Articles
ടിപ്പു സുല്‍ത്താന്‍: ശ്രേഷ്ഠ പൈതൃകം
ആധുനിക കര്‍ണാടകയുടെ സൃഷ്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിപ്പു സുല്‍ത്താന്റെ സംഭാവനകള്‍ പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ സാമൂഹിക പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ ഭരണകൂടം ശ്രമം തുടങ്ങിയെന്ന വാര്‍ത്തകള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രത്തിലേക്കുള്ള ഒരു അന്വേഷണം.
ആധുനിക കര്‍ണാടകയുടെ ശില്‍പ്പി വാസ്തവത്തില്‍ ടിപ്പു സുല്‍ത്താനാണ്. അദ്ദേഹത്തിന്റെ ഭരണപരമായ നയപരിപാടികളാണ് കര്‍ണാടകയുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അടിത്തറയെന്ന് കാണാം. ഒരര്‍ഥത്തില്‍ ടിപ്പു കര്‍ണാടക സംസ്ഥാനത്തെ സൃഷ്ടിക്കുകയും അതിന്റെ ഭാഗങ്ങള്‍ മുഴുവന്‍ കണ്‍സോളിഡേറ്റ് ചെയ്ത് പ്രവര്‍ത്തന മേഖലയായി മാറ്റുകയും ചെയ്തു. പക്ഷേ, ടിപ്പുവിനെ സംബന്ധിച്ച് കര്‍ണാടകയില്‍ പ്രചാരത്തിലുള്ളത് ഈ യാഥാര്‍ഥ്യങ്ങളൊന്നുമല്ല. ടിപ്പുവിനെ കുറിച്ച് ഒരു സെമിനാര്‍ നടത്തുന്നത് പോലും അംഗീകരിക്കാത്ത വിധം കര്‍ണാടകയിലെ ജനങ്ങള്‍ വര്‍ഗീയമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ടിപ്പുവിനെ സംബന്ധിച്ചുള്ള ഏത് സംഭാഷണവും വര്‍ഗീയമായി മാറിയിരിക്കുകയാണ് എന്ന ഈ വസ്തുത ഒരേ സമയം ദുഃഖകരവും ആശങ്കയുണ്ടാക്കുന്നതുമാണ്.
ടിപ്പു സാമ്രാജ്യത്വ ആധിപത്യത്തിനെതിരായും ബ്രിട്ടീഷ് അധിനിവേശത്തിനെതിരായും നിരന്തരം പടപൊരുതി ഒരു ജനതയെ മുഴുവന്‍ സാമ്രാജ്യത്വ വിരോധികളാക്കി മാറ്റി. 16 കൊല്ലം അദ്ദേഹം ഭരിച്ചു. ആ കാലമത്രയും അദ്ദേഹം കുതിരപ്പുറത്ത് യുദ്ധം ചെയ്യുകയായിരുന്നു. യുദ്ധം തന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല, നാടിന്റെ താത്പര്യത്തിന് വേണ്ടിയായിരുന്നു. അതോടൊപ്പം നാടിന്റെ സാമ്പത്തിക പുരോഗതിക്കും. എങ്കിലും ഇന്നും ടിപ്പുവിനെ സംബന്ധിച്ചുള്ള ഏത് നല്ല സംഭാഷണവും കര്‍ണാടകയില്‍ വര്‍ഗീയമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ടിപ്പുവിനെ സംബന്ധിച്ച് ബ്രിട്ടീഷുകാര്‍ എഴുതിയ വികലമായ ചരിത്രത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത് ഈ വിദ്വേഷത്തിന് പിന്നിലെ വലിയൊരു കാരണമാണ്. ഉദാഹരണത്തിന് മാര്‍ക്ക് വില്‍സ് എന്ന ചരിത്രകാരന്‍, ഹൈദരാലി തന്റെ മത നയം കൊണ്ട് ഒരു രാജ്യത്തെ കെട്ടിപ്പടുത്തുവെന്നും ടിപ്പു തന്റെ മതപരമായ നയംകൊണ്ട് അതിനെ ഇല്ലാതാക്കിയെന്നും എഴുതിവെച്ചിട്ടുണ്ട്. മാര്‍ക്ക് വില്‍സന്റെ ഈ താരതമ്യം വലിയൊരു തെറ്റാണ്. കാരണം രണ്ട് കാലഘട്ടമായിരുന്നു ഇത് രണ്ടും.
