവകളുടെ വിപരീത സ്വഭാവങ്ങളും ഏറെ ക്ഷോഭത്തോടെ മനുഷ്യനില്‍ നിരന്തരം ഏറിമാറി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എല്ലാം പ്രപഞ്ചത്തിന്റെ നിത്യസത്യങ്ങളും അനിവാര്യതകളുമാണെന്ന് ആഴത്തിലാലോചിച്ചാല്‍ ബോധ്യമാകും.

എല്ലാത്തിനോടും അതാതിന്റെ പ്രധാന്യത്തോടെയും പരിഗണനയോടെയും ഇടപഴകുമ്പോഴാണ് ഇഷ്ടം നിലനില്‍ക്കുന്നത്. പ്രപഞ്ചത്തിലെ ഒരു പുൽക്കൊടിക്കു പോലും അതിന്റെ ഭാഗധേയം ഉണ്ട്. അത് മനസ്സിലാക്കുന്നിടത്താണ് ഇഷ്ടത്തിന്റെ ഇഴയടുപ്പത്തിന് ബലിഷ്ഠം കൈവരുന്നത്. പുസ്തകത്തിന്റെ ആമുഖത്തില്‍ ഒരു വാക്യമുണ്ട്; “ലോകത്തിലെ ഏറ്റവും വിലകൂടിയ വൃക്ഷങ്ങളിലൊന്നാണ് ഊദ്. പക്ഷെ, സുഗന്ധം നല്‍കുന്നില്ലെങ്കില്‍ ഊദ് വെറും കൊള്ളിക്കഷ്ണം മാത്രം’. വേറൊരിടത്ത് ഇങ്ങനെയും വായിക്കാം; “പൊന്നിനും തടിക്കും ഒരേ വിലയല്ല. വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ സ്വർണമല്ല, മരപ്പലകയാണ് മുറുകെ പിടിക്കാന്‍ ഉത്തമം’.

മറുപാതിയോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം കരുതലും സംരക്ഷണവും ഏറിപ്പോയാലും അബദ്ധമാണെന്ന് സൂചിപ്പിക്കുന്ന ഒരു വിഭാവനയുണ്ട് പുസ്തകത്തിന്റെ അവസാനഭാഗത്ത്. അതിങ്ങനെ; “വനത്തിലെ വിഭവങ്ങള്‍ക്ക് മധ്യേ ഐശ്വര്യത്തോടെ ജീവിക്കാന്‍ വകുപ്പുണ്ടായിട്ടും വിശപ്പടക്കാന്‍ യാത്രക്കാരുടെ ഔദാര്യത്തിന് കാത്തുനില്‍ക്കുന്നവരാക്കി കുരങ്ങന്മാരെ മാറ്റിയതാരാണ്..? യാത്രക്കാരുടെ വരവ് തുടരും. എച്ചിലുകള്‍ മഹാപുണ്യത്തോടെ ഏറ്റുവാങ്ങാന്‍ കുരങ്ങന്മാരുള്ള കാലത്തോളം. ചുറ്റുമുള്ള കായ്ഫലങ്ങളാവട്ടെ ഞെട്ടറ്റ് വീണ് അഴുകിക്കൊണ്ടേയിരിക്കും’

ഇങ്ങനെ വായനക്കാരന്റെ സംവേദനക്ഷമതയെ തൊട്ടുണര്‍ത്തുന്ന ആഖ്യാനങ്ങളും ചിന്തകളും കുറിപ്പുകളും നിറഞ്ഞ നല്ലൊരു പുസ്തകമാണ് ഇഷ്ടത്തിന്റെ “രസ’തന്ത്രം.
ഗുരു ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂള്, സിറിയന്‍ എഴുത്തുകാരന്‍ നിസാര്‍ ഖബ്ബാനി, തത്വചിന്തകന്‍ ഖലീല്‍ ജിബ്രാന്‍ തുടങ്ങി കൃതഹസ്തരായ ഒരു കൂട്ടം ധൈഷണികരുടെ ചിന്താബന്ധുരത്വവും വായനക്കാര്‍ക്കിതില്‍ നിന്നും അനുഭവവേദ്യമാകും.

ഇരുനൂറ് രൂപ വിലയുള്ള ഇഷ്ടത്തിന്റെ “രസ’തന്ത്രം പ്രസാധനം ചെയ്തിരിക്കുന്നത് ഓണ്‍ലുക്കര്‍ പബ്ലിക്കേഷനാണ്.

Latest