titanium job case
ടൈറ്റാനിയം ജോലിതട്ടിപ്പ് കേസ്: ഏജന്റ് അറസ്റ്റില്‍
ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങി പ്രധാന പ്രതി ദിവ്യജ്യോതിക്ക് നല്‍കിയത് അഭിലാഷാണ്.
തിരുവനന്തപുരം | ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ഏജന്റ് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഏജന്റുമാരിലൊരാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കുര്യാത്തി സ്വദേശി അഭിലാഷ് ആണ് അറസ്റ്റിലായത്.
ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങി പ്രധാന പ്രതി ദിവ്യജ്യോതിക്ക് നല്‍കിയത് അഭിലാഷാണ്. ജോലിക്ക് വേണ്ടി ഇയാളും ദിവ്യജ്യോതിക്കും സംഘത്തിനും അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ജോലി ലഭിക്കാതായതോടെ ഉദ്യോഗാര്‍ഥികളെ തട്ടിപ്പുസംഘവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാകുകയായിരുന്നു.
29 പേരില്‍ നിന്നായി 1.85 കോടി തട്ടിയെടുത്തതിന്റെ രേഖകള്‍ മുഖ്യപ്രതി ദിവ്യജ്യോതി നായരുടെ ഡയറിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. തൊഴില്‍ തട്ടിപ്പ് കേസില്‍ ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് ടൈറ്റാനിയത്തില്‍ എത്തിച്ച് ഇന്റര്‍വ്യു നടത്തിയ ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ്, വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ തട്ടിപ്പ് കേസുകളില്‍ ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കം മറ്റു പ്രതികൾ ഒളിവിലാണ്.
ടൈറ്റാനിയത്തില്‍ ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയെന്നാണ് കേസുള്ളത്. പണം നല്‍കി ജോലി കിട്ടാതെ കബളിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാസം 75,000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റൻ്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 2018 ഡിസംബറില്‍ 10 ലക്ഷം വാങ്ങിയെന്നാണ് യുവതിയുടെ പരാതി.
പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പോലീസിനെ സമീപിച്ചത്. സമാനരീതിയിലുള്ള പരാതിയിലാണ് വെഞ്ഞാറമൂട് പോലീസും കേസെടുത്തിട്ടുള്ളത്. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.