From the print
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹമാകുക: കാന്തപുരം
പ്ലാറ്റിനം ഇയര്‍ സമാപനം ഡിസംബറില്‍.
കോട്ടയം | ലോകം സാങ്കേതികമായി വികസിക്കുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ അധികരിക്കുന്നത് ദുഃഖകരമാണെന്നും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് നാം പുരോഗമന സമൂഹമായി മാറുന്നതെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത മതങ്ങളിലും വിശ്വാസങ്ങളിലുമുള്ളവര്‍ അധിവസിക്കുന്ന ബഹുസ്വര സമൂഹമാണ് നമ്മുടേത്. ഇവിടെ പരസ്പരവിദ്വേഷങ്ങള്‍ക്ക് ഇടം നല്‍കും വിധത്തിലുള്ള പ്രവൃത്തിയോ പ്രസ്താവനകളോ ഉണ്ടാകുന്നത് ഭൂഷണമല്ല. മതസമൂഹങ്ങളില്‍ നിന്ന് അതിരുവിട്ട പ്രവൃത്തികള്‍ ഉണ്ടാകുമ്പോള്‍ അതത് മതങ്ങളുടെ നേതൃത്വങ്ങള്‍ അവരെ തിരുത്തുകയും അപകടകരമായ അപരവിദ്വേഷം ഉണ്ടാക്കുന്നവരെ തള്ളിപ്പറയുകയും വേണം-അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥികളായി. രാവിലെ ഒമ്പതിന് ആരംഭിച്ച ഖുര്‍ആന്‍ സമ്മേളനം വിസ്മയങ്ങളുടെ വിശുദ്ധ വാതില്‍, കാലത്തിന്റെ മാര്‍ഗരേഖ, ഖുര്‍ആന്‍ ഭൗതിക വിശേഷണങ്ങള്‍, സ്ത്രീ ശാക്തീകരണം, സ്വാതന്ത്ര്യം; അവകാശങ്ങള്‍ക്ക് ഖുര്‍ആന്‍ കാവലിരിക്കുന്നു, പൂര്‍വ വേദങ്ങള്‍, പ്രവാചകന്മാര്‍, വിശുദ്ധ ഖുര്‍ആന്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍: ആഴം പാരമ്പര്യം, രീതി ശാസ്ത്രം ഖുര്‍ആന്‍ ഭാഷകളെ അതിജയിക്കുന്നു എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വിവിധ സെഷനുകള്‍ക്ക് ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അബ്ദുല്ല ബുഖാരി കൊണ്ടോട്ടി നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ റഫീഖ് അഹ്്മദ് സഖാഫി പതാക ഉയര്‍ത്തി.
എ ത്വാഹാ മുസ്ലിയാര്‍, എച്ച് ഇസ്സുദ്ദീന്‍ സഖാഫി, എം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, വി എച്ച് അലി ദാരിമി, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം, എ സൈഫുദ്ദീന്‍ ഹാജി, അശ്‌റഫ് ഹാജി പത്തനംതിട്ട, സുബൈര്‍ സഖാഫി തലയോലപ്പറമ്പ് പങ്കെടുത്തു.
സംസ്ഥാന ദഅ്വാ സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം എ ഷാജി നന്ദിയും പറഞ്ഞു. ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിച്ചുവരുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായുള്ള ഫ്രാക്്ഷന്‍ സമ്മേളനങ്ങളുടെ മൂന്നാം എഡിഷനായാണ് ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിച്ചത്. പ്ലാറ്റിനം ഇയറിന്റെ സമാപനം ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കും.