ഈസ്റ്റ് ഇന്ത്യ കമ്പനി തുടക്കത്തില്‍ പിടിച്ചടക്കല്‍ നയം പിന്തുടര്‍ന്നിരുന്നില്ല. രണ്ടാമത്തെ ഘട്ടമാകുമ്പോള്‍ പിടിച്ചടക്കല്‍ നയം സ്വീകരിച്ചു. കര്‍ണാടകയെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തിന് കീഴില്‍ വരുത്തുകയെന്നത് അവരുടെ നയമായിരുന്നു. നാലാം മൈസൂര്‍ യുദ്ധത്തിന്റെ വലിയ ലക്ഷ്യം തന്നെ പിടിച്ചടക്കുകയെന്നതായിരുന്നു. അത് പ്രകാരമാണ് തെക്കന്‍ കര്‍ണാടകവും വടക്കന്‍ കര്‍ണാടകവും ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഭാഗമായിത്തീര്‍ന്നത്. അതോടെ ഈ പ്രദേശങ്ങളെല്ലാം തന്നെ ക്ഷാമബാധിത പ്രദേശങ്ങളായി മാറി.
പടക്കളത്തില്‍ മരിച്ചുവീണ ഒരു സുല്‍ത്താന്‍ യഥാര്‍ഥത്തില്‍ ടിപ്പു മാത്രമായിരുന്നു. ഇന്ത്യയിലെ കമ്പനി ഭരണത്തിനെതിരായി ആയിരക്കണക്കിന് പേര്‍ മരിച്ചുവീണപ്പോഴും ഒരു രാജകുമാരനും പടക്കളത്തില്‍ മരിച്ചുവീണിട്ടില്ല. 1924ല്‍ യംഗ് ഇന്ത്യയിലാണ് ഗാന്ധിജി, ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയും ശില്‍പ്പിയുമാണ് ടിപ്പു സുല്‍ത്താനെന്ന് വിലയിരുത്തിയത്. ഈ വിലയിരുത്തല്‍ ഏറ്റവും ആധികാരികമായ ഒന്നായാണ് ചരിത്ര ഗവേഷകരില്‍ പലരും കാണുന്നത്. എന്നാല്‍ ചിലര്‍ എന്തുകൊണ്ടോ വര്‍ഗീയതയുടെ പേരില്‍ ടിപ്പുവിനെ വര്‍ഗീയവാദിയും മതമൗലികവാദിയുമാക്കി ചിത്രീകരിക്കുകയുണ്ടായി. മതമൗലികവാദിയും വര്‍ഗീയവാദിയും അമ്പലങ്ങളെ നശിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെങ്കില്‍ ശ്രീരംഗപട്ടണത്തിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രം അവിടെ നിലനില്‍ക്കുമായിരുന്നില്ല. ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിനും ശൃംഖേരി മഠത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളൊക്കെ ചരിത്രപരമായ വസ്തുതയാണ്.
ഭിന്നിപ്പിക്കുക ഭരിക്കുക എന്ന നയമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടര്‍ന്നുവന്നിരുന്നത്. ചരിത്ര രചനയിലും ഈ ഭിന്നിപ്പിന്റെ വിത്തുകള്‍ അവര്‍ യഥേഷ്ടം എടുത്തുപയോഗിച്ചു. അതിന്റെ ഭാഗമായാണ് ടിപ്പുവിനെ ഏറ്റവുമധികം കരിവാരിത്തേച്ചുകൊണ്ടുള്ള ചരിത്ര രചനകള്‍ ഇപ്പോഴും പുറത്തുവരുന്നത്. കണ്ണമ്പാടി ഡാമിന് 1793ല്‍ ടിപ്പു സുല്‍ത്താന്‍ തറക്കല്ലിട്ടതായി ആര്‍ക്കിയോളജി വകുപ്പ് കണ്ടെത്തിയത് ജലസേചന പ്രക്രിയയില്‍ അദ്ദേഹമെടുത്ത താത്പര്യത്തെയാണ് കാണിക്കുന്നത്. ഇതിനെയെല്ലാം ചില ചരിത്രകാരന്മാര്‍ മറന്നുകളഞ്ഞു. ബ്രിട്ടീഷ്, ഫ്രഞ്ച് ചരിത്രകാരന്മാരെല്ലാം അദ്ദേഹത്തെ വികലമാക്കി ചിത്രീകരിക്കാനാണ് ശ്രമിച്ചത്, ഇപ്പോഴും ശ്രമിക്കുന്നത്.
