തെളിയോളം
ഉപദേശത്തിൽ ഉദ്ദേശിക്കേണ്ടതും ഉപേക്ഷിക്കേണ്ടതും
യുക്തിപരം എന്ന് ഒരു സന്ദർഭത്തിൽ തോന്നുന്ന പല കാര്യങ്ങൾക്കും നേർവിപരീത ഫലങ്ങളിലേക്ക് നയിച്ചേക്കാവുന്ന കൈവഴികൾ ഉണ്ടായേക്കാം.അറിവും വ്യക്തതയും ഇല്ലാത്തത് തുറന്നു സമ്മതിക്കുകയും അജ്ഞതയിൽ നിന്ന് രൂപപ്പെട്ടേക്കാവുന്ന അബദ്ധചിന്തകളെ അടിച്ചമർത്തി പക്വതയോടെ ഇടപെടുകയും ചെയ്യുക എന്നതാണ് ശരിയായ മേന്മയെന്ന് ഓർത്തുവെക്കുക.
അറിവുള്ളവരോട് അഭിപ്രായം ചോദിക്കുക എന്നത് നാം സ്വീകരിക്കാറുള്ള ഒരു പൊതു സമീപനമാണ്. എന്നാൽ അറിവുണ്ട് എന്ന് നിങ്ങൾ കരുതുന്ന ഒരാൾ പറയുന്നതെല്ലാം എല്ലായ്പോഴും യുക്തിപരവും സ്വീകാര്യവും ആവണമെന്നുമില്ല. എങ്കിൽപ്പോലും ചിലപ്പോൾ താത്കാലിക ആശ്വാസത്തിന് അങ്ങനെ ഒരു പ്രക്രിയ നാം നിർബന്ധപൂർവം ചെയ്യാറുമുണ്ട്. നമ്മുടെ ആവശ്യവും ആഗ്രഹങ്ങളും അനുസരിച്ച് ഇത്തരക്കാരിൽ നിന്ന് ലഭിക്കുന്ന “വിദഗ്ദ്ധ ഉപദേശങ്ങൾ’ അബദ്ധമോ നേർവിപരീതഫലം ഉണ്ടാക്കുന്നതോ ആയി പിന്നീട് നമുക്ക് ബോധ്യപ്പെട്ട സന്ദർഭങ്ങളും ഉണ്ടാകാം. പലപ്പോഴും തെറ്റാവുന്ന ഒരു തീരുമാനം സ്വന്തമല്ല എടുത്തത് എന്ന ന്യായത്തിനു വേണ്ടിയായിരിക്കും കൂടുതൽ പേരും വിദഗ്ദ്ധോപദേശങ്ങൾ തേടുന്നത്. മറ്റു ചിലർ തന്റെ തെറ്റായ ആശയം തെറ്റ് തന്നെയാണോ എന്ന് ഉറപ്പിക്കാനാകാം നമ്മോട് അഭിപ്രായം ആരായുന്നത്.
നിങ്ങൾക്ക് പുറത്തുള്ള എന്തിലും സാഹചര്യം വിശകലനം ചെയ്ത് നിങ്ങളുടെ യുക്തി പ്രയോഗിക്കാനും അഭിപ്രായപ്രകടനം നടത്താനും വളരെ എളുപ്പമാണ്. അപ്പപ്പോൾ കാണുന്ന കാര്യങ്ങൾക്ക് അനുസൃതമായി ആ സമയത്തെ യുക്തി മാത്രമാണ് താൻ ഉപയോഗിക്കുന്നത് എന്ന പൂർണ ബോധ്യം ഇത്തരം അഭിപ്രായപ്രകടനങ്ങളിൽ നാം വെച്ചുപുലർത്തേണ്ടതുണ്ട്. മറുവശത്തുള്ളയാൾ നാം പറയുന്നതെന്തും കേൾക്കാനും അന്ധമായി പിന്തുടരാനും സാധ്യയുള്ളതിനാൽ ഉത്തരവാദിത്തപൂർണമല്ലാത്ത പദക്കസർത്തായി ഇവ മാറാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങൾ നേരിടുമ്പോൾ ഇത്തരത്തിൽ യുക്തിപരമായ ആശയങ്ങളോ വ്യക്തതയുള്ള തീരുമാനങ്ങളിലേക്ക് നീങ്ങാനുള്ള മനസ്സുറപ്പോ നമുക്ക് ഉണ്ടാവാറില്ല എന്നത് ഒരു യാഥാർഥ്യമാണല്ലോ. താൻ ഇത്തരം സന്നിഗ്ദ്ധ ഘട്ടത്തിൽ എടുത്തേക്കാവുന്ന നിലപാട് എന്തായിരിക്കും എന്ന വിചാരത്തോടെ മറ്റുള്ളവർക്ക് വിദഗ്ദ്ധോപദേശം നൽകുന്നതാണ് കരണീയം.
