National
അഴിമതിക്കാരന്‍ എന്നു വിളിക്കുന്നത് അപകീര്‍ത്തി; ഹിമാചല്‍ പ്രദേശ് ഹൈക്കോടതി
ഒരു വ്യക്തിയെ ഇത്തരത്തില്‍ വിളിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടില്ലെന്ന് ജസ്റ്റിസ് രാകേഷ് കൈന്തല പറഞ്ഞു.

സിംല| ഒരു വ്യക്തിയെ അഴിമതിക്കാരന്‍ അല്ലെങ്കില്‍ അഴിമതിക്കാരി എന്നു വിളിക്കുന്നത് അപകീര്‍ത്തിയാണെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. ഒരു വ്യക്തിയെ ഇത്തരത്തില്‍ വിളിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടില്ലെന്ന് ജസ്റ്റിസ് രാകേഷ് കൈന്തല പറഞ്ഞു. പൊതുമധ്യത്തില്‍ വ്യക്തികളെ ഇകഴ്ത്തിക്കാണിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും കോടതി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജഗത് സിങ് നേഗി ബിജെപി നേതാവ് സൂരത് സിങ് നേഗിക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസിലാണ് ഹൈക്കോടതി പരാമര്‍ശം. അപകീര്‍ത്തി കേസ് വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. പിന്നീട് ഉത്തരവിനെതിരെ ജഗത് സിങ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ബിജെപി നേതാവ് സൂരത് സിങ് നേഗി വാര്‍ത്താ സമ്മേളനത്തില്‍ തന്നെ അഴിമതിക്കാരന്‍ എന്നു വിളിച്ചു. ഇത് അപകീര്‍ത്തികരമാണെന്നാണ് മന്ത്രി ഹരജിയില്‍ പറയുന്നത്. ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നേരത്തെ വിചാരണക്കോടതി ഹരജി തള്ളിയത്. എന്നാല്‍ വിമര്‍ശിക്കാരനുള്ള അവകാശം അപഹസിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള ലൈസന്‍സ് ആവരുതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ മന്ത്രി വ്യക്തമാക്കിയത്.