Connect with us

waqf board chairman resignation

വഖ്ഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് ടി കെ ഹംസ; കാരണം പ്രായാധിക്യം

തനിക്ക് 86 വയസ്സാകുകയും ചെയ്തു. അതുകൊണ്ടാണ് സ്ഥാനം രാജിവെക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് ടി കെ ഹംസ. പ്രായാധിക്യമാണ് അദ്ദേഹം കാരണമായി പറയുന്നത്. വഖ്ഫ് മന്ത്രി വി അബ്ദുർറഹ്മാനുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അങ്ങനെ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും തുടർന്നാൽ വീണുപോകുമെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ടി കെ ഹംസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2020 ജനുവരി 10ന് പാർട്ടിയുടെ നിർദേശാനുസരണം പ്രത്യേക അവസരത്തിലാണ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. അന്ന് 82.5 വയസ്സായിരുന്നു പ്രായം. പാര്‍ട്ടി തീരുമാനം അനുസരിച്ച് 80 വയസ്സ് വരെയാണ് അംഗങ്ങൾക്ക് ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനാകുക. എന്നാൽ 85 വയസ്സ് വരെ ഇളവുണ്ട്.

വി എസ് അച്യുതാനന്ദൻ അങ്ങനെയാണ് മുഖ്യമന്ത്രിയായത്. അതുകൊണ്ടാണ് സ്ഥാനം ഏറ്റെടുത്തത്. ഇപ്പോൾ മൂന്ന് വർഷം പിന്നിട്ടു. തനിക്ക് 86 വയസ്സാകുകയും ചെയ്തു. ഇക്കാര്യം പാർട്ടിയെ അറിയിക്കുകയും സ്ഥാനമൊഴിയാൻ സമ്മതിക്കുകയുമായിരുന്നു. അതുകൊണ്ടാണ് സ്ഥാനം രാജിവെക്കുന്നത്. സ്ഥാനമൊഴിയാൻ പ്രത്യേക സമയമൊന്നും പാർട്ടി നിശ്ചയിച്ചിരുന്നില്ലെന്നും തൻ്റെ ഇഷ്ടപ്രകാരം രാജിവെക്കാമെന്നുമാണ് പറഞ്ഞിരുന്നത്.

രാജിക്കുള്ള സമയം ഇന്നാകാമെന്ന് താൻ നിശ്ചയിക്കുകയായിരുന്നു. ഇന്ന് അഞ്ച് മണിയാകുമ്പോള്‍ ഇക്കാര്യത്തിൽ തീരുമാനമാകും. ഇന്നത്തോട് കൂടി സ്ഥാനം തീര്‍ന്നുവെന്നും ടി കെ ഹംസ പറഞ്ഞു. ഇന്ന് വഖ്ഫ് ബോർഡ് യോഗം കോഴിക്കോട് ചേരുന്നുണ്ട്.