Articles
സംരക്ഷിക്കപ്പെടണം; കാടും നാടും
ഓരോ ജീവിയുടെയും അവകാശങ്ങളും പ്രകൃതിയുടെ താളവും മനുഷ്യന്റെ ശാസ്ത്രീയമായ നിലനില്‍പ്പുമൊക്കെ പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരള വന ഗവേഷണ കേന്ദ്രത്തിന്റെ ഒരു പഠനമനുസരിച്ച് വയനാട്ടിലെ 75 ശതമാനവും കൃഷിനാശം ഉണ്ടാക്കുന്നത് കാട്ടാനകളാണ്. കാട്ടുപന്നികള്‍ പത്ത് ശതമാനവും കാട്ടുപോത്തുകള്‍ ഒമ്പത് ശതമാനവും കൃഷി നശിപ്പിക്കുന്നതായാണ് പഠനം. അത് വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ മനുഷ്യന്റെ ആവാസവ്യവസ്ഥ കാടിനോട് കൂടുതല്‍ അടുത്തതോടെ മനുഷ്യരുടെ മരണവും കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ചില ജീവികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ വര്‍ധനയാണ് ഈ പ്രശ്നങ്ങളുടെയൊക്കെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത്തരത്തില്‍ ചില പ്രത്യേക ജീവികള്‍ പെരുകുന്നതും അവ കാടുവിട്ട് മറ്റു മേച്ചില്‍പുറങ്ങള്‍ തേടുന്നതും കാടിനു ചുറ്റും താമസിക്കുന്നവരില്‍ ഭീതി ഉണര്‍ത്തുന്നു.
കാട്ടാനകള്‍ നാട്ടിലിറങ്ങാന്‍ ധാരാളം കാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കടുത്ത ചൂടും മഴയുടെ ലഭ്യതയില്‍ ഉണ്ടായിരിക്കുന്ന മാറ്റവുമാണ് അതിലൊന്ന്. കൂടാതെ കാടിന്റെ വിസ്തൃതിയില്‍ ഉണ്ടായ നേരിയ കുറവ് ആവാസ വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വനത്തോട് ചേര്‍ന്നുകിടക്കുന്ന ഭൂമിയുടെ വിനിയോഗം ഏറെ പ്രധാനമാണ്. അവിടെയുള്ള കൃഷിവിളകളില്‍ ഉണ്ടായിരിക്കുന്ന മാറ്റം വന്യമൃഗങ്ങളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.
ആന വന്യമൃഗമാണ്
നമുക്കൊപ്പം നാട്ടില്‍ വളരുന്ന ജീവികളില്‍ കാണുന്ന സ്വഭാവവും കാടുകളില്‍ കാണപ്പെടുന്ന വന്യമൃഗങ്ങളുടെ സ്വഭാവവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. വളര്‍ത്തുമൃഗങ്ങള്‍ തന്നെ രണ്ട് തരമുണ്ട്. സ്വതവേ വളര്‍ത്തുമൃഗങ്ങള്‍ ആയവയും കാട്ടില്‍ നിന്ന് നാം മെരുക്കിയെടുത്ത് വളര്‍ത്തുമൃഗങ്ങള്‍ ആക്കിയവയും. ഇവ രണ്ടും നമുക്കൊപ്പം ജീവിക്കുമ്പോഴും, ഇവ രണ്ടും ഒരുപോലെ എപ്പോഴും പെരുമാറുമെന്ന് പറയാനാകില്ല.