വെല്ലസ്ലി പ്രഭു ടിപ്പുവിന് ഒരു കത്തയച്ചു. കര്‍ണാടക പ്രദേശം മുഴുവന്‍ വിട്ടുതരണം, പകരം ശ്രീരംഗപട്ടണം കേന്ദ്രമാക്കി താങ്കള്‍ ഭരിച്ചുകൊള്ളൂ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. അതിന് അദ്ദേഹം മറുപടി എഴുതിയത്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പെന്‍ഷന്‍ പറ്റിയ നവാബായി ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പടക്കളത്തില്‍ പൊരുതി മരിക്കാനാണ് തന്റെ താത്പര്യമെന്നുമായിരുന്നു. ഈ കത്ത് വളരെ പ്രശസ്തമാണ്. അദ്ദേഹമെഴുതിയത് പോലെ തന്നെ ടിപ്പു പടക്കളത്തില്‍ പൊരുതി ധീരരക്തസാക്ഷിയാവുകയാണുണ്ടായത്. അക്കാലത്ത് ഇന്ത്യയിലെ ഒരു രാജാവും ടിപ്പുവിനെ പോലെ സാമ്രാജ്യത്വ വിരോധം ഉള്‍ക്കൊണ്ടിരുന്നില്ല. സാമ്രാജ്യത്വ വിരോധത്തിനൊപ്പം തന്റെ പ്രദേശത്തെ അദ്ദേഹം സുസ്ഥിരമായി ഭരിച്ചു. ആ പ്രദേശത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ ഇന്ന് കാണുന്ന അഭിവൃദ്ധികളെല്ലാം ടിപ്പു ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് കണ്ടെത്താന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും സുസ്ഥിരമായ സംസ്ഥാനങ്ങളിലൊന്നായി കര്‍ണാടക ഇന്നും നിലനില്‍ക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല.
തെക്കേ ഇന്ത്യ പിടിച്ചടക്കാതെ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ ആധിപത്യം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലായിരുന്നു. അതിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയതാകട്ടെ ടിപ്പു സുല്‍ത്താനും. അതുകൊണ്ട് തന്നെ ടിപ്പു ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ ശത്രുവായി മാറി. അതിന്റെ പേരിലാണ് ടിപ്പുവിനെ കരിവാരിത്തേക്കാന്‍ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ മുന്നിട്ടിറങ്ങിയത്.
കര്‍ണാടകയുടെ സാമ്പത്തിക, സാമൂഹിക അടിത്തറ വളര്‍ത്തിയതും കെട്ടിപ്പടുത്തതും ടിപ്പുവായിരുന്നു. അദ്ദേഹം കര്‍ഷകര്‍ക്ക് കൊടുത്ത ആനുകൂല്യങ്ങള്‍, കൃഷിക്ക് കൊടുത്ത പ്രാധാന്യം, ജലസേചന സൗകര്യങ്ങള്‍ എല്ലാം കര്‍ണാടകയെ വികസന പാതയിലേക്ക് നയിച്ചു. ടിപ്പുവിനെ ഒരു ഭരണാധികാരിയായും ഒരു സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനായും വിലയിരുത്തേണ്ട് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ മലബാറിലെയും കുടകിലെയും ചില വിഭാഗം ജനങ്ങള്‍ അദ്ദേഹത്തെ ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. അതിന് കാരണമുണ്ട്. അന്ന് മലബാറില്‍ കൊളോണിയല്‍ ഭരണം സ്ഥാപിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. കുടകിലും അത് തന്നെയായിരുന്നു സാഹചര്യം. അവരുടെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ ഒഴുക്കിന് ടിപ്പു വലിയ തടസ്സം സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ അവര്‍ ടിപ്പുവിനെ കറുത്ത ചായങ്ങളില്‍ പൂശി, വികലമാക്കി ചിത്രീകരിച്ചു. മറ്റൊരു കാരണം, മലബാറില്‍ അന്ന് ദേശീയത വളര്‍ന്നുവന്നിരുന്നില്ല. ദേശീയ വളര്‍ന്നുവരാത്ത കാലഘട്ടത്തില്‍ ദീര്‍ഘവീക്ഷണമുള്ള നയങ്ങളുമായി