From the print
മണ്ണില്‍ പൊന്ന് വിളയിക്കാന്‍ തിരുവാതിര ഞാറ്റുവേലയെത്തി
കോരിച്ചൊരിയുന്ന മഴ. ഏത് തരത്തിലുള്ള തൈകളും ചെടികളും നടാനുള്ള സമയം.
കോഴിക്കോട് | തിരിമുറിയാതെ മഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേലക്ക് തുടക്കമായി. ഇത്തവണ ഞാറ്റുവേലയുടെ വരവിനൊപ്പം തരക്കേടില്ലാതെ മഴ ലഭിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായി. ചില വര്‍ഷങ്ങളില്‍ തിരുവാതിര ഞാറ്റുവേലക്കാലം കൊടും വേനലിന്റെ പ്രതീതിയോടെ കടന്നുപോയത് കര്‍ഷകരുടെ ഓര്‍മയിലുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി മഴ കനത്തു പെയ്തിരുന്നില്ല. എന്നാല്‍ ഞാറ്റുവേലക്കൊപ്പം മഴ പലയിടത്തും കോരിച്ചൊരിയുന്ന നിലയിലായി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത്തവണത്തെ ഞാറ്റുവേല ആരംഭിച്ചത്. മഴ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ സമയം നല്ല വെയിലാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം ശക്തിപ്രാപിച്ച കാലവര്‍ഷം ഒരാഴ്ച കൂടി തുടരുമെന്നതിനാല്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് സൂചന. ഇന്നലെ രാവിലെ മുതല്‍ ഉച്ച വരെ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ചില ഇടങ്ങളില്‍ കനത്ത മഴ ലഭിച്ചു. അടുത്ത മാസം ഏഴു വരെയാണ് ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല. ഇത്തവണ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അതനുസരിച്ച് മഴ കിട്ടിയിട്ടില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ പ്രകാരം ജില്ലയില്‍ ജൂണ്‍ ഒന്ന് മുതല്‍ 23 വരെ പെയ്ത മഴയില്‍ 44 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 43 ശതമാനം കുറവാണ് കാണുന്നത്. ജില്ലയില്‍ 669 മില്ലി മീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് 372.4 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. മറ്റ് ജില്ലകളിലും കുറഞ്ഞ മഴയാണ് ലഭിച്ചത്.
തിരുവാതിര ഞാറ്റുവേലയിലാണ് വിളവ് ഇറക്കുന്ന സമയം.ഏത് തരത്തിലുള്ള തൈകളും ചെടികളും നടാന്‍ പറ്റിയ സമയമാണിത്. വിത്തുകള്‍ വിതയ്ക്കാനും നടാനും പറിച്ചുമാറ്റി നടാനും പറ്റിയ സമയം. തെങ്ങ്, മാവ്, പ്ലാവ് മുതലായ ഫല വൃക്ഷത്തൈകളും ചെടികളും കുരുമുളക് മുതലായ കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചുവളരുമെന്നാണ് പറയുന്നത്.
അതേസമയം, ഞാറ്റുവേലയില്‍ മഴ കുറഞ്ഞത് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് പെരുവയലിലെ കര്‍ഷകനായ ജയപ്രകാശ് പറയുന്നു. ഇടവപ്പാതിക്കുശേഷം തിരുവാതിര ഞാറ്റുവേല തുടങ്ങുന്നതോടെയാണ് തെങ്ങിന് തടമെടുക്കുന്നതും വളമിടുന്നതുമെല്ലാം. മഴ കുറഞ്ഞത് കാരണം ഇത്തവണ വളമിടാന്‍ കര്‍ഷകര്‍ താത്പര്യമെടുത്തിരുന്നില്ല. ഇത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് സൂചന.
വരും ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. മലയോര മേഖലയില്‍ നേരത്തേ മഴ കുറഞ്ഞത് കുരുമുളക് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നവര്‍ മഴ ശക്തമായതില്‍ സന്തോഷിക്കുകയാണ്. ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ മലയോര കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നുമുണ്ട്.