അറിവ്, സാങ്കേതിക പരിജ്ഞാനം എന്നിവ ആവശ്യമുള്ള ഒരു അഭിപ്രായമോ ഉപദേശമോ തേടി ഒരാൾ സമീപിക്കുന്ന ഘട്ടത്തിൽ ആ സമയത്ത് ലഭിക്കുന്ന മേൽക്കോയ്മ ആസ്വദിച്ച് സ്വന്തം തോന്നലുകൾ അവതരിപ്പിക്കുന്നവരുണ്ട്. യുക്തിപരം എന്ന് ഒരു സന്ദർഭത്തിൽ തോന്നുന്ന പല കാര്യങ്ങൾക്കും നേർവിപരീത ഫലങ്ങളിലേക്ക് നയിച്ചേക്കാവുന്ന കൈവഴികൾ ഉണ്ടായേക്കാം. അറിവും വ്യക്തതയും ഇല്ലാത്തത് തുറന്നു സമ്മതിക്കുകയും അജ്ഞതയിൽ നിന്ന് രൂപപ്പെട്ടേക്കാവുന്ന അബദ്ധചിന്തകളെ അടിച്ചമർത്തി പക്വതയോടെ ഇടപെടുകയും ചെയ്യുക എന്നതാണ് ശരിയായ മേന്മയെന്ന് ഓർത്തുവെക്കുക.എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിൽ ഉറപ്പിച്ചായിരിക്കും അധികപേരും ഉപദേശങ്ങൾ തേടുന്നത്. താൻ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങൾ അവർ നിർദേശിക്കുമോ എന്ന പ്രതീക്ഷയിൽ അല്ലെങ്കിൽ താൻ ചെയ്യുന്നതിനോട് മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ ഒക്കെ ഉപദേശം തേടുന്നവരും ഉണ്ട്.
ഫാക്ടറിയിൽ വെച്ച് സർദാർജിയുടെ ഇടതുകൈ മുറിഞ്ഞ് രക്തം ചീറ്റുന്നത് കണ്ട സുഹൃത്ത് കാര്യമന്വേഷിച്ചപ്പോൾ മെഷീനിൽ തന്റെ കൈ കുടുങ്ങിയതാണെന്നു പറഞ്ഞു.
“ഓ!, ഇടതു കൈയ്ക്കായത് നന്നായി, വലതു കൈക്കാണ് ഇത് സംഭവിച്ചതെങ്കിൽ നിങ്ങൾക്ക് ഇതിലും മൂന്നിരട്ടി പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നേനെ’ എന്ന് സുഹൃത്ത് പ്രതികരിച്ചു. “അതിന് ഞാൻ തന്നെപ്പോലെ ഒരു വിഡ്ഢിയല്ല, എന്റെ വലതു കൈയാണ് ശരിക്കും അതിൽ കുടുങ്ങിയിരുന്നത്, പക്ഷെ പെട്ടെന്ന് തന്നെ ഞാൻ അത് പുറത്തെടുത്ത് ഇടതുകൈ അകത്തേക്ക് കൊടുത്തു’ എന്നതായിരുന്നു “അഭിമാനിയായ’ ആ സർദാർജിയുടെ മറുപടി. ഉപദേശം നൽകുന്നവരുടെയും കേൾക്കുന്നവരുടെയും മാനസിക നില വിളിച്ചു പറയുന്ന ഒരു സർദാർജിക്കഥയാണിത്. താൻ വലിയ ബുദ്ധിമാനാണ്, ജ്ഞാനിയാണ് എന്ന ഭാവത്തിൽ ഭീമാബദ്ധങ്ങൾ ഉപദേശിക്കുന്നവർ ഏറെയുണ്ട്. ഒരു സമയത്ത് നമുക്ക് ബുദ്ധിപരമെന്നും യുക്തിസഹമെന്നും തോന്നുന്ന പല കാര്യങ്ങളിലെയും വൈകല്യങ്ങൾ പുനരാലോചനയിൽ നിന്നോ പിന്നീട് വന്നു ചേരുന്ന അനുഭവഫലങ്ങളിൽ നിന്നോ വെളിപ്പെട്ടു കിട്ടിയ അനുഭവങ്ങൾ ഓർക്കുക.
