Connect with us

Farmers Protest

തളരാത്ത ആത്മവീര്യം; കർഷക പ്രക്ഷോഭത്തിന് ഒരാണ്ട്

കഴിഞ്ഞ വർഷം നവംബർ 26ന് "ദില്ലി ചലോ' പരിപാടിയോടെയാണ് കർഷക പ്രക്ഷോഭത്തിന് ആരംഭമായത്

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തിന് ഒരാണ്ട്. നിയമങ്ങൾ പിൻവലിച്ച് ഒരു ചർച്ചക്കുമില്ലെന്ന് ആവർത്തിച്ചിരുന്ന കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുട്ടുകുത്തിക്കാനായതിന്റെ ചാരിതാർഥ്യത്തോടെയാണ് കർഷകർ സമരത്തിന്റെ വാർഷികം കൊണ്ടാടിയത്. ഇതോടനുബന്ധിച്ച് ഡൽഹി അതിർത്തികളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കർഷകർ പ്രകടനം നടത്തി.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നടപടിയെ സ്വാഗതം ചെയ്ത കർഷക സംഘടനകൾ, നിയമങ്ങൾ ഔപചാരികമായി റദ്ദാക്കുകയും മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്.

കഴിഞ്ഞ വർഷം നവംബർ 26ന് “ദില്ലി ചലോ’ പരിപാടിയോടെയാണ് കർഷക പ്രക്ഷോഭത്തിന് ആരംഭമായത്.

2014ൽ അധികാരത്തിലേറിയതിന് ശേഷം നരേന്ദ്ര മോദി നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ഡൽഹി വളഞ്ഞുള്ള കർഷകരുടെ സമരം. അതുകൊണ്ട് തന്നെയാണ് നിർണായകമായ ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് വിവാദ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതമായത്.

സമര വാർഷികത്തിന്റെ ഭാഗമായി ഡൽഹി-ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ നൂറുകണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ എത്തിയത്. പലരുമെത്തിയത് പച്ചക്കറികളടക്കമുള്ള കാർഷിക വിളകളുമായിട്ടായിരുന്നു. പടിഞ്ഞാറൻ യു പിയിൽ ഏറെ സ്വാധീനമുള്ള ഭാരതീയ കിസാൻ യൂനിയനാണ് കഴിഞ്ഞ വർഷം മുതൽ ഗാസിപൂർ അതിർത്തിയിൽ സമരത്തിന് നേതൃത്വം വഹിക്കുന്നത്. സംഘടനയുടെ നേതാവായ രാകേഷ് ടികായത്താണ് കർഷക സമരത്തിന്റെ പ്രധാന മുഖങ്ങളിലൊന്ന്. കർഷകരുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റപ്പെടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അഖിലേന്ത്യാ കിസാൻ സഭ അധ്യക്ഷൻ അശോക് ധവാലെ പ്രതികരിച്ചു. സംയുക്ത കിസാൻ മോർച്ച വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിനിമം താങ്ങുവില നിയമം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം ചർച്ച പുനരാരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു ടികായത്തിന്റെ പ്രതികരണം. രാജ്യത്തെ എല്ലാ കർഷകർക്കും ഗുണകരമാകുന്ന മിനിമം താങ്ങുവില നിയമത്തെകുറിച്ച് കേന്ദ്ര സർക്കാർ ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ലെന്നും ഇതുസംബന്ധമായി സർക്കാറിന് കത്ത് കൈമാറിയെങ്കിലും പ്രതികരണമുണ്ടായിട്ടില്ലെന്നും ടികായത്ത് കുറ്റപ്പെടുത്തി. സമരത്തിന് ഒരാണ്ട് തികയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്.