ഭരിച്ച രാജാവിനെ തെറ്റായി വിലയിരുത്തുകയെന്നത് ഫ്യൂഡലിസത്തിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. ഫ്യൂഡല്‍ ബന്ധങ്ങളില്‍ അദ്ദേഹം ഒരിക്കലും അഭിരമിച്ചിരുന്നില്ല. തെക്കേ മലബാറില്‍ കാര്‍ഷികപരമായി അദ്ദേഹം നടപ്പാക്കിയ നയങ്ങള്‍ ഇന്നും ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരുടെ നയങ്ങളില്‍ പലതും ടിപ്പുവില്‍ നിന്ന് കടമെടുത്തതാണ്. പുതിയ നാണയ വ്യവസ്ഥ, പുതിയ കലന്‍ഡര്‍ വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലൊക്കെ ടിപ്പു വളരെ പുരോഗമനപരമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനെ പല നാട്ടുരാജാക്കന്മാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇന്നും അദ്ദേഹത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുന്നത്. പല പുരോഗമന രംഗങ്ങളിലും അദ്ദേഹം മുന്‍ഗാമിയായി പ്രവര്‍ത്തിച്ചു. ആ പുരോഗമന ആശയങ്ങളെ, അതിന് നേതൃത്വം നല്‍കിയ ടിപ്പുവിനെയൊന്നും ആദരിക്കാന്‍ ഇന്ത്യയിലെ പലര്‍ക്കും കഴിഞ്ഞില്ല എന്നത് ഒരു സങ്കുചിതമായ കാര്യമായിട്ടാണ് മനസ്സിലാക്കുന്നത്. ടിപ്പു വരുത്തിയ പരിഷ്‌കാരങ്ങളും ഭരണപരമായ പ്രവര്‍ത്തനങ്ങളുമെല്ലാം പ്രസിദ്ധമാണ്. അതില്‍ പലതും ഇന്നും നമ്മള്‍ സ്വതന്ത്ര ഭാരതത്തില്‍ പലപ്പോഴും തുടര്‍ന്നുവരുന്ന നയങ്ങളുമാണ്.
അമ്പലങ്ങളെ ധ്വംസിക്കുന്ന വ്യക്തിയായാണ് അദ്ദേഹത്തെ പലരും ചിത്രീകരിച്ചത്. മലബാറിലെ ഏത് ക്ഷേത്രം പൊളിഞ്ഞത് കാണുകയാണെങ്കിലും അതെല്ലാം ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിപ്പിക്കപ്പെട്ടതാണെന്ന് തെറ്റായി പ്രചരിപ്പിക്കപ്പെട്ടു. ഒരു സമൂഹം മുഴുവന്‍, അദ്ദേഹം മതംമാറ്റം നടത്തി എന്ന് പറയുന്നു ഇപ്പോള്‍. അദ്ദേഹം മതംമാറ്റത്തിന് നേതൃത്വം കൊടുത്തിരുന്നില്ല. അദ്ദേഹം നൈസാമിനോട് പറഞ്ഞത്, നൈസാം, അങ്ങയുടെ ഏറ്റവും വലിയ ശത്രു ഞാനല്ല, മറിച്ച് ബ്രിട്ടീഷുകാരാണെന്നാണ്. അതുപോലെ മറാത്തികളോടും അദ്ദേഹം പറഞ്ഞു, ബ്രിട്ടീഷുകാരാണ് നിങ്ങളുടെ വലിയ ശത്രുവെന്ന്.
ടിപ്പുവിനെ സംബന്ധിച്ചുള്ള ഏത് ചിന്തയും ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ അടിസ്ഥാനപരമായ ചിന്തയായാണ് എന്നെ പോലുള്ള പലരും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ടിപ്പുവിനെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയെന്ന് ഗാന്ധി യംഗ് ഇന്ത്യയില്‍ വിലയിരുത്തിയത്. സ്വാതന്ത്ര്യത്തിന് വേണ്ടി പടക്കളത്തില്‍ മരിച്ചുവീണ ഈ സുല്‍ത്താനെ നാം എന്നും ഓര്‍ക്കേണ്ടതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. അത് ബ്രിട്ടീഷുകാരെ തുരത്താന്‍ വേണ്ടിയും ബ്രിട്ടീഷ് പടയാളികളെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. പക്ഷേ എന്തുകൊണ്ടോ അദ്ദേഹം പരാജയപ്പെട്ടു. പരാജിതനെ ചരിത്രം തെറ്റായി വലിയിരുത്തുക സാധാരണമാണ്. അത് തന്നെയാണ് ടിപ്പുവിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. എന്നാലും ടിപ്പു ഇന്ത്യയിലെ ഏറ്റവും ശക്തനായ, സാമ്രാജ്യത്വ വിരോധിയായ ഭരണാധികാരിയെന്ന് ചരിത്രം ഇന്നും ഉള്‍ക്കാഴ്ചയോടെ കാണുന്നവര്‍ തിരിച്ചറിയുന്നു.