മനുഷ്യന്‍ തങ്ങള്‍ക്ക് ആവശ്യമായ തരത്തില്‍ ജീവജാലങ്ങളെ തിരഞ്ഞെടുത്ത് വിവിധ തലമുറകളായി വളര്‍ത്തിയെടുക്കുന്ന പ്രക്രിയക്ക് ഗാര്‍ഹികവത്കരണമെന്നാണ് പറയുന്നത്. എന്നാല്‍, മെരുക്കിയെടുക്കുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ആനകളെയുള്‍പ്പെടെ മെരുക്കി നമ്മുടെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാക്കുന്നെങ്കിലും അവയുടെ ജനിതകമായ പ്രത്യേകതകള്‍ വന്യമൃഗത്തിന്റേത് മാത്രമായി അവശേഷിക്കുന്നു. ജനിതകമായ മാറ്റം സംഭവിക്കാത്തതിനാല്‍ തലമുറകള്‍ കഴിഞ്ഞാലും അവ അടിസ്ഥാനമായി വന്യജീവിയായിത്തന്നെ അവശേഷിക്കുന്നു. അതായത് നാം മെരുക്കിയെടുത്ത ജീവികള്‍ മെരുക്കത്തിലൂടെ തത്കാലം മനുഷ്യരോട് അനുസരണാശീലം കാണിക്കുമെങ്കിലും, അടുത്ത തലമുറ അതുപോലെ ആകണമെന്നില്ല എന്നര്‍ഥം. അവരെ വീണ്ടും മെരുക്കുക തന്നെ വേണം. മെരുക്കിയെടുത്തവര്‍ ആണെങ്കില്‍ തന്നെയും, അതിന്റെ ചിന്താഗതികള്‍ക്കനുസരിച്ച് ആ മെരുക്കം ഏത് സമയത്തും ഇല്ലാതാകുകയും ചെയ്യാം.
ഓരോ ജീവിക്കുമുണ്ട് അവകാശങ്ങള്‍
ഓരോ ചെറിയ ജീവിക്ക് പോലും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതോടൊപ്പം അവയുടെ സൈ്വര വിഹാരത്തെ തടസ്സപ്പെടുത്താന്‍ ഒരു മനുഷ്യനും അവകാശമില്ല. നാം നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കുന്നതുപോലെ, മറ്റുള്ള ഓരോ ജീവിയെയും അവരുടെ ഇഷ്ടത്തിനനുസരിച്ച്, അവരുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയാകും.
ആന അന്നുമിന്നും ഒരു വന്യജീവി മാത്രമാണ്. അതായത് കാറ്റിന്റെ പച്ചപ്പിലും ശീതളിമയിലുമാണ് അവയുടെ ജീവിതം അവര്‍ ചെലവഴിക്കേണ്ടത്. അവരുടെ പാരമ്പര്യവും ശാരീരിക അവസ്ഥകളുമൊക്കെ അതിനനുസരിച്ചാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അവിടെ നിന്ന് നാം പണ്ടുകാലത്ത് കൊണ്ടുവന്ന് കൂപ്പില്‍ പണിയെടുപ്പിച്ചതോടെ ആനയുടെ ശക്തിയും വലിപ്പവും നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താന്‍ ശ്രമം തുടങ്ങി. നമ്മുടെ കൈയിലെ ഉപകരണങ്ങള്‍ അവരില്‍ ഭയം ജനിപ്പിച്ചതോടെ അവര്‍ കീഴടങ്ങുകയാണുണ്ടായത്. ആ കീഴടങ്ങലില്‍ നിന്ന് തിരിച്ചുകയറാനുള്ള മനോബലം ആ ജീവിക്ക് ഉണ്ടാകാതെ പോയി.
