Editorial
തിരുനെല്‍വേലി മാലിന്യം കേരളത്തിന് നാണക്കേട്
ആശുപത്രികളില്‍ നിന്ന് പുറംതള്ളുന്ന അത്യപകടകരമായ രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മതിയായ സംവിധാനം സംസ്ഥാനത്തില്ലെന്നും ഇക്കാര്യത്തില്‍ കേരളം പരാജയമാണെന്നും ബോധ്യപ്പെടുത്തുന്നു തിരുനെല്‍വേലി സംഭവം.
സംസ്ഥാനത്തെ ആശുപത്രി മാലിന്യങ്ങള്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തള്ളിയ സംഭവം സംസ്‌കാര സമ്പന്നമെന്നവകാശപ്പെടുന്ന കേരളത്തിന് കടുത്ത നാണക്കേടായിപ്പോയി. സിറിഞ്ചുകള്‍, മരുന്നു കുപ്പികള്‍, മാസ്‌ക്, കൈയുറകള്‍ തുടങ്ങി ഇരുപത്തിയഞ്ചോളം ലോഡ് ബയോ മെഡിക്കല്‍ മാലിന്യങ്ങളാണ് തിരുനെല്‍വേലിയിലെ ജലാശയങ്ങളിലും ജനവാസ മേഖലക്ക് പുറത്തുള്ള ഇടങ്ങളിലും ഏതോ സാമൂഹികദ്രോഹികള്‍ തള്ളിയത്. പ്രശ്നത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുകയും, ഈ മാലിന്യങ്ങളെല്ലാം മൂന്ന് ദിവസത്തിനകം കേരളത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഉത്തരവിടുകയും ചെയ്തു. മാലിന്യം തള്ളിയത് ആരായാലും അതിന്റെ ഉത്തരവാദിത്വം കേരളത്തിനാണെന്നും ഇത് പലതവണയായി തുടരുന്നുണ്ടെന്നും ദേശീയ ട്രൈബ്യൂണലിന്റെ ദക്ഷിണ ബഞ്ച് കുറ്റപ്പെടുത്തി.
ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുപതോളം ഉദ്യോഗസ്ഥരും അമ്പതോളം തൊഴിലാളികളുമടങ്ങുന്ന കേരളീയ സംഘം ജെ സി ബിയും ലോറികളുമായി തിരുനെല്‍വേലിയിലെത്തി മാലിന്യങ്ങള്‍ കേരളത്തിലേക്ക് തിരികെ കൊണ്ടുവരികയുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനം ബദ്ധശ്രദ്ധമായിരിക്കുമെന്ന് തമിഴ്നാട് സര്‍ക്കാറിന് ഉറപ്പ് നല്‍കുകയും ചെയ്തു. കേരള ഹൈക്കോടതിയും പ്രശ്നത്തില്‍ ഇടപെട്ടു. അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് ആരോഗ്യ മേഖലയില്‍ കേരളമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അവകാശവാദം. എങ്കിലും ആശുപത്രികളില്‍ നിന്ന് പുറന്തള്ളുന്ന അത്യപകടകരമായ രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മതിയായ സംവിധാനം സംസ്ഥാനത്തില്ലെന്നും ഇക്കാര്യത്തില്‍ കേരളം പരാജയമാണെന്നും ബോധ്യപ്പെടുത്തുന്നു തിരുനെല്‍വേലി സംഭവം. നിര്‍വീര്യമാക്കാതെ എവിടെയെങ്കിലും തള്ളിയാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ആശുപത്രി മാലിന്യങ്ങള്‍. ഉറവിടങ്ങളില്‍ നിന്ന് തന്നെ തരംതിരിച്ച് നിര്‍വീര്യമാക്കി ഇവ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് ചട്ടം. നിര്‍വീര്യമാക്കാനുള്ള മാലിന്യം 48 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കരുതെന്നും 75 കിലോമീറ്റര്‍ ദൂരത്തിനപ്പുറത്തേക്ക് കൊണ്ടുപോകരുതെന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് കേരളത്തില്‍ നിന്നുള്ള വണ്ടികള്‍ ബയോമെട്രിക് മാലിന്യങ്ങളുമായി തിരുനെല്‍വേലിയിലെത്തി അവിടെ തള്ളിയത്.
സംസ്ഥാനത്ത് പല ആശുപത്രികള്‍ക്കും ബയോമെട്രിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സംവിധാനമില്ല. നഗരമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേന്ദ്രങ്ങളെ ആശ്രയിക്കുകയാണ് പലരും. ഇതിനിടെ തിരുവനന്തപുരത്തെ മുട്ടത്തറ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന്, ഓപറേഷന്‍ തിയേറ്ററില്‍ നിന്ന് മുറിച്ചു മാറ്റിയ മനുഷ്യന്റെ കാലുകള്‍ കണ്ടെത്തിയിരുന്നു. ജലാശയങ്ങളിലും നിരത്തുകളുടെ വശങ്ങളിലും തള്ളുന്ന മാലിന്യക്കൂമ്പാരത്തിലും ആശുപത്രി അവശിഷ്ടങ്ങള്‍ കാണപ്പെടാറുണ്ട്. ആശുപത്രി പരിസരത്തെ ജലാശയങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ വന്‍തോതിലുള്ള സാന്നിധ്യമുള്ളതായി സി ഡബ്ല്യു ആര്‍ ഡി എം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതാണ്. ആശുപത്രി മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ തള്ളുന്ന സംഭവങ്ങളും വിരളമല്ല. 2019ല്‍ പത്ത് ലോറി ആശുപത്രി മാലിന്യങ്ങള്‍ പാലക്കാട് നാഗശ്ശേരി പഞ്ചായത്തിലെ നാത്തൂരില്‍ തള്ളിയ സംഭവം വന്‍വിവാദമായിരുന്നു. ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ നിലപാടുകളിലേക്കും വീഴ്ചയിലേക്കുമാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികള്‍ക്ക് എന്തിനാണ് പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്നാണ് ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചത്.
തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെയും ഉള്ളൂര്‍ ക്രഡന്‍സ് ആശുപത്രിയിലെയും മാലിന്യങ്ങളാണ് തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചതെന്നാണ് പറയപ്പെടുന്നത്. ഐ എം എയുടെ സ്ഥാപനമായ പാലക്കാട്ടെ ഇമേജിനാണ് രണ്ട് ആശുപത്രികളും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നല്‍കുന്നത്. മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ആര്‍സി സിയിലെ രോഗികളുടെ ചികിത്സാ വിവരങ്ങളടങ്ങുന്ന രേഖകള്‍ കണ്ടുകിട്ടിയിരുന്നു. അതേസമയം തിരുനെല്‍വേലിയില്‍ മാലിന്യങ്ങള്‍ തള്ളിയ സംഭവത്തില്‍ ആര്‍ സി സിക്ക് ഒരു പങ്കുമില്ലെന്നും ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ ആശുപത്രി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.
തിരുനെല്‍വേലി മാലിന്യത്തെ കുറിച്ചന്വേഷിക്കാന്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഉവൈസിന്റെ നേതൃത്വത്തില്‍ നാലംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മാലിന്യം തള്ളിയ കുറ്റവാളികള്‍, അംഗീകൃത ഏജന്‍സികളുടെ പങ്കാളിത്തം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിലവിലെ സംവിധാനത്തിലെ പാളിച്ചകള്‍ തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുക. സമിതി ഒരാഴ്ചക്കുള്ളില്‍ തദ്ദേശ വകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം, ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കുകയും എല്ലാ ആശുപത്രികളും മാലിന്യങ്ങള്‍ നിയമാനുസൃതമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.