താൻ വീണു കിടക്കുന്ന പടുകുഴി ജയസ്ഥാനമായി ധരിച്ചോ തനിക്കു സംഭവിച്ച അബദ്ധങ്ങൾ ധീരകർമമാക്കി ചിത്രീകരിച്ചോ ഉപദേശി ചമയുന്ന സ്വയം പ്രതിഫലനക്കാർ ഉണ്ട്. തനിക്ക് പ്രാപ്യമാകാത്ത ഒരു നേട്ടം മറ്റാർക്കും നേടാനാവില്ല എന്ന ഇടുങ്ങിയ ചിന്തയോടെ നിഷേധാത്മക നിലപാടുകൾ മുന്നോട്ടുവെച്ച് വളർച്ചാ മേഖലകളിലേക്ക് കുതിക്കുന്നവരുടെ നിശ്ചയദാർഢ്യം കെടുത്തുന്ന ശൈലിയായിരിക്കും ചിലർക്ക്. ദുരനുഭവങ്ങളുടെ കഥകൾ പൊലിപ്പിച്ചും പ്രതികൂലാവസ്ഥകളെ മാത്രം ഹൈലൈറ്റ് ചെയ്തും അവസരങ്ങളെ അപകടങ്ങളായി അവതരിപ്പിക്കുന്ന കാരണവർ മനോഭാവമുള്ളവരെയും കാണാം. അനുഭവസമ്പത്ത് അഭിപ്രായം പറയാനുള്ള യോഗ്യതയാണ് എന്ന് കരുതി തനിക്ക് സംഭവിച്ചതു തന്നെയാണ് എല്ലാവർക്കും സംഭവിക്കുക എന്ന തരത്തിൽ അപരന്റെ സാധ്യതകളെ തല്ലിക്കെടുത്തുന്നതും അപരാധം തന്നെയാണ്. സ്വന്തം ബലഹീനത മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുംവിധമുള്ള അപക്വ സമീപനങ്ങളെ തിരിച്ചറിയാതെ “അനുഭവസ്ഥരെ’ കേൾക്കാൻ ശ്രമിക്കരുത്.
“മരുന്നുകളെക്കുറിച്ചുള്ള മറ്റുള്ളവരുടെ ഉപദേശം കൂടിയാണ് ജലദോഷത്തെ കൂടുതൽ അരോചകമാക്കുന്നത്’ എന്നർഥം വരുന്ന ഒരു മഹത് വചനമുണ്ട്. ചില ഉപദേശങ്ങളെ കേവല കേൾവിയിൽ ഉപേക്ഷിക്കാനുള്ള കഴിവും ആർജിക്കേണ്ടതുണ്ടെന്നർഥം. നല്ല ഉപദേശത്തിൽ നിന്ന് പ്രയോജനം ലഭിക്കണമെങ്കിൽ അത് നൽകുന്നവനേക്കാൾ ജ്ഞാനം തേടുന്നവർക്ക് ആവശ്യമാണ്. ഉപദേശം കേവലമായ അഭിപ്രായപ്രകടനമാണ് എന്ന ബോധത്തോടെ എടുക്കുകയോ അവഗണിക്കുകയോ ചെയ്യാം. ഉപദേശം കൊണ്ട് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടേതാണ്. ശരിയോ തെറ്റോ അല്ലെങ്കിൽ തികഞ്ഞ വിഡ്ഢിത്തമോ ആയെന്നിരിക്കട്ടെ, ഉപദേശമനുസരിച്ചുള്ള നിങ്ങളുടെ സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കൂടി കഴിയുന്നിടത്താണ് അതിന്റെ യഥാർഥ ഫലപ്രാപ്തി കുടിയിരിക്കുന്നതെന്നുമറിയുക.