അരിക്കൊമ്പന്റെ കാര്യം തന്നെയെടുക്കാം. അവന്‍ എന്തിനാണ് നാട്ടിലേക്ക് വരികയും കടകള്‍ നശിപ്പിക്കുകയും ചെയ്തത്? മനുഷ്യന്റെ ജീവിതത്തിന് ഭീഷണിയാകുന്ന ഒന്നും പ്രോത്സാഹിപ്പിക്കേണ്ടതില്ല. മനുഷ്യന്റെ വികാരവും ജീവനും തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്. എന്നാല്‍, അരിക്കൊമ്പന്റെ ആക്രമണത്തിനു കാരണം മനുഷ്യന്റെ കൂടി ഇടപെടലായിരുന്നില്ലേ? കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പോലും പലവിധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവയുടെ ജീവിതം നാം അട്ടിമറിക്കുകയല്ലേ ചെയ്യുന്നത്. അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രകാശ മലിനീകരണം കാട്ടിലെ ജീവികളുടെ ജൈവ ഘടികാരത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നാം വായിച്ചറിഞ്ഞിരുന്നു. പകലും രാത്രിയും ഓരോ ജീവിയുടെയും ശരീരത്തില്‍ ഒരു ദിവസം നീളുന്ന ഒരു ക്ലോക്ക് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ഇന്നത്തെ ജീവിതം നോക്കൂ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. രാത്രിസമയങ്ങള്‍ പോലും വെളിച്ചത്തിന്റെ ആധിക്യത്തില്‍ പകല്‍പോലെ അവശേഷിക്കുകയാണല്ലോ. രണ്ടോ മൂന്നോ ദിവസം ഒരുപോള കണ്ണടക്കാതിരുന്നാല്‍ എന്താണ് നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്? അതുതന്നെയാണ് കാട്ടിലെയും നാട്ടിലെയും മറ്റു ജീവികളിലും സംഭവിക്കുന്നത്. അത്തരത്തില്‍ മനോനില തന്നെ തെറ്റുന്ന തരത്തിലാകുന്ന ജീവികള്‍ നാട്ടിലിറങ്ങിയെന്നുവരാം. കൂടാതെ കാട്ടിലെ ജീവികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതും അതിനനുസരിച്ച് കാടിന്റെ വിസ്തൃതി കൂടാതെ വരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
മനുഷ്യന്റെ ഇടപെടലുകള്‍
സഹജീവികളോടുള്ള മനുഷ്യന്റെ ഉപദ്രവങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആനകളോടുള്ള ഉപദ്രവങ്ങള്‍ അതിര് കടക്കുമ്പോളാണ് അവര്‍ പലപ്പോഴും പ്രതികരിക്കാറുള്ളത്. നല്ല ചൂടുള്ള സമയങ്ങളില്‍ ആനകളെ ചുട്ടുപഴുത്ത റോഡിലൂടെ നടത്തിക്കൊണ്ടുപോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അന്തരീക്ഷത്തിലെ കാലാവസ്ഥാമാറ്റങ്ങള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് മറ്റു ജീവികളെയാണ്. ചുട്ടുപഴുത്ത റോഡിലൂടെ നടന്നുപോകുന്ന ആനകള്‍ എത്രമാത്രം ചൂട് സഹിക്കുന്നുണ്ടാകും! ലോറിയില്‍ കയറ്റി റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ നിലതെറ്റാതിരിക്കാന്‍ എത്ര പാടുപെടുന്നുണ്ടാകും.
തമിഴ്‌നാട്ടില്‍ നിന്ന് പശുക്കളെയും കാളകളെയും മാംസാവശ്യത്തിന് കൊണ്ടുവരുന്നത് നാം കാണാറുണ്ട്. ഉറങ്ങി അവ താഴെ കിടക്കാതിരിക്കാന്‍ അവയുടെ കണ്ണില്‍ പച്ചമുളക് തേക്കുമത്രെ. വേദനകൊണ്ട് അവ ഉറങ്ങുകയില്ലല്ലോ. ഇത്തരം അങ്ങേയറ്റം ക്രൂരമായ പ്രവൃത്തികളാണ് പലപ്പോഴും നാം മറ്റു ജീവികളോട് ചെയ്യാറുള്ളത്. കുറച്ചുനാള്‍ മുമ്പ് ഒരു നായയെ കാറിന്റെ പിറകില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയത് വാര്‍ത്തയായിരുന്നു.
ഓരോ ജീവിയുടെയും അവകാശങ്ങളും പ്രകൃതിയുടെ താളവും മനുഷ്യന്റെ ശാസ്ത്രീയമായ നിലനില്‍പ്പുമൊക്കെ പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതിലൂടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.